Pages

Saturday, September 25, 2010

മലയാളത്തിന്റെ പൊല്‍ത്തിങ്കള്‍ക്കല

മലയാളത്തിന്റെ ഒ.എന്‍.വി. കുറുപ്പ് ജ്ഞാനപീഠപുരസ്‌കൃതനാകുമ്പോള്‍ ഒരിക്കല്‍ക്കൂടി കേരളം ആദരിക്കപ്പെടുകയാണ്. ആറു പതിറ്റാണ്ടായി മലയാളിയുടെ കാവ്യബോധത്തില്‍ നിറനിലാവായി ഒ.എന്‍.വിയുണ്ട്; ഓര്‍ത്തോര്‍ത്തു മൂളുന്ന പാട്ടുകളില്‍ ഒ.എന്‍.വിയുണ്ട്. മലയാളത്തിന്റെ മണ്‍കൂരയ്ക്കു കാവലിരിക്കുന്ന ഹൃദയംപോലെ ആ കവിത മലയാളിയുടെ കാതില്‍ അടക്കംപറയുന്നു, ദേശത്തിന്റെയും ഭൂമിയുടെയും വേദനകളില്‍ തീക്ഷ്ണവും രൗദ്രവുമാകുന്നു. ഒ.എന്‍.വി.തന്നെ എഴുതിയതുപോലെ ഒരു പുരാതനകിന്നരത്തിന്റെ തൊട്ടാല്‍ ത്രസിക്കുന്ന തന്തിയില്‍നിന്ന് ഭാഷ തോറ്റിയെടുക്കലാണ് അദ്ദേഹത്തിന് കവിത. ആ കാവ്യകിന്നരത്തില്‍നിന്നുള്ള സ്വരങ്ങള്‍ മന്ദ്രസ്ഥായിയില്‍ മണ്ണിനെ തൊട്ടുവന്ദിക്കുന്നു; പരമസ്ഥായിയില്‍ അപാരതയുമായി സല്ലപിക്കുന്നു. ഭൂമിക്കും പരമവ്യോമത്തിനുമിടയ്ക്കുള്ള വിശാലസ്ഥലരാശിയാണ് ഒ.എന്‍.വിക്കവിതയുടെ അനുഭവലോകം. ആ വിതാനത്തിനുള്ളില്‍ എല്ലാ ഭാവങ്ങളും സൂക്ഷ്മവും ആര്‍ദ്രവുമായി അദ്ദേഹം അവതരിപ്പിക്കുന്നു.കേരളചരിത്രത്തിലെ അരുണാഭമായ കാലത്തിന്റെഉള്‍ത്തുടിപ്പുകളും വിശ്വാസതീവ്രതകളും മുതല്‍ വിലോലമായ കാല്പനികഭാവങ്ങളും ആത്മവേദനകളും മനുഷ്യനെയും പ്രകൃതിയെയുംകുറിച്ചുള്ള ഉത്കണ്ഠകളുമെല്ലാം ആ കാവ്യലോകത്തുണ്ട്. അതിന്റെ രാഗാര്‍ദ്രമായ ഒരു കൈവഴിയാണ് അദ്ദേഹമെഴുതിയ നാടക, ചലച്ചിത്രഗാനങ്ങള്‍. കേരളീയമെന്നപോലെ സാര്‍വദേശീയമായ വീക്ഷണവും ഒ.എന്‍.വി.ക്കവിതയുടെ സവിശേഷതയാണ്. വേദനിക്കുന്ന ആത്മാവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നത് അങ്ങനെയാണ്. കൃത്യമായിപ്പറഞ്ഞാല്‍ ആറരപ്പതിറ്റാണ്ടായി ഒ.എന്‍.വി. മലയാളകവിതയുടെ അരങ്ങില്‍ നിറഞ്ഞുനില്‍ക്കുന്നു. 1946 മുതല്‍ ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. 