Pages

Sunday, September 12, 2010

തിരക്കഥ (ഷോര്‍ട്ട് ഫിലിം) - സമയം എന്തായി...!


സമയം എന്തായി...?

സീന്‍ 1
പ്രഭാതം, ഗ്രാമത്തിലെ പഴയൊരു തറവാട്, എക്സ്റ്റീരിയര്‍, വൈഡ് ഷോട്ട്...

സീന്‍ 1 എ
ടോപ് ആംഗിള്‍ ഷോട്ടില്‍ ഒരു പഴയ ഓടിട്ട വീട്.

സീന്‍ 1 ബി
വൈഡ് ഫിക്സ്ഡ് ഷോട്ടില്‍ പറന്പും , പറന്പിന്‍റെ ഒരറ്റത്ത് നില്ക്കുന്ന വലിയൊരു വടവൃക്ഷവും കാണാം..നേരം പുലര്‍ന്നു തുടങ്ങുന്നതേ ഉള്ളതിനാല്‍ ദൃശ്യം വ്യക്തമല്ല...നേര്‍ത്ത ഇരുട്ട് മെല്ലെ മാറി വരുന്പോള്‍ പശ്ചാത്തലത്തില്‍ ഒരു ക്ലോക്കിന്‍റെ ടിക് ടിക് ശബ്ദം കേള്‍ക്കാം....ദൂരെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന സുപ്രഭാത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍...പെട്ടന്നു തന്നെ ക്ലോക്കില്‍ ആറ് മണി മുഴങ്ങുന്നു.. ആദ്യ മണിമുഴക്കത്തില്‍ തന്നെ വടവൃക്ഷത്തില്‍ അന്തിയുറക്കം മതിയാക്കി കിളിക്കൂട്ടം ചിലച്ച് ഇളകിപ്പറക്കുന്നു...

സീന്‍ 1 സി
( ക്യാമറ സൂം ഇന്‍ ടു തറവാട് ...)

സീന്‍ 1 ഡി
പ്രഭാതം, ഇന്‍റീരിയര്‍, തറവാടിന്‍റെ ഉള്ളിലെ ഹാള്‍...

(ഹാളില്‍ നേരത്തെ സ്പന്ദിച്ചിരുന്ന മാറാല പിടിച്ച വലിയ ക്ലോക്കിലേക്ക് ക്യാമറാ സൂം ഇന്‍... ക്ലോക്കിന്‍റെ പെന്‍ഡുലത്തിലേക്ക് വളരുന്ന ദൃശ്യം... ടക് ടക് ശബ്ദവും അടുത്തു വരുന്നു..പെന്‍ഡുലം കൃത്യമായ ഇടവേളകള്‍ നിശ്ചയിച്ച് വശങ്ങളിലേക്ക് സമയത്തെ തള്ളിമാറ്റുന്നു...)
.....................................................................

സീന്‍ 2
പകല്‍, പട്ടണം, വൈഡ് ഷോട്ട്(പശ്ചാത്തലത്തില്‍ ക്ലോക്കിന്‍റെ ടക് ടക് ശബ്ദം)

(നഗത്തിരക്കിന് ഇടയില്‍ വള്ളിനിക്കറിട്ട ഒരു കുട്ടി ആളുകളോട് എന്തൊക്കെയോ ചോദിച്ച് നടക്കുന്നു. ചിലരൊക്കെ അവന് മറുപടി നല്‍കുന്നു. മറ്റ് ചിലരൊക്കെ തട്ടി അകറ്റുന്നു. കുട്ടിക്ക് എട്ട് വയസ്സിന് അടുത്ത് പ്രായം വരും. ഇപ്പോള്‍ ടക് ടക് ശബ്ദം പട്ടണത്തിന്‍റെ ഇരപ്പിന് അടിയില്‍ ഇല്ലാതായിരിക്കുന്നു )

സീന്‍ 2 എ
പകല്‍, പട്ടണം, മീഡിയം ക്ലോസ് അപ് ഷോട്ട്

(നുണക്കുഴിയുള്ള ബാലന്‍റെ രൂപം വ്യക്തമാകുന്നു. മെല്ലിച്ച ശരീരം..തിളക്കമുള്ള കണ്ണുകള്‍. കുസൃതിയും ജിജ്ഞാസയും ഒരുമിക്കുന്ന മുഖം. എതിരെ വരുന്ന എക്സിക്യൂട്ടീവ് യുവാവ് അല്പം തിരക്കിലാണ്. അയാളോട് അവന്‍ തന്‍റെ ചോദ്യം ആവര്‍ത്തിക്കുന്നു.)

