Pages

Saturday, April 18, 2015

മതങ്ങളുടെ ഉദ്ഭവവും ഹൈന്ദവ ഗ്രന്ഥങ്ങളും

ഭൌതിക ശാസ്ത്രം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി എത്തിയ നിഗമനങ്ങളിലും സിദ്ധാന്തങ്ങളിലും അധിഷ്ടിതമായിരിക്കുന്ന പോലെ ആത്മീയതയേയും അറിവായി തന്നെ കണക്കാക്കേണ്ടതുണ്ട്. എങ്കിലെ മതങ്ങളുടെ തത്വശാസ്ത്രങ്ങളെ മനസ്സിലാക്കാന്‍ സാധിക്കൂ. എല്ലാ മതങ്ങളുടെയും ഉദ്ഭവ കഥകളിലേക്ക് പോകുമ്പോള്‍ ആത്യന്തികമായി മനുഷ്യ നന്മ തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന് കാണാം. 

ദിനചര്യകളിലെ അച്ചടക്കവും, ഭക്ഷണ ക്രമീകരണങ്ങളും, പ്രകൃതി ശക്തികളെ ആരാധിക്കലും എല്ലാമായിരുന്നു തുടക്കം. അറിവില്ലായ്മയുടെ ഒരു പാതിയെ ഏതോ അതീന്ദ്രിയ ശക്തിയില്‍ ആരോപിക്കലായിരുന്നു ആദിമ മതങ്ങളൊക്കെ. അപ്പോഴൊക്കെ ജീവിതത്തെ തന്നെ സത്യാന്വേഷണമാക്കിയവരുടെ വെളിപ്പെടുത്തലുകളെ അനുസരിക്കുകയും പ്രപഞ്ച ശക്തിയെ തിരിച്ചറിഞ്ഞവരുടെ പാത പിന്തുടരുകയും ആയിരുന്നു ഭൂരിപക്ഷം. ബ്രാഹ്മണരെന്നും ബ്രഹ്മത്തെ അറിഞ്ഞവരെന്നുമൊക്കെ നമ്മളവരെ വിളിച്ചു.

വ്യക്തതയില്ലാത്ത ക്രോഡീകരിക്കപ്പെടാതെ ചിതറിക്കിടന്ന അറിവുകളെ ശേഖരിച്ച്, ഏകോപിപ്പിച്ച്,  സംസാര ദുഖത്തിലലഞ്ഞവര്‍ക്കായി സൂക്ഷിച്ചുവയ്ക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തത്വശാസ്ത്ര ശാഖയായി വളര്‍ന്നു് വന്നത്. അത് പിന്നീട് മതങ്ങളുടെ അടിത്തറയുമായി. അവയെ നാശമില്ലാതെ സൂക്ഷിച്ചു വയ്ക്കാനുള്ള സംവിധാനമായ അക്ഷരങ്ങളിലൂടെ നമ്മള്‍ സമ്പാദ്യമാക്കി. അകവും പുറവും ബോധത്തിലൂടെ വേര്‍തിരിച്ചറിഞ്ഞവര്‍ മുനികളെന്ന് വിളിക്കപ്പെട്ടു. മൌനം ഭഞ്ജിച്ച് അവര്‍ അടുത്ത തലമുറകളിലേക്ക് തിരിച്ചറിവുകള്‍ പകര്ന്നു. 