1949-ല്‍ കൊല്ലത്തു നടന്ന പുരോഗമനസാഹിത്യസമ്മേളനത്തില്‍ 'അരിവാളും രാക്കുയിലും' എന്ന കവിതയ്ക്ക് ചങ്ങമ്പുഴമെഡല്‍ നേടിയ പതിനെട്ടുകാരനായ കവി നടന്നുതീര്‍ത്ത കാവ്യദൂരത്തില്‍ മലയാളകവിതയിലെ ആര്‍ദ്രവും തീവ്രവുമായ പാരമ്പര്യത്തിന്റെ ചരിത്രം മുഴുവന്‍ വായിക്കാം. അന്‍പതുകളിലെ വിപ്ലവാഭിമുഖ്യവും അറുപതുകളിലെ ആത്മവ്യഥകള്‍ നിറഞ്ഞ കാല്പനികതയും എണ്‍പതുകളിലെ ഉത്കണ്ഠാകുലമായ പ്രകൃത്യുന്മുഖതയും സമീപകാലരചനകളിലെ സ്മരണാര്‍ദ്രമായ വിഷാദവും ഉള്‍പ്പെടെ പല ഘട്ടങ്ങളുണ്ട് ആ കവിതയ്ക്ക്. 'ക്ഷണികം പക്ഷേ' എന്ന സമാഹാരത്തിലെ ഒരു ഭാഗത്തിന് കവിതന്നെ നല്‍കിയ പേരുപോലെ 'ഈ കാലം, ഈ ലോകം ആത്മാവിലേല്പിച്ച മുറിവുകള്‍' ഘനീഭവിച്ചുനില്‍ക്കുകയാണ് ഓരോ ഘട്ടത്തിലും അദ്ദേഹം എഴുതിയ കവിതകളില്‍.ഹൃദയംകൊണ്ടുമാത്രം സ്​പര്‍ശിക്കാവുന്ന വികാരാര്‍ദ്രത നിറഞ്ഞ ഒ.എന്‍.വിയുടെ കാവ്യങ്ങളില്‍ മലയാളികള്‍ തങ്ങളുടെ കിനാവുകളും നോവുകളുമാണ് തിരിച്ചറിഞ്ഞത്. മാനവജീവിതം നേരിടുന്ന എല്ലാ വേദനകളും പ്രതിസന്ധികളും തന്റെ കവിതയ്ക്ക് വിഷയമാക്കിയ ഒ.എന്‍.വിയില്‍നിന്നു ലഭിച്ച ഹൃദ്യരചനകള്‍ ഒട്ടേറെയാണ്. ദീര്‍ഘകാവ്യമായ 'ഉജ്ജയിനി'ക്കുപുറമെ എത്രയെത്ര കാവ്യങ്ങള്‍! 'ഭൂമിക്കൊരു ചരമഗീതം', 'സൂര്യഗീതം', 'ശാര്‍ങ്ഗകപ്പക്ഷികള്‍', 'കറുത്തപക്ഷിയുടെ പാട്ട്', 'ഉപ്പ്', 'ബാവുല്‍ഗായകന്‍', 'വരുന്നനൂറ്റാണ്ടിലൊരുദിനം', 'സോജാ', 'ഈ പുരാതനകിന്നരം', 'സ്വനഗ്രാഹികള്‍' തുടങ്ങിയ എത്രയോ രചനകള്‍. 'ഭൂമികന്യയെ വേള്‍ക്കാന്‍ വന്ന മോഹമേ ഇന്ദ്രകാര്‍മുകമെടുത്തു നീ കുലച്ചുതകര്‍ത്തെന്നോ' എന്ന് 'വളപ്പൊട്ടുക'ളില്‍ എഴുതിയ കവിയാണ് 'ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി' എന്നു പാടിയതും. 'പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട', 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ', 'മാരിവില്ലിന്‍ തേന്‍മലരേ' തുടങ്ങിയ പാട്ടുകള്‍ മലയാളിക്ക് മുഖംനോക്കാന്‍ കഴിയുന്നവതന്നെ. ദശകങ്ങളായി പൊല്‍ത്തിങ്കള്‍ക്കലയായി തിളങ്ങിനില്‍ക്കുന്ന ആ കാവ്യജീവിതത്തിനുള്ള അര്‍ഹമായ ഉപഹാരമാണ് ജ്ഞാനപീഠപുരസ്‌കാരം.

No comments:

Post a Comment