കുട്ടി- ചേട്ടോ... സമയമെന്തായി....?
(തിരക്ക് പിടിച്ച് മുന്നോട്ടു പോകുന്നിന് ഇടയില്‍ തന്നെ കുട്ടിക്ക് മറുപടിയും നല്കുന്നു.)

യുവാവ്- ഫൈവ് മിനുട്ട്സ് പാസ്റ്റ് എയ്റ്റ്....(പിന്നെ കുട്ടിയെ നോക്കുന്നു)... സോറി തേര്‍ട്ടി സെക്കന്‍റ്സ് ആന്‍റ് ഫൈവ് മിനുട്ട്സ് പാസ്റ്റ് എയ്റ്റ്... ഓഹോ ഇറ്റ്സ് ടൂ ലേറ്റ്....

(ടൈ പിടിച്ച് നേരെയാക്കി...യുവാവ് ധൃതിയില്‍ നടന്ന് അകലുന്നു. കുട്ടി ഒന്നും മനസ്സിലാവാതെ അന്തം വിട്ട് അയാളുടെ നടത്തവും നോക്കി നില്‍ക്കുന്നു. അവന്‍റെ മുഖത്ത് നിഷ്കളങ്കമായ ഒരു ചിരി . ചുറ്റുപാടും തിരക്കുള്ള ആളുകളുടെ കൂട്ടം. വ്യക്തമാകാത്ത ദൃശ്യങ്ങള്‍ക്ക് നടുവില്‍ കുട്ടി നിശ്ചലനായി തന്നെ നില്‍ക്കുന്നു.)
………………………………………………………….
സീന്‍ 3
പകല്‍, പട്ടണത്തിന്‍റെ മറ്റൊരു ഭാഗം

(പണിതീര്‍ന്ന ഒരു വലിയ ബഹുനിലക്കെട്ടിടത്തില്‍ പെയിന്‍റിംഗ് ജോലിയിലാണ് ഒരുകൂട്ടം ആളുകള്‍..കെട്ടിടത്തോട് ചേര്‍ത്ത് പടങ്ങുകള്‍ കെട്ടി അതില്‍ നിന്നാണ് അവര്‍ ജോലി തുടരുന്നത്. ഏറെ ഉയരത്തില്‍ ആയതിനാല്‍ വളരെ ശ്രദ്ധയോടെ അവര്‍ കെട്ടിത്തിന്‍റെ പുറം ഭാഗം പെയിന്‍റ് ചെയ്യുന്നു. ഇടയ്ക്ക് നേരത്തെ കേട്ട ബാലന്‍റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു.ചേട്ടോ സമയം എന്തായി...? കുട്ടിയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് പെയിന്‍റിംഗ് ചെയ്യുന്നവരില്‍ ഒരാള്‍ തിരിഞ്ഞു നോക്കുന്നു. അപ്പോള്‍ അയാളുടെ ശ്രദ്ധ അല്പം തെറ്റുന്നു.. കയ്യില്‍ നിന്ന് പെയിന്‍റ് ക്യാന്‍ താഴേക്ക് വീഴുന്നു.. പെയിന്‍റ് ചിതറിത്തെറിച്ച് താഴേക്ക് പതിക്കുന്ന ദൃശ്യം ക്ലോസ് അപ് സ്ലോ മോഷനില്‍....)

സീന്‍ 3 എ
പകല്‍, കെട്ടിടത്തിന്‍റെ മുകള്‍ ഭാഗം

(തൊഴിലാളികള്‍ ഒക്കെയും ബാലനെ നോക്കുന്നു. താഴെ റോഡില്‍ നില്ക്കുന്ന അവന്‍റെ രൂപം അവര്‍ക്ക് വ്യക്തമല്ല. അത്ര ഉയരത്തില്‍ ആണ് അവര്‍)



സീന്‍ 3 ബി
പകല്‍, റോഡ്, മീഡിയം ക്ലോസ് അപ് ഷോട്ട്
(മുകളിലേക്ക് നോക്കി നില്‍ക്കുന്ന ബാലന്‍)

