Pages

Tuesday, September 28, 2010

കഥ- തിരിച്ചറിയാന്‍ വൈകുമ്പോള്‍


ധനുമാസക്കുളിരിന്‍റെ തലോടലേറ്റ് അഗാധമായ നിദ്രയിലേക്ക് അയാള്‍ വഴുതി വീണു. രാത്രിക്ക് ശ്രുതിയിടുന്ന ചീവീടുകളുടെ ശബ്ദം കേള്‍വിക്കപ്പുറം എവിടെയോ പോയി. പഞ്ചേന്ദ്രിയങ്ങളുടെയും കര്‍മ്മങ്ങളില്‍ വ്യാപൃതമായിരുന്ന ബോധതലം മനസ്സില്‍ വിലയം പ്രാപിച്ചു. അബോധത്തിലെ സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഉറക്കത്തിന്‍റെ രണ്ടാം പാളി അടര്‍ന്നു വീണു... !

അകലെ നിന്ന് എന്തോ ഒന്ന് തന്നിലേക്ക് അടുത്തു വന്നു കൊണ്ടിരിക്കുന്നതായി ഇന്നയാള്‍ കണ്ടു. ദൂരം ഏറിയതിനാല്‍ എന്താണെന്ന് വ്യക്തമായിരുന്നില്ല.. തിരിഞ്ഞു മറിഞ്ഞും കിടന്നു നോക്കി. എങ്കിലും അയാള്‍ക്ക് അത് അവ്യക്തമായിരുന്നു. എന്നാല്‍ ഒന്ന് മാത്രം അറിയുന്നു.. അത് തന്നിലേക്ക് അടുത്തു കൊണ്ടിരിക്കയാണ്..! പിന്നെ ചിന്തകളുടെ വഴിയെ തിരിഞ്ഞു...

കഴിഞ്ഞ രാത്രിയിലും ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിന് എന്തെന്നറിയാത്ത ഒരിക്കലും കണ്ടിട്ടില്ലാത്ത ഉണ്ടെന്ന് പലരും പറയുന്ന ഉള്ളിലെ തന്നെ ശക്തിയെന്ന് അറിവുള്ളവര്‍ പറയുന്ന ദൈവം എന്ന പേരില്‍ വിളിക്കപ്പെടുന്ന മനുഷ്യാതീതമായി അയാള്‍ കണക്കാക്കിയിരുന്ന ശക്തിയോട് പ്രാര്‍ത്ഥിച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ അവയായ് അവശേഷിച്ചിരുന്നെന്ന് അയാള്‍ സ്വയം തിരിച്ചറിഞ്ഞിരുന്നു. എങ്കിലും മുടങ്ങാതെ അത് അനുവര്‍ത്തിച്ചിരുന്നു.

കൈയ്യില്‍ കിട്ടിയാലോ മനസ്സിലാക്കി കഴിഞ്ഞാലോ വില കുറച്ചു കാണുന്ന നൈസര്‍ഗ്ഗിക സ്വഭാവത്തിന്‍റെ ഉടമയാണ് താനെന്ന് അയാള്‍ക്ക് ബോധ്യം ഉണ്ടായിരുന്നു. വേര്‍തിരിച്ചറിഞ്ഞ സത്യത്തെ മാറ്റുവാന്‍ പക്ഷെ പലപ്പോഴും അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തരം വ്യത്യസ്ത സ്വഭാവങ്ങള്‍ ആണ് മറ്റുള്ളവരില്‍ നിന്നും തന്നെ തിരിക്കുന്നത് എന്ന് ആ മനുഷ്യന്‍ വിശ്വസിച്ചിരുന്നു.

അടുക്കുന്ന രൂപവും അയാളുടെ ചിന്തയും തമ്മിലുള്ള അകലം കുറഞ്ഞു കൊണ്ടിരുന്നു. ....

