അതിരാവിലെ അരണ്ട നിലാവില്‍ കുറെ ദൂരം നടന്ന്, പുഴയിലിറങ്ങി ഏറെ നേരം കിടന്നു. മുങ്ങി നിവര്‍ന്നപ്പോള്‍ ദേഹവും മനസ്സും വല്ലാണ്ട് തണുത്തിരുന്നു. പുഴയുടെ നേര്‍ത്ത സ്പര്‍ശവും അകത്ത് ആര്‍ത്തിരമ്പുന്ന ചീവീടിന്‍റെ കരച്ചിലും അറിഞ്ഞ് പിന്നെയും കുറെ നേരം മുങ്ങിക്കിടന്നു. നഗ്നപാദനായ് ഭൂമിയുടെ തണുപ്പറിഞ്ഞ് നടക്കുമ്പോള് ചെറുകിളികള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സാധകം തുടങ്ങി. ഒഴിഞ്ഞ കരകളെ നോക്കി സുര്യന്‍ മന്ദം മന്ദം ഭൂമിയിലാകെ പടര്‍ന്നപ്പോള്‍ ലോകം ഉണരാന്‍ തുടങ്ങിയിരുന്നു. വയലേലകളിലെ കുളിര്‍കാറ്റും, തൊടിയിലെ പച്ചപ്പും കണ്ട് വെറുതെ അങ്ങനെ നിന്നു. ജീവിതനദിയുടെ ഒഴുക്കിലൂടെ പോവുമ്പോള്‍ കാലത്തെ മറന്നു പോയപ്പോള്‍ വാക്കുകളുടെ ശക്തിയറിഞ്ഞു. എഴുത്തും വായനയും നിര്‍ത്തി ഞാന്‍ ഓര്മ്മകളിലേക്ക് മുങ്ങി. അവിടെ ബാല്യവും കൌമാരവും കൂട്ടുകാരും ഇറങ്ങിവന്നു. ജനിമൃതികളുടെ ഇടയിലെ നിസ്സാരതയിലേക്ക് ഞാന്‍ തിരിഞ്ഞു നടന്നു. സുഖം നഷ്ടപ്പെടുത്താതെ വായന തുടര്‍ന്നു. ഒരേ നദിയില്‍ നിങ്ങള്‍ക്ക് രണ്ടു തവണ ഇറങ്ങാനാവില്ലെന്ന ഹെറാക്ലിറ്റസിന്‍റെ വാചകത്തിലൂടെ സെന്‍ കവിയുടെ വാക്കുകളിലേക്ക് ഒഴുകി.
'ശാന്തമായിരിക്കുക,
ഒന്നും ചെയ്യാതെ വസന്തം വരുന്നു,
പുല്ല് താനേ വളരുന്നു.
ജലം മുന്നിലിതാ
ജലം പിന്നിലിതാ,
ഇപ്പോഴും എപ്പോഴും ഒഴുകുന്നു....
ഓരോന്നിനെയും പിന്‍ തുടര്‍ന്നേ പോകൂ...ഒഴുകൂ...ഒഴുകൂ...'
പുഴയിലെ വെള്ളം കടലിന്നും അപ്പുറം അതിന്‍റെ വഴി കണ്ടുപിടിക്കും എന്നോര്‍ത്തപ്പോള്‍ പ്രപഞ്ച സംവിധാനത്തോട് പറഞ്ഞറിയിക്കാനാവാത്ത കൃതഞ്ജത തോന്നി. കാല്‍പനികതയില്‍ അങ്ങനെ പറക്കുമ്പോള്‍ വാതിലില്‍ ആരോ തട്ടി. ഇന്നേക്ക് വിട... എഴുത്തിന്‍റെയും വായനയുടെയും ലോകം മുറിഞ്ഞു. ഇതാണ് ശരാശരി ജീവിതത്തിന്‍റെ ബാക്കിപത്രം. പുഴയിലെ സ്വകാര്യങ്ങള്‍ക്ക് ഉള്ളിന്‍റെ ഉള്ളില്‍ വീണ്ടും ഒരിടമിട്ട് ഇന്നേക്ക് വിട....!