സീന്‍ 3 സി
പകല്‍, കെട്ടിടത്തിന്‍റെ ചുവട്, മീഡിയം ക്ലോസ് അപ് ഷോട്ട്

(കെട്ടിടത്തിന്‍റെ ചുവട്ടില്‍ ജോലിക്കാരും മറ്റ് ചില ആളുകളും കുട്ടിയേയും, മുകളില്‍ നിന്നും താഴേക്ക് വീഴുന്ന പെയിന്‍റ് ക്യാനും നോക്കി നില്‍ക്കുന്നു. ക്യാമറ ടില്‍റ്റ് അപ് ചെയ്യുന്പോള്‍ മുകളില്‍ തൊഴിലാളികളില്‍ നില്‍ക്കുന്ന ദൃശ്യം.അവിടെ നിന്നും ഒരാള്‍ പിടിക്കവനെ എന്ന് ഉറക്കെ പറയുന്നു)

സീന്‍ 3 ഡി
പകല്‍, റോഡ്, ക്യാമറ മൂവിംഗ് ഷോട്ട്, മിഡ് ഷോട്ട്

(കുട്ടി ഓടുന്നു..അവന്‍റെ മുഖത്ത് പേടി..)
മുകളില്‍ നിന്നും...ഡാ..അവിടെ നില്‍ക്കാന്‍ എന്നും പിടിക്കവനെ എന്നുമുള്ള പറച്ചിലുകള്‍... (അവന്‍ ശബ്ദമുണ്ടാക്കി ചിരിച്ചു കൊണ്ട് ഓടി അകലുന്നു.)
..........................................................................



സീന്‍ 4
പകല്‍, ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്സ്

(കുട്ടി ഡ്രൈവറിന്‍റെ പിന്നില്‍ കന്പിയില്‍ പിടിച്ച് നില്‍ക്കുന്നു. സ്റ്റിയറിംഗ് വളക്കുന്ന ഡ്രൈവറെയും അയാളുടെ കൈയ്യില്‍ കിടക്കുന്ന വാച്ചിലും ആണ് അവന്‍റെ നോട്ടം. അവന്‍ അയാളെ നോക്കി ചിരിക്കുന്നുണ്ട്. തിരിച്ച് ഡ്രൈവറും. ബസ്സ് ഒരു വളവിനോട് അടുക്കുന്നു...)

കുട്ടി- ഡ്രൈവര്‍ അങ്കിളെ സമയം എന്തായി...

(ഡ്രൈവര്‍ സമയം നോക്കാനായി കൈയ്യിലെ വാച്ചിലേക്ക് നോക്കുന്പോള്‍ ബസ്സിന്‍റെ നിയന്ത്രണം വിടുന്നു. എല്ലാവരും പേടിക്കുന്നു. പക്ഷെ പെട്ടന്നു തന്നെ ഡ്രൈവര്‍ വാഹനത്തെ നിയന്ത്രിക്കുന്നു. യാത്രക്കാരെല്ലാം കുട്ടിയെ നോക്കുന്നു)
.........................................
സീന്‍ 5
ഒരു മൊണ്ടാഷ്

( കുട്ടി പലരോട് സമയം ചോദിക്കുന്നു, പല വിധത്തില്‍ പലതരം ആളുകള്‍ അതിനോട് പ്രതികരിക്കുന്നു. ചിലര്‍ സൂര്യനെ നോക്കി സമയം പറയുന്നു. ചിലര്‍ നിഴല്‍ നോക്കിയും, ബസ് പോകുന്നത് നോക്കിയും സൈറണ്‍ മുഴങ്ങുന്നത് കേട്ടും സ്കൂള്‍ മണി അടിക്കുന്നതു കേട്ടും ഒക്കെ സമയം പറയുന്നു)

സീന്‍ 6
വൈകുന്നേരം, ഒരു ചെറിയ വാച്ച് റിപ്പയറിംഗ് കട

(ഭൂതക്കണ്ണാടിയിലൂടെ വാച്ച് നന്നാക്കുന്ന മെക്കാനിക്ക്...അയാളുടെ തൊട്ടടുത്ത് തന്നെ കുട്ടി ഇരിക്കുന്നു. അവന്‍ ശ്രദ്ധയോടെ അയാള്‍ ചെയ്യുന്നത് നോക്കി ഇരിക്കുന്നു.)
കൂട്ടി- തോമസ്സേട്ടാ ഈ സമയം എവിടെയാ ഇരിക്കുന്നേ...