തന്‍റെ ഇത്രയും നാളത്തെ പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനങ്ങളുടെയും ഒക്കെ ആകെത്തുകയായി ദൈവം കൊടുത്തുവിട്ട സമ്മാനം ആണോ അത്...? അയാള്‍ മനസ്സിനോട് ചോദിച്ചു. ഏയ്..അങ്ങനെ ആവാന്‍ ഇടയില്ല...കാരണം താന്‍ അത്രകണ്ട് ആ ശക്തിയില്‍ വിശ്വസിച്ചിരുന്നില്ലല്ലോ... അബോധത്തിലെ ബോധം മറുപടി പറഞ്ഞു. പിന്നെ എന്താവും....?

കഴിഞ്ഞ കുറേക്കാലമായി എന്തുചെയ്യണം എന്നറിയാതെ അയാള്‍ അലയുകയായിരുന്നു. പുതുതായി എന്തെങ്കിലും കച്ചവടം തുടങ്ങിയാലോ എന്നൊക്കെ ചിന്തിച്ചിരുന്നു. അതിനെപ്പറ്റി മറ്റുള്ളവരുമായി ചര്‍ച്ചയൊക്കെ ചെയ്യാറമുണ്ട്. അവസാന തീരുമാനത്തില്‍ എത്തപ്പെടാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. അത്യാവശ്യ വിദ്യാഭ്യാസം ഒക്കെ നേടിയ താന്‍ ആരെക്കാളും ഒട്ടും പിന്നില്‍ അല്ലെന്നും, കുടുംബം പ്രൗഡഗംഭീരം എന്നുമൊക്കെ അയാള്‍ സ്വയം അഭിമാനിച്ചിരുന്നു. ഒപ്പം ചില കാര്യങ്ങളില്‍ തന്നെത്താന്‍ ചെറുതാക്കി കണ്ടിരുന്നു താനും. പണ്ട് ആനയൊക്കെ ഉണ്ടായിരുന്ന തറവാടായിരുന്നു തന്‍റേതെന്ന് കണ്ടിട്ടില്ലെങ്കില്‍ കൂടെ അയാള്‍ പറഞ്ഞിരുന്നു. തന്‍റെയാ പാരമ്പര്യത്തിന്‍റെ പ്രമാണിത്തത്തിന്‍റെ സമ്പന്നതയുടെ സുലഭ്യതയുടെ സമ്മേളിച്ച രൂപം തന്നിലേക്ക് തിരിച്ചു വരികയാണോ...?

നന്മയുടെ നല്ല അംശങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ആ മനുഷ്യന്‍ എപ്പോഴും ആരെയും സഹായിക്കാന്‍ സന്നദ്ധനായിരുന്നു. സ്വയം സഹായിക്കാന്‍ എപ്പോഴും മറന്നിരുന്നു. ഒന്നു പരിചയപ്പെട്ടാല്‍ പിന്നെ അയാള്‍ക്ക് ആരുമായും വളരെ നേരം സംസാരിക്കുവാന്‍ സാധിക്കും. ആയതിനാല്‍ ധാരാളം സുഹൃത്തുക്കള്‍ അയാള്‍ക്ക് ഉണ്ടായിരുന്നു. മനസ്സുകൊണ്ട് അവരോടൊക്കെ അടുത്തിരുന്നതുകൊണ്ട് അവരും അങ്ങനെ തന്നെ ആയിരിക്കും എന്ന് അയാളും കരുതി. ഒരുപക്ഷെ സ്നേഹിതരുടെ കൂട്ടം തന്നിലേക്ക് സഹായങ്ങളുടെ പ്രത്യുപകാരവുമായി വരികയാണോ...?