സാമാന്യ ബോധം ഏകീകൃത ബോധത്തിലേക്കും പൊതുബോധത്തിലേക്കും  വളരുകയായിരുന്നു. അറിവുകളെ പകരാനും പ്രചരിപ്പിക്കാനും തുടങ്ങിയതോടെ കൂടുതല്‍ പേരിലേക്ക് ആ ബോധം പടര്‍ന്നു. യുക്തി തന്നെ ആയിരുന്നു ആ കണ്ടെത്തലുകളിലേക്ക് നമ്മുടെ പൂര്‍വികരെ നയിച്ചത്. പിന്നീടെപ്പോഴെ വിശ്വാസം പിന്തുടര്‍ച്ചകളായി മാറി. അതും കഴിഞ്ഞ് ആചാരങ്ങളിള്‍ മാത്രമായി ഒതുങ്ങി. സെമിറ്റിക് മതങ്ങളിള്‍ നിന്നും വ്യത്യസ്തമായി നാസ്തിക ആസ്തിക വാദങ്ങളൊന്നിക്കുന്ന ഹിന്ദു മതത്തിന്റെയും അവസ്ഥ വ്യത്യസ്തമല്ല. ഹിന്ദുത്വത്തെ മതം എന്നതിലുപരി ഒരു സംസ്കാരം എന്ന് വിശേഷിപ്പിക്കുന്നതാവും ഉത്തമം. ഒരാളിലൂടെ അല്ല, ഒട്ടേറെ ആളുകളുടെ ശുദ്ധബോധത്തില്‍ അടിഞ്ഞ സനാതനമായ അറിവുകളാണ് അതിന്റെ അടിസ്ഥാനം. ഹൈന്ദവത എന്നത് മനുഷ്യനും സര്‍വ്വ ചരാചങ്ങളും ഉള്‍ക്കൊള്ളുന്ന ബോധമാണ് . ഹിന്ദുസംസ്കാരത്തിന്റെ അറിവുകളെ ഉദ്ഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചാല്‍ വേദങ്ങളിലാവും തുടങ്ങുക. സ്വാര്‍ത്ഥയില്ലാതെ പരമ സത്യത്തെ പേരുകള്‍ പോലും ഇല്ലാതെ പകര്‍ന്ന  ആത്മാക്കളെ ധ്യാനിച്ച് വേദങ്ങളിലൂടെ ഭഗവത് ഗീതയിലെത്തുന്ന ഹൈന്ദവ ആത്മീയ ജ്ഞാന ഉറവിടങ്ങളെ തിരിച്ചറിയാം.

വേദങ്ങള്‍ (ശ്രുതി)
--------------------
1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം

ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
-----------------------------------------------------------------
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം

ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
-------------------------------------------------------------------
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്

വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
--------------------------------------------------------------------------
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,
-------------------------------------------------------
യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം,b.അര്‍ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
-----------------------
ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്ദശോപനിഷത്തുക്കള്‍-
--------------------------------------------
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്‍ശനങ്ങൾ
----------------------
1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)
-----------------------
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.)
പുരാണങ്ങള്‍
-----------------------
അഷ്ടാദശപുരാണങ്ങൾ

---------------------------
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------
രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------
മഹാഭാരതത്തിന് 18പര്‍വ്വങ്ങള്‍ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം
ശ്രീമദ് ഭഗവത് ഗീത
-----------------------------
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം, 7-12ഭക്തിയോഗം, 13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്
ആരാണ് ഹിന്ദു..?
  1. ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.
  2. "ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..
  3. അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..
  4. ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..
  5. മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..
  6. ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...
  7. എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രേഷ്ഠം എന്നും, എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...
  8. കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മനസ്സുള്ളവന്‍ ഹിന്ദു.....
  9. ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...
  10. "എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാര്‍ത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാര്‍ത്ഥിക്കുന്നവന­്‍ ഹിന്ദു...
  11. സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ ആണെന്നും അത് സ്വകര്‍മഫലം അനുഭവിക്കല്‍ ആണെന്നും അറിയുന്നവന്‍ ഹിന്ദു...
  12.  ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാന്‍ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവന്‍ ഹിന്ദു...
  13. 2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാന്‍ ശ്രമിചിട്ടുള്ളവന്‍ ഹിന്ദു...
  14. സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു..
  15. ഈശ്വര വിശ്വാസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയര്‍ത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രെമിക്കുന്നവന്‍ ഹിന്ദു...
  16. "മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തില്‍ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവന്‍­ ഹിന്ദു...
  17. മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവന്‍ ഹിന്ദു..
പഠിക്കാം നമുക്ക് നമ്മുടെ സംസ്കാരത്തെ. അറിയാം, അതിന്റെ മഹത്വമെന്തെന്ന്. കലയും കലാകാരനുമെല്ലാം ആ ആദിമവും ആത്യന്തികവുമായ സത്യാന്വേഷണത്തിലേക്കുള്ള വഴികാട്ടികളായി എന്നുമുണ്ടാവും. ലോകാ സമസ്താം സുഖിനോ ഭവന്തു