( കുട്ടിയെ നോക്കി ചിരിച്ചു കൊണ്ട്)
തോമസ്- ഇതൊരു മെഷീനല്യോടാ... ബാറ്ററിയിട്ടും കീ കൊടുത്തും, ഒക്കെ ഓടുന്ന ഒരു മെഷീന്‍...

കുട്ടി- എങ്ങനാ തോമസ്സേട്ടാ ഈ സമയം ഒണ്ടാവുന്നേ....

തോമസ്- നെനക്ക് സമയം നോക്കാനറിയാമോടാ...

കുട്ടി- തോള്‍ ഉയര്‍ത്തി കണ്ണടച്ച് പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് ഇല്ലായെന്ന് കാട്ടുന്നു......

തോമസ്- പിന്നെങ്ങനാ...സമയം ഇരിക്കുന്നിടോം... ഒണ്ടാവുന്നിടോം ഒക്കെ കാണിച്ചു തരുന്നെ....

(പിന്നെം ചോദിക്കുന്നു..)
കുട്ടി- തോമസ്സേട്ടാ ഈ സമയത്തിന് വെലയൊണ്ടോ....
തോമസ്(ചിരിച്ചു കൊണ്ട്)- നീ എന്തൊക്കെയാടാ ഈ ചോദിക്കുന്നേ..(കുട്ടി അവിടെ നിന്ന് ഒരു ഭൂതക്കണ്ണാടി എടുക്കുന്നു.)
കുട്ടി- ഇതെനിക്ക് തര്വോ...
തോമസ്- ഇതൊക്കെ നെനക്കെന്തിനാ.....
കുട്ടി- പ്ലീസ്...ഇവിടെ രണ്ടു മൂന്നെണ്ണം ഇല്ലേ...ഇതെനിക്ക് തര്വോ...പ്ലീസ്......(തോമസ് മൂളിക്കൊണ്ട് എടുത്തോളാന്‍ സമ്മതിക്കുന്നു).....
(അവന്‍ അവിടെ നിന്ന് പുറത്തേക്ക് പോകുന്നു)

സീന്‍ 7
പ്രഭാതം, തറവാട്, ഇന്‍റീരിയര്‍, ഹാള്‍

(ചുവരില്‍ നേരത്തെ കണ്ടിടത്ത് ക്ലോക്കില്ല...)

സീന്‍ 7 എ
പ്രഭാതം, തറവാട്, ഇന്‍റീരിയര്‍, ഹാള്‍

(ക്യാമറ ടില്‍റ്റ് ഡൗണ്‍ ചെയ്യുന്പോള്‍ കുട്ടിയുടെ പിന്‍ഭാഗം കാണാം)

സീന്‍ 7 ബി
ക്യാമറാ സൂം ഇന്‍...

(ചുവരില്‍ ഉണ്ടായിരുന്ന ക്ലോക്കിന്‍റെ ചില ഭാഗങ്ങള്‍ അവനു ചുറ്റും ചിതറിക്കിടക്കുന്നു...)

സീന്‍ 7 സി
ക്ലോസ് അപ്പില്‍ കുട്ടിയുടെ മുഖം.....
അവന്‍റെ ഒരു കണ്ണില്‍ ഭൂതക്കണ്ണാടി..

കട്ട് ടു

സീന്‍ 8
പ്രഭാതം, തറവാട്, ഇന്‍റീരിയര്‍, അടുക്കള

(അടുക്കളയില്‍ നിന്നും ഒരു സ്ത്രീ പുറത്തേക്കു വരുന്നു)

സീന്‍ 8 എ
പ്രഭാതം, തറവാട്, ഇന്‍റീരിയര്‍, ഹാളിലേക്ക് നീളുന്ന ഇടനാഴി

( ആ സ്ത്രീ ഹാളിനെ ലക്ഷ്യമാക്കി നടക്കുകയാണ്)

