Pages

Friday, September 17, 2010

ചെറുകഥ- ഒരു പൂ വിരിയുന്നത് ആര്‍ക്കുവേണ്ടി...

അണിഞ്ഞൊരുങ്ങി മകള്‍ സ്കൂളിലേക്ക് തിരിക്കുമ്പോള്‍ ജയചന്ദ്രന്‍ മനസ്സിലോര്‍ത്തു...എത്ര സുന്ദരിയാണ് അവള്‍. രാവിന്‍റെ പുതപ്പ് മെല്ലെ മാറിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അടുത്ത് അമ്പലത്തില്‍ ഉഷപ്പൂജയ്ക്ക് മണിമുഴങ്ങുമ്പോള്‍ പൂക്കടയില്‍ ഭാര്യ തനിച്ചാണെന്ന ബോധം വന്നു. കാലുകള്‍ നീട്ടിവെച്ച് നടക്കുമ്പോള്‍ കാവിലമ്മയുടെ ജപനാമങ്ങള്‍ അയാള്‍ ഉരുവിട്ടു. ഏറെ നാളത്തെ കുളിച്ചു തൊഴലുകളുടെയും നേര്‍ച്ച വഴിപാടുകളുടെയും ഫലം ആണ് ലക്ഷ്മി. നാല്‍പ്പത്തെട്ടാം വയസ്സില്‍ ഒരു മകള്‍ ജനിക്കുന്നു. മക്കള്‍ ഇല്ലാത്ത ദുഖത്തിന് കാവിലമ്മയുടെ അനുഗ്രഹം. കാലത്ത് ട്യൂഷന് പുറപ്പെടും മുമ്പ് ലക്ഷ്മിക്കുള്ള പതിവ് മുല്ലപ്പൂ ചൂടിക്കൊടുക്കാനായി പോയതായിരുന്നു ജയചന്ദ്രന്‍.

കടയില്‍ പൂക്കള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് കൂടുതല്‍ ആയിരുന്നു. പൂക്കള്‍ തെറുക്കുകയും മാല വില്ക്കുകയും ഒരേസമയം പ്രയാസം എങ്കിലും സുമത്തിന് അത് ശീലം ആയിരുന്നു. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന അവള്‍ ജയചന്ദ്രനെ വിവാഹം ചെയ്തതു തന്നെ അയാളുടെ ഭക്തി കണ്ടിട്ടാണ്. ആ ശുദ്ധഹൃദയനെ സ്വന്തമാക്കാന്‍ വീട്ടുകാരെ പോലും അവര്‍ ഉപേക്ഷിച്ചു. ജയചന്ദ്രന്‍റെ വരവോടെ കടയിലെ തിരക്ക് അല്പം കുറഞ്ഞു. മുല്ലപ്പൂക്കളുടെ ഗന്ധവും തുളസിക്കതിരിന്‍റെ നൈര്‍മ്മല്യവും നിറഞ്ഞൊരു പ്രാഭാതം കൂടി ആ പൂക്കടയില്‍ അവര്‍ പങ്കുവെച്ചു.

പൂക്കളും മൂന്ന് പേര്‍ അടങ്ങുന്ന കുടുംബവും ആയിരുന്നു അവരുടെ ലോകം. അനാഥ ബാല്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകളെ പൂക്കളോട് കൂട്ടുചേര്‍ന്നാണ് ജയചന്ദ്രന്‍ മാറ്റിയത്. പിന്നീടത് ജീവിത മാര്‍ഗ്ഗവും ആയി. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ സുഗന്ധം പരത്തുന്ന പൂക്കള്‍ക്കിടയില്‍ നിമഞ്ജനം ചെയ്യുകയായിരുന്നു അയാള്‍. അയാള്‍ അറിയാതെ അയാളെ പിന്തുടര്‍ന്നവള്‍ക്കും പൂക്കളുടെ പേരായിരുന്നു. പൂക്കള്‍ തന്ന ഐശ്വര്യത്തിനെ അവര്‍ ലക്ഷ്മിയെന്നാണ് വിളിച്ചത്.

