അത്ര തീവ്രത വേണ്ടെന്നാണ് അന്നവള്‍ പറഞ്ഞത്... ഒരു പൊട്ടിച്ചിരിയില്‍ അതിന്‍റെ മറുപടി നല്‍കുമ്പോള്‍ അവസ്ഥാന്തരങ്ങളുടെ പൊള്ളത്തരങ്ങള്‍ അവന്‍ അറിഞ്ഞിരുന്നില്ല. മുഖത്തെ പ്രകാശം വ്യക്തിത്വത്തിലും വാക്കിലെ തെളിമ പ്രവൃത്തിയിലും വരുമെന്ന് ആരൊക്കെയോ പറഞ്ഞിരുന്നുവത്രെ....!
ചെറുകള്ളത്തരങ്ങളിലൂടെ ജീവിത വിജയത്തിന്‍റെ പടികള്‍ കെട്ടുന്ന ലോകത്ത് ചൂതുകളിക്ക് എത്തിയതായിരുന്നു അവന്‍.. ചിലപ്പോള്‍ ജയിക്കാം... അല്ലെങ്കില്‍ ആ ഭാഗം പൂരിപ്പിക്കാതെ കിടന്നു... അതിലായിരുന്നു, അത് തേടി ആയിരുന്നു അവന്‍റെ ജീവിതയാത്ര.....
ഗൃഹാതുരത്വത്തിന്‍റെ അങ്ങേപ്പുറത്ത് പ്രേമത്തിന്‍റെ ചായം പൂശുമ്പോള്‍ ചെറുതായ് മഴ പൊടിഞ്ഞിരുന്നു. പ്രേമപ്പനിയില്‍ ചാറ്റല്‍മഴ നനയരുതെന്ന് ഫോണിലൂടെ അവള്‍ പറഞ്ഞു...പെണ്ണിന്‍റെ സ്നേഹം അറിഞ്ഞപ്പോള്‍, അനുഭവിച്ചപ്പോള്‍ അവന്‍ മനസ്സില്‍ ഉറപ്പിച്ചു...തനിക്ക് ഒരിക്കലും ഇത് നഷ്ടപ്പെട്ടു കൂടാ...ഉറങ്ങാത്ത രാത്രികളില്‍ മനസ്സിന്‍റെ കൂട്ടില്‍ അവളുടെ മുഖം ആയിരുന്നു.
മൊബൈല്‍ ഫോണ്‍ സൈലന്‍റ് വൈബ്രേഷനില്‍ ഇട്ട് അവന്‍റെ ശബ്ദത്തിനായ് അവളും കാത്തിരുന്നു. ഉള്ളുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ വിളികേള്‍ക്കുന്ന ദേവനോട് കാര്യം പറഞ്ഞിട്ടുണ്ടെന്ന് അങ്ങിനെ ഒരു വേളയിലാണ് അവള്‍ അവനോട് പറഞ്ഞത്. വാക് തലോടലുകളും നാദ ചുംബനങ്ങളും ഏറ്റ് മൊബൈല്‍ ഫോണ്‍ അക്കാലത്ത് ശരീരത്തിന്‍റെ തന്നെ ഒരു സംവേദന ഇന്ദ്രിയം പോലെ ആയി.
ദിവസത്തിലെ ആദ്യകാഴ്ചക്കായ് അവര്‍ മത്സരിച്ചു. കാണുമ്പോള്‍ കാത്തിരിപ്പിന്‍റെ നെടുവീര്‍പ്പുകള്‍ കണ്ണിന്‍റെ ഭാഷയില്‍ അലിഞ്ഞു. ദീര്‍ഘനിശ്വാസങ്ങള്‍ക്ക് പുലര്‍കാലത്തിന്‍റെ തെളിമയുണ്ടായിരുന്നു. പ്രേമം ശുദ്ധമെന്നും സ്നേഹം സത്യമെന്നും അവന്‍ ഉറപ്പിച്ചതും അതുകൊണ്ടു തന്നെയാണ്.....
കുറെ ആള്‍ക്കൂട്ടം ആയിരുന്നു അക്കാലങ്ങളില്‍ അവന് ചുറ്റും. ഒക്കെയും കണ്ടെന്നു വരുത്തി..അത്രമാത്രം...മാസങ്ങള്‍ക്ക് ദിവസങ്ങളുടെയും ദിവസങ്ങള്‍ക്ക് മണിക്കൂറുകളുടെയും മണിക്കൂറുകള്‍ക്ക് സെക്കന്‍റുകളുടെയും ദൈര്‍ഘ്യമായി. അകത്തേക്കു നീണ്ട നോട്ടം അകലെ എവിടെയോ അവരെ നോക്കുന്നുണ്ടായിരുന്നു....
ഗ്രാമത്തിലെ നദിയോട് പട്ടണത്തിലെ കഥകള്‍ അവന്‍ പറഞ്ഞു. കല്‍പ്പടവുകള്‍ അതെല്ലാം കേട്ട് മിണ്ടാതെ കിടന്നു. മേഘങ്ങള്‍ ഇരുണ്ടുകൂടി പെയ്തിറങ്ങി.... കാല്പനികതയും യാഥാര്‍ത്ഥ്യവും രണ്ടാണെന്ന് ഓര്‍മ്മപ്പെടുത്തും പോലെ....
ഇടവേളകള്‍ക്ക് വിശ്രമം നല്‍കാനുള്ള യാത്രകളില്‍ കണ്ട നീലാകാശം എന്തോ പറയുന്നുണ്ടായിരുന്നു. ഒരുപക്ഷെ പറന്നകന്ന മേഘങ്ങള്‍ പഠിപ്പിച്ച കഥയാവാം.....
അടുത്തിരുന്ന മറ്റേതോ നേരം വീണ്ടും അവള്‍ അവനോട് പറഞ്ഞു. ‘ഇത്ര തീവ്രത വേണ്ട..' ജീവിതയാത്രയില്‍ പിന്നെ അവര്‍ വഴി പിരിഞ്ഞപ്പോള്‍ നീലാകാശത്തെ നോക്കി അവന്‍ ചിരിച്ചു. പിന്നെ മേഘങ്ങള്‍ പഠിപ്പിച്ച പാഠം ഓര്‍ത്തു... അപ്പോഴത്തെ ഭാവത്തിന് എന്തു പേരിടണമെന്ന് അവനറിയില്ലായിരുന്നു.......
No comments:
Post a Comment