സ്ത്രീ- ടാ...നീ അവിടെ എന്തെടുക്കുവാ...
(അവന്‍റെ അടുത്തേക്ക് നടന്നടുക്കുന്നു)
(ക്ലോക്ക് അഴിച്ചിട്ടിരിക്കുന്നതു കണ്ട് ദേഷ്യത്തോടെ..)
സ്ത്രീ- അയ്യോ...അതെല്ലാം.. നശിപ്പിച്ചു... ടാ.... കുരുത്തം കെട്ടവനെ....
(ഇപ്പോള്‍ ക്ലോക്കിന്‍റെ ചക്രങ്ങളും മറ്റ് ഭാഗങ്ങളും എല്ലാം അവന്‍ പൂര്‍ണ്ണമായും അഴിച്ചു കഴിഞ്ഞിരുന്നു..)(അമ്മ ദേഷ്യപ്പെട്ട് അടുത്തു വരുന്നത് കാണുന്പോള്‍ കുട്ടി അവിടെ നിന്ന് എഴുന്നേറ്റ് ഓടുന്നു)(ഭൂതക്കണ്ണാടി താഴേക്ക് തെറിച്ചു വീഴുന്നു)
കുട്ടി (ഓടിക്കൊണ്ട്)- സമയം നോക്കിയതാ അമ്മേ..(സ്ത്രീ അവന് പിന്നാലെ ഓടുന്നു)

സീന്‍ 9
രാത്രി, ഒരു മുറി, ക്ലോസ് അപ്പ് ഷോട്ട്

(മുറിയില്‍ മേശയോട് ചേര്‍ന്ന് ഒരാള്‍ ഇരിക്കുന്നു. രൂപം വ്യക്തമല്ല. മുതിര്‍ന്ന ആളാണ്. മേശപ്പുറത്ത് ധാരാളം ബുക്കുകളും പേപ്പറുകളും നിരന്ന് കിടക്കുന്നു. അയാള്‍ എന്തോ എഴുതുകയാണ്. ടേബിള്‍ ലാംപിന്‍റെ മഞ്ഞപ്രകാശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്)

(അയാള്‍ പേപ്പറില്‍ കുറിക്കുന്നു, (പശ്ചാത്തലത്തില്‍ വോയിസ് ഓവര്‍)—സമയം എന്തെന്നറിയാന്‍ അലഞ്ഞൊരു ബാല്യം എനിക്കുണ്ടായിരുന്നു. മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തമായി എനിക്ക് മാത്രം എന്തു കൊണ്ട് അങ്ങനെ തോന്നി...എന്താണ് അതിലേക്ക് എന്നെ നയിച്ചത്..അന്ന് സമയം എന്തായെന്ന ചോദ്യത്തിന് തൃപ്തികരമായ ഒരുത്തരം എനിക്ക് കിട്ടിയിരുന്നില്ല....ഞാന്‍ എന്‍റെ അന്വേഷണം തുടര്‍ന്നു കൊണ്ടേയിരുന്നു...ഒളിഞ്ഞിരിക്കുന്ന സമയത്തെ ആണ് അഴിച്ചിട്ട ക്ലോക്കിനുള്ളില്‍ ഞാന്‍ തിരഞ്ഞതെന്ന് അമ്മ അറിഞ്ഞിരുന്നില്ല... ശുദ്ധശൂന്യതയില്‍ വീണ്ടും ഒളിച്ചിരിന്ന സമയം പിന്നെ എപ്പോഴാണ് ഞാന്‍ അറിഞ്ഞത്)

സീന്‍ 10
പ്രഭാതം , നടപ്പാത, മൂവിംഗ് ഷോട്ട്

(സീന്‍ എട്ടിന്‍റെ തുടര്‍ച്ച ...അമ്മയില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന കുട്ടി..അവന്‍ നാട്ടുവഴികളിലൂടെ വളരെ വേഗം ഓടിമറയുന്നു..പിന്നില്‍ സ്ത്രീ നില്‍ക്കാന്‍ പറയുന്ന ശബ്ദം കേള്‍ക്കാം... കുട്ടിയുടെ കാലിന്‍റെ ക്ലോസ് അപ് ഷോട്ട്...)