ആകെ സമ്പാദ്യം ആയ പത്ത് സെന്‍റും ചെറുവീടും നോക്കി ജയചന്ദ്രനും കാണുന്നുണ്ടായിരുന്നു വലിയ സ്വപ്നങ്ങള്‍. ചെറുമുറ്റത്ത് പൂന്തോട്ടത്തിലെ മുല്ലയും പിച്ചിയും റോസും നിറച്ച ഗന്ധത്തില്‍ അതിരില്ലാത്ത മത്ത് പിടിപ്പിക്കുന്ന സ്വപ്നങ്ങള്‍. ഒരേക്കര്‍ സ്ഥലത്ത് പൂച്ചെടികള്‍ നട്ട് ലോകത്തുള്ള എല്ലാ പൂക്കളും അവിടെ വിരിഞ്ഞു നില്‍ക്കുന്ന സ്വപ്നം. അവയെ പരിചരിക്കാന്‍ ഒപ്പം ഭാര്യയും മകളും. സ്വപ്നസുഖത്തില്‍ ചിലപ്പോള്‍ അയാള്‍ക്ക് വീര്‍പ്പുമുട്ടി.

പൂക്കളോ.. ? മകളോ..? ഏതിനോടാണ് ഏറ്റവും ഇഷ്ടമെന്ന് പറയാന്‍ ജയചന്ദ്രന്‍ നന്നെ പ്രയാസപ്പെട്ടു. ഒരിക്കല്‍ സുമം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. 'പൂക്കള്‍ തന്ന സമ്മാനത്തിന് ഞാനിപ്പോള്‍ പൂക്കള്‍ സമ്മാനം ആയി കൊടുക്കുന്നില്ലെ....' കാലം അതിന്‍റെ യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. മഴയ്ക്ക് പിന്നാലെ മഞ്ഞും വേനലും എത്തി. പക്ഷെ അവരുടെ പൂന്തോട്ടത്തില്‍ പൂക്കള്‍ ഒഴിഞ്ഞിരുന്നില്ല. ഒരിക്കലും അത് കൊഴിഞ്ഞിരുന്നുമില്ല.

പതിനാറു വര്‍ഷങ്ങളുടെ കുത്തൊഴുക്ക് ബാഹ്യമായ ചില മാറ്റങ്ങള്‍ മാത്രെ ആ ദന്പതികളില്‍ വരുത്തിയുള്ളൂ. ചെറുപൂക്കടയില്‍ പതിവു പോലെ കാര്യങ്ങള്‍. ഒരിക്കല്‍ പൂക്കള്‍ക്ക് ഇടയില്‍ ഏറെ മണമുള്ള വലിപ്പം ഏറിയ ഒരു പനിനീര്‍പ്പൂവ് ജയചന്ദ്രന്‍റെ ശ്രദ്ധയില്‍ പെടുന്നു. ചുവന്നു തുടുത്ത പൂവില്‍ മനം മയക്കുന്ന മണം..! ഈ പൂവിന് എന്തേ ഇത്രയും മണം എന്ന് അയാള്‍ ഭാര്യയോട് ചോദിച്ചു... ഭൂമിയിലെ ഏതോ കന്യകയില്‍ അനുരക്തനായി ഒരു ഗന്ധര്‍വ്വന്‍ ചുംന്പിച്ച പുഷ്പം ആവാം അതെന്ന് അവര്‍ പറഞ്ഞു. അമ്പത് കഴിഞ്ഞെങ്കിലും അതുപറഞ്ഞപ്പോള്‍ അവരുടെ കവിളുകളും തുടുത്തു. അങ്ങനെ ആവില്ലെന്ന് വാദിക്കാനോ തര്‍ക്കിക്കാനോ ജയചന്ദ്രന് കഴിഞ്ഞില്ല. കാരണം ആ പൂ അത്രയ്ക്ക് മനോഹരം ആയിരുന്നു.

വൈകിട്ട് സ്കൂള്‍ വിട്ട് മകള്‍ വരുന്നതും കാത്ത് നില്‍ക്കുമ്പോള്‍ ജയചന്ദ്രന്‍റെ മനസ്സ് ഭൂതകാലത്തില്‍ ആയിരുന്നു. വിശപ്പടക്കാന്‍ ആവാതെ തെരുവില്‍ അലഞ്ഞ ബാല്യം...കൂട്ടം തെറ്റി തെരുവു തെണ്ടികളുടെ ഇടയില്‍ നിന്ന് മറ്റേതോ ലോകത്തേക്കുള്ള ഒരു ട്രെയ്ന്‍ യാത്ര.... ഹോട്ടലില്‍ പണിയെടുത്ത് തള്ളി നീക്കിയ ദിനങ്ങള്‍. പിന്നെ ജീവിതം മാറ്റി മറിച്ച ഒരു കൈ സഹായം.....