Monday, April 13, 2015

Selfie, There is a light at the end of the tunnel

തിരിഞ്ഞുനോക്കാതെ മുന്നേറുക ലക്ഷ്യമാക്കാം. 
അവഗണിക്കാം നമുക്ക് അതര്‍ഹിക്കുന്നവരെ. 
മനസ്സാല്‍ പോലും കൂടെ നില്‍ക്കാത്തവരെ ഓര്‍ക്കാതിരിക്കാം. 
പേടിപ്പെടുത്തുന്ന സ്വാര്‍ത്ഥതയുമായി അവര്‍ അലഞ്ഞുതിരിയട്ടെ. 
നാലുമുഴം കയറിലും ഒരുമുഴം കോടാലിയിലും ഒടുങ്ങുന്ന ദു:സ്വപ്നമെത്തുംവരെ നില്‍ക്കുന്നിടത്ത് ആഴ്ന്നിറങ്ങുന്നതും 
തണലേകുന്നതും സ്വപ്നം കാണാം.
ആത്മാര്‍ത്ഥമായി ചിരിക്കുന്ന മുഖങ്ങളും,
മനസ്സുതുറക്കുന്ന നല്ലവരെയും ഹൃദയത്തിലെടുത്ത്-
ഇനിയും മുന്നോട്ടുപോകാം. 
ഒരിക്കലെല്ലാവരും നന്മയിലേക്കെത്തുന്ന നല്ല നാളെയ്ക്കായ് പ്രതീക്ഷിക്കാം. 
 ജീവിച്ച് മരിക്കുന്നതിന് എന്തര്‍ത്ഥമെന്നോര്‍ത്ത് തത്വശാസ്ത്രങ്ങള്‍ തിരയാതെ-
വിരക്തിയുടെ കയങ്ങളിള്‍ മുങ്ങിച്ചത്ത് വര്‍ത്തമാനം മറക്കാതെ,
കലങ്ങിയ കണ്ണുകളിലെ ഉള്‍ക്കയങ്ങളില്‍ കാര്യമറിയാതെ- 
ഇനിയും നമുക്ക് മുന്നേറാം. 
ഒടുവില്‍ ഓര്‍ക്കാം- 
എല്ലാ ഇരുണ്ട പാതകള്‍ക്കും അപ്പുറം ഒരു പ്രകാശ നാളമുണ്ടെന്ന്.
'There is a light at the end of the tunnel' !

Friday, April 10, 2015

The Origin of Writing ! എഴുത്തിന്‍റെ തുടക്കം !

      രാഗ ആലാപനത്തിനൊടുവിലെത്തുമ്പോള്‍ തുടക്കത്തിലേക്ക് വീണ്ടുമൊരിറക്കമുണ്ട്. പല്ലവിയിലേക്ക്, അനുപല്ലവി വഴി ചരണത്തിലേക്ക്.

     എന്തെന്നറിയില്ല, വെറുതെ അങ്ങനെ ശബ്ദബ്രഹ്മത്തില്‍ ലയിച്ചിരിക്കാനായിരുന്നു എപ്പോഴും എനിക്കിഷ്ടം. പക്ഷെ, ആരും അതിനെ മാത്രമായി ഇഷ്ടപ്പെട്ടിരുന്നില്ല. സാഹിത്യവും സ്വരപ്രയോഗങ്ങളും പിന്നെ പാണ്ഡിത്യം ഊട്ടിയിറപ്പിച്ചുള്ള താനവും പല്ലവിയും... അതായിരുന്നു കീഴ്‍വഴക്കം. അല്ല അതുതന്നെയാണ് കച്ചേരി. അതിനെയാണ് സംഗീതത്തിലെ ശാസ്ത്രീയതയെന്ന് കണക്കാക്കിയിരുന്നതും.

     ആവശ്യങ്ങളും മാനദണ്ഡങ്ങളും ഏറെയാണ് നല്ലൊരു ഭാഗവതരിലേക്കുള്ള  വളര്‍ച്ചയ്ക്ക്. പോട്ടെ, ഒരിക്കലാഗ്രഹിച്ചെങ്കിലും ലയമില്ലാതെ എന്‍റെ ജീവിതം പോലെ എന്നിലെ പാട്ടും എവിടേക്കോ പരന്നൊഴുകി. ലളിതമാക്കിയും കാണാതെ പഠിച്ചും ചിലയിടത്തൊക്കെ ആളാവാതിരിക്കാന്‍ എനിക്കും കഴിഞ്ഞിരുന്നില്ല. അതെ, ഞാനും മികച്ച ഗായകനായി എന്റെ കലാലയത്തിലും പേരെടുത്തു. 