സീന്‍ 11
പകല്‍, കുന്നിന്‍ പുറം

( കുട്ടി ഒരു കുന്നിന്‍ പുറത്ത് നില്‍ക്കുന്നു. അവന്‍ കിതക്കുന്നുണ്ട്. മൂക്കിന് താഴെ നേര്‍ത്ത വിയര്‍പ്പിന്‍ തുള്ളികള്‍..ആള് ഇത്തിരി ദേഷ്യത്തില്‍ ആണ്... ചുറ്റുപാടും സംശയത്തോടെ എന്തോ തിരയുന്നുണ്ട്. കുന്നിന്‍ പുറം ആ നാട്ടിലെ ഏറ്റവും ഉയര്‍ന്ന സ്ഥലം ആണ്. അവിടെ നിന്ന് നോക്കിയാല്‍ ചുറ്റുപാടും കാടുകള്‍ കാണാം... അകലെ വീടുകളും, റെയില്‍ പാളങ്ങളും കാണാം....അന്പലത്തിലെ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന സംഗീതം കേള്‍ക്കാം...)(ആ നില്‍പ്പില്‍ അവനെ തഴുകി തലോടി ഒരിളം കാറ്റ് പോകുന്നു, അവന്‍റെ മുടികള്‍ പാറിപ്പറക്കുന്നു)
കുട്ടി (ഉച്ചത്തില്‍)- സമയം എന്തായി.......
(ചുറ്റുപാടും നിന്ന് അതിന്‍റെ പ്രതിധ്വനി അവിടെ മുഴങ്ങുന്നു)
(കുട്ടിയുടെ മുഖത്തിന്‍റെ ക്ലോസ് അപ്പും അവന് ചുറ്റും ദൃശ്യങ്ങള്‍ കറങ്ങുന്ന ഷോട്ടും)

സീന്‍ 12
സീന് 9 തുടര്ച്ച രാത്രി, മുറി, ക്ലോസ് അപ്
(അയാള്‍ പേപ്പറില്‍ കുറിക്കുന്നു, (പശ്ചാത്തലത്തില്‍ വോയിസ് ഓവര്‍)- യഥാര്‍ത്ഥത്തില്‍ എന്താണ് സമയം. എല്ലാവര്‍ക്കും കിട്ടുന്ന ഒരേ സമയം. ചിലര്‍ അത് വാച്ചില്‍ ഒളിപ്പിച്ചിരിക്കുന്നു. മറ്റ് ചിലര്‍ സൂര്യനിലും, നിഴലിലും, സൈറനിലും ഒക്കെ തിരിച്ചറിയുന്നു. ഒരേ സമയത്തില്‍ തന്നെ ചിലര്‍ ഐന്‍സ്റ്റീനും, മഹാത്മാ ഗാന്ധിയും സത്യജിത് റേയും വിവേകാനന്ദനും ഒക്കെ ആകുന്നു.അവര്‍ അകത്തെ സമയത്തെ അറിഞ്ഞവര്‍.സമയം ഇല്ലാതെ നടന്നവര്‍...പക്ഷെ ഏറെപ്പേരും സമയത്തെ പുറത്തുള്ള എന്തോ ആയി കണക്കാക്കുന്നു. അതിനോട് ഒപ്പമോ അതിനെ തോല്‍പ്പിക്കാനോ നടക്കുന്നു....എന്നാല്‍ ഇപ്പോഴും ഞാന്‍ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്........... സമയം എന്തായി ? )Click Here to See the Film

8 comments:

  1. അതി മനോഹരമായ്‌ അവതരിപ്പിച്ചിരിക്കുന്നു... നല്ല കെട്ടുറപ്പുള്ള ഒരു തിരകഥ.... ആശംസ്കൾ

    ReplyDelete
  2. http://www.youtube.com/watch?v=FP89qJct5dI

    ReplyDelete
  3. സർ
    ഈ തിരക്കഥ ഞാൻ ഒന്ന് റീ ഷൂട്ട് എടുക്കുന്നതിൽ എതിർപ്പ് undo

    ReplyDelete
  4. സർ
    ഈ തിരക്കഥ ഞാൻ ഒന്ന് റീ ഷൂട്ട് എടുക്കുന്നതിൽ എതിർപ്പ് undo

    ReplyDelete
  5. ഒരു തിരക്കഥ എങ്ങിനെ സിനിമയാകുന്നു - ആക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ഈ സിനിമ
    തിരക്കഥ വായിക്കുകയും തുടര്‍ന്നു സീനുകള്‍ കണ്ടു വിശകലനം ചെയ്യാന്‍ പറ്റുകയുംചെയ്യുന്ന രീതിയില്‍ ഉള്ള വ്ളോഗ്

    നന്നായിട്ടുണ്ട് ..
    എന്റെ സമയം നഷ്ടമായില്ല സുജിത്തേ
    അഭിനന്ദനങ്ങള്‍


    ReplyDelete