പൂക്കള്‍ വാങ്ങിച്ച് പോവുകയായിരുന്ന ഒരു വൃദ്ധന്‍ തലചുറ്റി വീഴുന്നു. ഹോട്ടലില്‍ മേശതുടക്കുമ്പോള്‍ ആ മനുഷ്യനെ സഹായിക്കണം എന്നു തോന്നിയത് മുന്‍ജന്മസുകൃതം. കുഴഞ്ഞുവീണ വൃദ്ധന്‍ ശക്തമായി തന്നെ ആണ് അവന്‍റെ കൈയ്യില്‍ പിടിച്ചത്. ബ്രാഹ്മണ്യത്തിന്‍റെ മുറജപങ്ങള്‍ക്ക് ഒപ്പം നേരിന്‍റെ മണമുള്ള വഴികളിലേക്ക് അയാള്‍ അവനെ കൂട്ടിക്കൊണ്ടു പോയി. പൂക്കടയില്ലാത്ത നാട്ടില്‍ താന്‍ പൂജ ചെയ്യുന്ന അമ്പലത്തോട് ചേര്‍ന്ന് ആ ശുദ്ധബ്രാഹ്മണന്‍ അവന് ഒരു പൂക്കട വെച്ചു കൊടുത്തു. പിന്നെ ജീവിതത്തിന് മണം ഉണ്ടെന്നും കാഴ്ചകള്‍ സുന്ദരം ആണെന്നും അവന്‍ അറിഞ്ഞു.

നിശ്ചലം ആയിരുന്ന സൈക്കിള്‍ ചക്രങ്ങളെ നോക്കുമ്പോള്‍ അനുഭവങ്ങളുടെ നിഴല്‍പ്പാടുകള്‍ ജയചന്ദ്രന്‍റെ കണ്ണുകളില്‍ മിന്നിമറഞ്ഞു. തുളുന്പിയ മിഴികണങ്ങള്‍ക്ക് പിന്നെയും കഥകള്‍ ഏറെ പറയാന്‍ ഉണ്ടായിരുന്നു. അകലെ സ്കൂളില്‍ മുഴങ്ങിയ മണിയില്‍ അക്കാലം മുറിയുന്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തില്‍ അയാള്‍ അതെല്ലാം ഒതുക്കി.

കാത്തുനില്‍പ്പ് സ്കൂളിലെ കൂട്ടുപറ്റത്തിന്‍റെ ഇരമ്പലില്‍ തീര്‍ന്നു. ആര്‍ത്തലച്ച് എത്തുന്ന കുട്ടിപ്പട്ടാളത്തില്‍ ജീവിതത്തിന്‍റെ ഉണര്‍വ്വ് ആയാള്‍ കണ്ടു. കാഴ്ചകളില്‍ പനിനീര്‍പ്പൂവിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തി കൂട്ടുകാര്‍ക്ക് ഒപ്പം ലക്ഷ്മിയും എത്തി. എന്നാല്‍ ഗന്ധര്‍വ്വന്‍റെ കഥ ഓര്‍ത്തപ്പോള്‍ ആ പിതാവിന്‍റെ മനസ്സ് വേദനിച്ചു. ചെറിയ ലോകത്തെ വലിയ സ്വപ്നങ്ങളില്‍ നാലാമത് ഒരാള്‍... അത് അയാള്‍ക്ക് ഓര്‍ക്കാന്‍ കൂടി ഇഷ്ടമായിരുന്നില്ല. അച്ഛന്‍ എന്ന വിളിയില്‍ അയാള്‍ തന്‍റെ ദുഷ്ചിന്തകളെ ആട്ടിപ്പായിച്ചു. വീട്ടിലേക്കുള്ള യാത്രക്കിടയില്‍ മറ്റൊരു പൂ ജയചന്ദ്രന്‍ മകളുടെ മുടിക്കിടയില്‍ കണ്ടു. വാടിക്കരിഞ്ഞു തുടങ്ങിയ മുല്ലപ്പൂക്കള്‍ക്ക് ഇടയില്‍ ഒരു വാടാമല്ലിപ്പൂ.. അതേപ്പറ്റി അവളോട് അയാള്‍ ഒന്നും തന്നെ ചോദിച്ചില്ല....