ഇടതൂര്‍ന്ന കാടുകളുള്ള തറവാട്ടിലെ കാവിന്‍റെ ഉള്ളില്‍ മണിത്തറയുടെ അടിയില്‍ പരദേവതമാരാല്‍ സംരക്ഷിക്കപ്പെട്ട അമൂല്യങ്ങളായ രത്നങ്ങളും സ്വര്‍ണ്ണവും ഒക്കെ അടുത്ത തലമുറയ്ക്കു വേണ്ടി പൂര്‍വ്വപിതാക്കന്മാര്‍ കരുതിയിട്ടുണ്ടെന്ന് മുത്തശ്ശി ഇടയ്ക്ക് പറഞ്ഞിരുന്നു. നൂറും പാലും മുടക്കാതെ എല്ലാ ആയില്യവും കൊണ്ടാടാറും ഉണ്ട്. ശുദ്ധവൃത്തിയായി ഭക്തിയോട് ജീവിക്കുന്നവര്‍ക്ക് ആ സ്ഥലത്ത് ഐശ്വര്യവും അഭിവൃദ്ധിയും ഏറുമെന്നും, ഏന്നെങ്കിലും ഒരിക്കല്‍ ഭൂമിയുടെ അന്തരംഗത്തില്‍ നിന്ന് നിധികുംഭം പൊങ്ങിവരുമെന്നും അവര്‍ പറഞ്ഞിരുന്നു. അപ്പോള്‍ തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ നിധി മാഞ്ഞു പോകില്ലെന്ന് മുത്തശ്ശി പറഞ്ഞത് ചിലപ്പോള്‍ അയാള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. കൂരിരുട്ടിനെ കീറിമുറിക്കുന്ന നിധികുംഭം ആണെങ്കില്‍ അത് തനിക്ക് നഷ്ടപ്പെടരുത്! പിരിമുറുക്കത്തിന്‍റെ വേളയില്‍ അയാള്‍ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് ആഞ്ഞ്തുപ്പി. ഒന്നല്ല ...മൂന്ന് തവണ..! എന്നിട്ടും തൃപ്തനാവാതെ കിടക്കയില്‍ മൂത്രവും ഒഴിച്ചു....!!

പിടിതരാതോടുന്ന വിചാരങ്ങളില്‍ മനസ്സിലെ ചോദ്യങ്ങള്‍ വളഞ്ഞൊടിഞ്ഞ രൂപവുമായ് അങ്ങിനെ തന്നെ നിന്നു. അസ്വസ്ഥത കാര്‍ന്നുതിന്നുന്ന നിമിഷങ്ങളില്‍ തോല്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. പലവശങ്ങളിലൂടെ അയാള്‍ ആ രൂപത്തെ നിരീക്ഷിച്ചു.

വിവാഹപ്രായം എത്തിയ അയാള്‍ക്ക് പലതരം ആലോചനകള്‍ വന്നിരുന്നു. തന്‍റെ ഭാര്യയായി വരേണ്ട ആളെപ്പറ്റിയൊക്കെ അയാള്‍ക്ക് വളരെ അധികം പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. നല്ല വിദ്യാഭ്യാസം ഉണ്ടായിരിക്കണം, സുന്ദരിയാവണം, സര്‍ക്കാരുദ്യോഗമോ അദ്ധ്യാപികയോ ആയാല്‍ നന്ന്...കുടുംബം നല്ലതായിരിക്കണം, എല്ലാതരത്തിലും സ്റ്റാറ്റസ്സുള്ള കക്ഷി ആവണം. ചൊവ്വയുടെ ദോഷം ഉള്ളതിനാല്‍ തനിക്ക് പ്രത്യേകിച്ച് പണി ഒന്നുമില്ലെങ്കിലും നല്ല ആളെ തന്നെ കിട്ടുമെന്ന് അയാള്‍ കരുതിയിരുന്നു. പോരെങ്കില്‍ തനിക്ക് എട്ടില്‍ ചൊവ്വയും..എന്തായാലും ഇങ്ങനെയുള്ള പുരുഷന്മാര്‍ കുറവായതിനാല്‍ തീര്‍ച്ചയായും തന്‍റെ സങ്കല്പം പോലെ ഒരാള്‍ വരുമെന്ന് അയാള്‍ക്ക് അതിയായ ആത്മവിശ്വാസം ഉണ്ടായിരുന്നു. ചിലപ്പോള്‍ കാത്തിരുപ്പിന്‍റെ അന്ത്യത്തില് വധുവിനെ വരവേറ്റു കൊണ്ടുള്ള ഘോഷയാത്ര ആവുമോ ഇത്...?