      ഉള്ളുപൊള്ളയായ പാത്രവുമായി ഒച്ചവെയ്ക്കുമ്പോഴൊക്കെ വല്ലാത്ത ശ്വാസം മുട്ടലായി. പിന്നെ എങ്ങനെയും പഠിക്കണമെന്ന വാശിയായി. കാലം ഉള്ളിലേക്കിട്ട പലതിനൊപ്പം എനിക്കേറെ പ്രിയം സംഗീതത്തോടുതന്നെ ആയിരുന്നു. ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന ശുദ്ധമായ ശ്രുതിബദ്ധ ശബ്ദവിന്യാസങ്ങളിലൂടെ ഏകാന്തയാത്ര നടത്താനിറങ്ങിത്തുടങ്ങിയത് അതുകൊണ്ടാണ്. ഇതൊക്കെ ആരോട് പറയാന്‍.. മനസ്സിലാക്കുന്നവര്‍ ചുറ്റുമില്ലാതെ വന്നപ്പോഴാണ്, എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങിയത്. അതിലൂടെ ആണ് വായിച്ചുതുടങ്ങിയത്. അപ്പോഴാണ് സത്യത്തില്‍ ആരൊക്കെയോ എന്റെ വഴികളിലൂടെ നേരത്തെയും ഇപ്പോഴും നടന്നിരുന്നുവെന്നും നടക്കാറുണ്ടെന്നും തോന്നിയത്. 

       ഇവിടെ ഇനിയിപ്പോള്‍ എന്താണ് എനിക്ക് ചെയ്യാനുള്ളത്. പറയുക. അറിഞ്ഞ, അനുഭവിച്ച കാര്യങ്ങള്‍ പകര്‍ത്തുക. എഴുത്ത് തുടരുകയാണ്. ആദിയിലേക്കും അനന്തതയിലേക്കും. 

ശബ്ദമൊതുക്കി ഉള്ളിലെവിടെയോ ആരൊക്കെയോ എന്തൊക്കെയോ പറയുന്നു. മടങ്ങിയെത്താനാവാത്ത ലോകവും മരിക്കാത്ത ഓര്‍മ്മകളും അറിയാത്ത നാളെയുമെല്ലാം എനിക്ക് എഴുത്തുകളാവുന്നു. തിരക്കിനിടയില്‍ തിരിഞ്ഞുനടക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളുടെ കുത്തൊഴുക്ക്. അറിയാത്ത വികാരവുമായ് പകച്ചുനില്‍ക്കുമ്പോള്‍ വരമൊഴികളായി കാലമിറങ്ങുന്നു. ചിലതെല്ലാം സുഖമുള്ള ഓര്‍മ്മച്ചിത്രങ്ങളാകുന്നു. മറ്റുചിലത് രൂപംവെയ്ക്കാത്ത ചിന്തകളും.
   
    നഷ്ടങ്ങള്‍, നേട്ടങ്ങള്‍, രാത്രികള്‍, പകലുകള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, കുറെ ദ്വന്ത പ്രതീകങ്ങള്‍ ജീവിതവുമായി ഇഴുകിച്ചേരുന്നു. വെള്ളച്ചാട്ടത്തെ ക്യാന്‍വാസിലാക്കി നിശ്ചലമാക്കുന്ന ചിത്രകാരന്‍റെ കരവിരുതാണ് കല. അഭൗമനാദത്തിന് ജീവന്‍നല്‍കി അലൗകീക സുഖം പകരുന്ന സംഗീതഞ്ജന്‍റെ സാധനയാണ് 'കല'. അനേകായിരം ആത്മാക്കളുടെ അനന്തമായ ധ്യാനങ്ങള്‍ക്കൊടുവില്‍ ആരും കാണാത്ത എളുപ്പംകിട്ടാത്ത അമൃതുമായി ഒരാള്‍ ജനിക്കുന്നു. മുമ്പേ നടന്നവരിലാരോ അവനൊരു പേരിട്ടു, 'കലാകാരന്‍'. 

   കാഴ്ചക്കാര്‍ക്കിടയില്‍ കലയും കലാകാരനും എന്നും മഹത്വമുള്ളതായി തുടരുന്നു. അഴുക്കുപുരളാത്ത സര്‍ഗ്ഗപ്രപഞ്ചത്തിലേക്ക് ഞാന്‍ ആരെയും കൂട്ടാതെ ഇറങ്ങിനടക്കുന്നു.... 'കലയും കലാകാരനും' ഇവിടെ എനിക്ക് വേറിട്ടലോകം തുറക്കുന്നു. അതെ എഴുത്ത് തുടരുകയാണ് , നാട്ടിലൂടെ നഗരങ്ങളിലൂടെ, ബാല്യകൗമാരയൗവനങ്ങളിലൂടെ....!