സ്നേഹിക്കാന്‍ മാത്രം അറിഞ്ഞിരുന്ന ആ പിതാവിന്‍റെ മനസ്സില്‍ സംശയത്തിന്‍റെ കനലുകള്‍ നീറിത്തുടങ്ങി. ആരും അറിയാതെ അയാള്‍ മകളെ പിന്തുടര്‍ന്നു. ഇടവേളയില്‍ എപ്പോഴോ അവള്‍ ഇടപെട്ട ആണ്‍കുട്ടിയില്‍ അയാള്‍ ഗന്ധര്‍വ്വന്‍റെ രൂപം കണ്ടു. സുമത്തിന്‍റെ കഥയിലെ ചുംബനരംഗം ഒരിക്കല്‍ അയാള്‍ നേരിലും കണ്ടു. പതിനാറിന്‍റെ കനവുകളുടെ ലോകം ജയചന്ദ്രന്‍ എന്ന പിതാവിന് ഉള്‍ക്കൊള്ളാന്‍ അവുമായിരുന്നില്ല... അയാളുടെ ചിത്താകാശത്തില്‍ ചിന്താ മേഘങ്ങള്‍ കൂട്ടിമുട്ടി. മിന്നല്‍പ്പിണരുകള്‍ ചീറിപ്പാഞ്ഞു. അലറിത്തെറിച്ച ഉള്ളിലെ കോപം പിന്നെ ഒരിക്കല്‍ ശകാരവര്‍ഷമായി പെയ്തിറങ്ങി...

പ്രേമത്തിന്‍റെ മുകുളങ്ങളെ മുല്ലമൊട്ടു പോലെ നുള്ളി എടുക്കാനാണ് ജയചന്ദ്രന്‍ ശ്രമിച്ചത്. പ്രണയത്തിന്റെ അന്തര്‍സംഘര്‍ഷങ്ങള്‍ ഇളകിമറിയുമ്പോള്
സ്നേഹത്തിന്‍റെ പുതുവഴികളില്‍
ലക്ഷ്മി എല്ലാം മറന്നു. അച്ഛനെയും അമ്മയേയും അവരുടെ സ്നേഹത്തെയും ലക്ഷ്മിക്ക് ചുറ്റും എപ്പോഴും ഉണ്ടായിരുന്ന എല്ലാത്തിനെയും..

ചെറുപിണക്കത്തോടെ എങ്കിലും പതിവുപോലെ അയാള്‍ മകളെ സ്കൂളിലേക്ക് അയച്ചു. പരിഭവങ്ങള്‍ പൂക്കളില്‍ അയാള്‍ പറഞ്ഞുതീര്‍ത്തു. മണമുള്ള പൂക്കള്‍ മറ്റൊരാള്‍ക്ക് കൊടുക്കുമ്പോള്‍ എന്തൊക്കെയോ ജീവിത തത്വങ്ങള്‍ അയാള്‍ പഠിക്കുകയായിരുന്നു. പൂവിന്‍റെ പരാഗം നുകരാന്‍ വണ്ടുകള്‍ എത്തുന്ന കാഴ്ച ഓര്‍ത്ത് പിന്നെ അയാള്‍ ഊറിച്ചിരിച്ചു. ഒക്കെ അറിയണം, എന്നാലെ..എങ്കിലെ ജീവിതം ആകൂ... അയാള്‍ മനസ്സില്‍ പറഞ്ഞു. എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാന്‍ സുമത്തിനെ ഏര്‍പ്പാടാക്കി...
വെട്ടം ഇരുട്ടിനോട് ചേര്‍ന്ന് തുടങ്ങുമ്പോള്‍ അമ്പലത്തിലെ അരയാലില്‍ കിളികള്‍ ചേക്കേറി..ദീപാരാധനയുടെ ഒരുക്കങ്ങളില്‍ ശാന്തിമാര്‍ ശ്രീകോവിലിലേക്കും. എന്നാല്‍ കൂടണയാത്ത തങ്ങളുടെ കുട്ടിയെ തേടി അലയുകയായിരുന്നു ആ തെരുവില്‍ രണ്ടു പേര്‍..ലക്ഷ്മി ഇതുവരെ വീടെത്തിയില്ല... ആദ്യമായ് ഒന്നു വഴക്ക് പറഞ്ഞതിന് ഇത്രയും വലിയ ശിക്ഷയോ..അവള്‍ എവിടെ പോയിരിക്കും... അന്വേഷണങ്ങളുടെ മാറ്റൊലികള്‍ ആ ഗ്രാമത്തിന്‍റെ ഓരോ കോണിലും ചെന്നെത്തി...രാത്രിയുടെ ഓരോ യാമങ്ങളിലും അടുത്ത നിമിഷം മകളെ കണ്ടെത്താനുള്ള വ്യഗ്രതയില്‍ ആയിരുന്നു ജയചന്ദ്രന്‍. സഹായത്തിന് ഒട്ടേറെപ്പേര്‍ ചേര്‍ന്നു. എങ്കിലും ഗ്രാമത്തിന്‍റെ ഉറക്കം കവര്‍ന്ന രാത്രിക്ക് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ആയില്ല......
കാര്‍മഘങ്ങള്‍ മൂടിക്കെട്ടിയ പ്രഭാതം ആയിരുന്നു അത്. തെരുവിന് പൂക്കളുടെ മണം ഉണ്ടായിരുന്നില്ല. അടഞ്ഞു കിടന്ന പൂക്കടയിലും അടക്കം പറയുന്ന ആളുകളിലും കുറെ ചോദ്യങ്ങള്‍ മാത്രം. അധികം വൈകാതെ കാട്ടുതീ പോലെ ഒരു വാര്‍ത്ത പരന്നു. സൂര്യകാന്തി പാടങ്ങള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ രണ്ട് പതിനാറുകാരുടെ മൃതദേഹങ്ങള്‍....അതില്‍ ഒന്ന്....