ഒരിക്കല്‍ ഗള്‍ഫില്‍ പോയിരുന്നു. നാട്ടില്‍ നിന്നുള്ള വേര്‍പാട് താങ്ങാന്‍ ആവാതായപ്പോള്‍ അതെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ പോന്നു.പിന്നെ വാട്ടര്‍ അതോറിറ്റിയുടെയും ദേവസ്വം ബോര്‍ഡിന്‍റെയും ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെയും മറ്റ് ലാസ്റ്റ് ഡിവിഷന്‍ ക്ലാര്‍ക്കിന്‍റെയും ഒക്കെ ഒട്ടേറെ ടെസ്റ്റുകള്‍ എഴുതിയിരുന്നു. ഒരിക്കല്‍ തന്നെയും ആരെങ്കിലും തെരഞ്ഞെടുക്കുമെന്ന് അയാള്‍ വെറുതെ മോഹിച്ചിരുന്നു. എന്തായാലും ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് തന്നെ നിയമിച്ചുകൊണ്ടുള്ള ഉത്തരവുമായ് എത്തുന്ന പോസ്റ്റുമാന്‍ ആവാം അതെന്ന് ചിരിച്ചുകൊണ്ട് അയാള്‍ വിചാരിച്ചു.....!

ചിന്തകളുടെ അതിരുകള്‍ നേര്‍ത്ത് അന്തരത്തിന്‍റെ സീമ അടുത്തപ്പോള്‍ ആ രൂപം അയാള്‍ക്ക് വ്യക്തമായി. അത് പൂര്‍വ്വികര്‍ പകര്‍ന്നു പോയ ജന്മാവകാശമായി അവര്‍ക്ക് ലഭിച്ച വയല്‍ ആയിരുന്നു. തങ്ങള്‍ക്ക് ഇതെല്ലാം നേടിത്തന്ന വയല്‍....! ചുറ്റുപാടുകളുമായി ഒത്തുനോക്കിയാല്‍ അതിന്‍റെ സ്ഥിതി വളരെ കഷ്ടമാണ്. ഉണങ്ങിവരണ്ട് മനുഷ്യന്‍റെ തലോടല്‍ ഏല്‍ക്കാന്‍ കൊതിച്ച് വര്‍ഷങ്ങളായി കാത്ത് കിടപ്പാണ്. നൂറുമേനി കൊയ്ത കഥകളൊക്കെ അതിനും പറയാനുണ്ടായിരുന്നു. പക്ഷെ..കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നെങ്കിലും തന്‍റെ അടുത്തേയ്ക്കും ആരെങ്കിലും വരുമെന്ന് വെറുതെ കൊതിച്ചിരുന്നു. തലമുറകളെ പോറ്റിവളര്‍ത്തിയതല്ലേ, ജീവിക്കാനുള്ളതും അതില്‍ ഏറെയും ആശ്രിതര്‍ക്ക് നല്‍കിയതല്ലേ...വരും വരാതിരിക്കില്ലെന്ന് വയല്‍ കരുതിയിരുന്നു.