അവിടേക്ക് ഓടുന്നവരുടെ കൂട്ടത്തില്‍ ജയചന്ദ്രനും ഉണ്ടായിരുന്നു. അഴലുന്ന മനസ്സുമായ് ഓടുമ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചു. ഈശ്വരാ..അത് എന്‍റെ മോള്‍ ആവരുതേ....

സൂര്യകാന്തിപ്പാടങ്ങളില്‍ നീണ്ടു കിടക്കുന്ന റെയില്‍ട്രാക്കിലൂടെ ഓടുമ്പോള്‍ താന്‍ കണ്ടിരുന്ന സ്വപ്നം ആണ് ജയചന്ദ്രന്‍റെ മനസ്സിലൂടെ മിന്നിമാഞ്ഞത്. ഓരേക്കര്‍ സ്ഥലത്ത് പൂച്ചെടികള്‍ നട്ട്....ലോകത്തുള്ള എല്ലാ പൂക്കളും അവിടെ വിരിഞ്ഞു നില്ക്കുന്ന സ്വപ്നം....അവയ്ക്കിടയില്‍ സുമവും ലക്ഷ്മിയും..പിന്നെയും കുറെ ഓടിക്കഴിഞ്ഞപ്പോള്‍ അയാളുടെ ചെവിയില്‍ ഒരു ചോദ്യം ഉയരുന്നു... പൂക്കളോ..മകളോ...? സ്ഥലകാല ബോധം നഷ്ടപ്പെട്ട് ഓട്ടത്തിന് ഇടയിലെ കിതപ്പില്‍ അയാള്‍ പറയുന്നു...പൂക്കള്‍ തന്ന സമ്മാനത്തിന് ഞാനിപ്പോഴും പൂക്കള്‍ സമ്മാനം കൊടുക്കുന്നില്ലെ... മുന്നില്‍ എന്തോ കണ്ട് അയാള്‍ ഓട്ടം നിര്‍ത്തുന്നു. മുന്‍പില്‍ ഓടിയവരില്‍ ആരോ ചവിട്ടി മെതിച്ചുപോയ വാടിക്കരിഞ്ഞ ഒരു മുല്ലമാല.... ജയചന്ദ്രന്‍റെ മനസ്സിലൂടെ ഓര്‍മ്മച്ചിത്രങ്ങള്‍ മിന്നിമാഞ്ഞു.

പിന്നെ അയാള്‍ ഒന്നും മിണ്ടിയില്ല.. ആ മൗനം ഏറെ ഭയാനകം ആയിരുന്നു. സൂര്യകാന്തിപ്പൂക്കള്‍ അയാള്‍ക്കു ചുറ്റും ഉയര്‍ന്നു വന്നു.... നിര്‍വികാരനായി നിന്നപ്പോള്‍ ജയചന്ദ്രന്‍ ഓര്‍ത്തത് ചെടികളെ ആയിരുന്നു... പൂക്കള്‍ ഇറുക്കുമ്പോള്‍ ചെടികള്‍ക്ക് ഉണ്ടാകുന്ന വേദനയെ ആയിരുന്നു....

No comments:

Post a Comment