ലോകം പുതിയ കുപ്പായം ധരിച്ചിരുന്നു. തന്‍റെ കൂട്ടരില്‍ പലരും തന്നേക്കാള്‍ പൊങ്ങിയിരിക്കുന്നു. മലര്‍ന്നു കിടന്ന് വിശാലമായ ആകാശവുമായ് മറയില്ലാതെ എല്ലാം പങ്കുവെച്ചിരുന്ന കാലം മാറിത്തുടങ്ങി. വയലും ആകാശവുമായ് ഉള്ള ബന്ധത്തിന് ഇടയില്‍ കെട്ടിടങ്ങളും മറ്റ് നിര്‍മ്മാണങ്ങളും നടക്കുന്നു. വയലിന്‍റെ മാറിലും മനസ്സിലും മറവന്ന കാലം. ഇണയുമായി ചേരാന്‍ ആകാശത്തിനും കൊതിയുണ്ടായിരുന്നു. പക്ഷെ അത് തിരിച്ചറിയാന്‍ നിസ്സഹായ ആയ ഈ വയല്‍ മാത്രം. എന്നാല്‍ ആവുവോളം ജീവിച്ച അതിന് ആഗ്രഹങ്ങള്‍ അവശേഷിക്കുന്നില്ലെങ്കിലും ആകാശത്തിന്‍റെ കോപം അറിയാമായിരുന്നു. തന്‍റെ ആശ്രിതരുടെ വംശത്തെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന സംഹാരശക്തിയുടെ കാര്യം. ചൂടായും തണുപ്പായും മഴയായും പകര്‍ന്ന വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആളില്ലാതാവുമ്പോഴുള്ള ഉഗ്രകോപം.

ഭാവിയില്‍ ആകുലരായി തന്നില്‍ നിന്ന് എല്ലാവരും അകന്ന് പോയെങ്കിലും ആറാം ഇന്ദ്രിയത്തിന്‍റെ വെളിപ്പെടുത്തലുകള്‍ നല്കുവാന്‍ തന്‍റെ അടുക്കലേക്ക് ഒരിക്കലും ആരും എത്തില്ലെന്നറിഞ്ഞ് സ്നേഹം ഇന്നും സൂക്ഷിക്കുന്ന വയല്‍ അയാളുടെ അടുത്തേയ്ക്ക് എത്തിയതാണ്.

കായപല്പത്തിന്‍റെ ഫലം പകരേണ്ടത് താനാണെന്ന ബോധം അയാള്‍ക്ക് ഉണ്ടായി. പ്രപഞ്ചത്തേയും സര്‍വ്വചരാചരങ്ങളെയും സേവിക്കാനായി വയലിലേക്ക് ഇറങ്ങാന്‍ അയാള്‍ തീരുമാനിച്ചു. മൗനമായ സ്നേഹം തിരിച്ചറിയാത്ത കാലത്ത് വയലിനോടൊപ്പം ചേരാന്‍.....

നേരം പുലരാനായി അയാള്‍ കാത്തുകിടന്നു. വെട്ടം വീണുതുടങ്ങിയപ്പോള്‍ വാതില്‍ തുറന്ന് വയലിലേക്ക് ഓടി. കാലുകള്‍ പഴയതുപോലെ നീങ്ങുന്നില്ല. എങ്കിലും കുളിര് കട്ടപിടിപ്പിച്ച വായുവിനെ വകഞ്ഞുമാറ്റി അയാള്‍ മുന്നോട്ടു കുതിച്ചു. പക്ഷെ വഴിയില്‍ മനുഷ്യനിര്‍മ്മിതമായ വേലിക്കെട്ടുകള്‍. എല്ലാവേലികളും പൊളിച്ച് അയാള്‍ അവസാനം വയല്‍ക്കരയില്‍ എത്തി. ഇരുട്ടിലും നേര്‍ത്തവെട്ടം അവിടെ പരന്നിരുന്നു. കിതച്ചു കൊണ്ട് നിന്ന അയാള്‍ക്ക് വാത്സല്യം കലര്‍ന്ന ഒരു ചിരിയാണ് തണുത്ത വയല്‍ പകര്‍ന്നത്.........!! (ഞാന്‍ ആദ്യമായ് എഴുതിയ കഥ...2004ല്‍)

No comments:

Post a Comment