Pages

Saturday, September 25, 2010

ഒ.എന്‍.വി.ക്ക് ജ്ഞാനപീഠം



മലയാളത്തിന് അഞ്ചാമൂഴം ഒ.എന്‍.വി.ക്ക് 2007-ലെ പുരസ്‌കാരം 2008-ലെ പുരസ്‌കാരം ഉറുദുകവി അഖ്‌ലാക്ക് ഖാന്


ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. ഒ.എന്‍.വി. കുറുപ്പിന് ജ്ഞാനപീഠം പുരസ്‌കാരം. ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠത്തിന് അര്‍ഹനാവുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ് അദ്ദേഹം. ഡോ. സീതാകാന്ത് മഹാപത്രയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന പുരസ്‌കാര നിര്‍ണയ സമിതിയാണ് 43-ാമത് ജ്ഞാനപീഠത്തിന് ഒ.എന്‍.വി.യെ തിരഞ്ഞെടുത്തത്. 2007-ലെ പുരസ്‌കാരമാണ് ഒ.എന്‍.വി.ക്ക് നല്കുന്നത്. 44-ാമത്തെ പുരസ്‌കാരത്തിന് ഉറുദു കവിയും ഗാനരചയിതാവുമായ അഖ്‌ലാഖ് ഖാന്‍ ഷഹര്യാറെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷത്തെയും പുരസ്‌കാരങ്ങള്‍ കവികള്‍ക്കു ലഭിക്കുന്നുവെന്നതാണ് പുരസ്‌കാര നിര്‍ണയത്തിലെ സവിശേഷത. കവി കെ. സച്ചിദാനന്ദനു പുറമെ പ്രൊഫ. മനേഗര്‍ പാണ്ഡെ, പ്രൊഫ. ഗോപീചന്ദ് നാരംഗ്, ഗുര്‍ദയാല്‍ സിങ്, കേശുഭായ് ദേശായ്, ദിനേശ് മിശ്ര, രവീന്ദ്ര കാലിയ എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. സമകാലീന മലയാള കവിതയിലെ ഒന്നാംകിട ശബ്ദമാണ് ഒ.എന്‍.വി. കുറുപ്പിന്റേതെന്ന് ജ്ഞാനപീഠ സമിതി വിലയിരുത്തി. ''പുരോഗമന സാഹിത്യകാരനായി സര്‍ഗജീവിതം തുടങ്ങിയ അദ്ദേഹം, പിന്നീട് മാനവികതയിലേക്ക് വഴി മാറിയെങ്കിലും സാമൂഹിക പ്രത്യയശാസ്ത്രം കൈവിട്ടില്ല. പൗരാണിക കവികളായ വാല്മീകിയും കാളിദാസനും മുതല്‍ ടാഗോര്‍ വരെയുള്ളവര്‍ ഒ.എന്‍.വി.യുടെ സാഹിത്യജീവിതത്തെ സ്വാധീനിച്ചു. കാല്പനിക ഭാവനകളെ ശാസ്ത്രീയ ബിംബങ്ങളുമായി സംയോജിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 'ഉജ്ജയിനി', 'സ്വയംവരം' തുടങ്ങിയ കവിതകളിലൂടെ മലയാള കവിതയുടെ ആഖ്യാനരീതികളെ അദ്ദേഹം പുനരാവിഷ്‌കരിച്ചു. മനസ്സിന്റെ ആഴങ്ങളെ തൊടുന്നതാണ് ഒ.എന്‍.വി. ക്കവിതകള്‍. കേരളത്തിന്റെ നാടോടിപാരമ്പര്യവും പാരിസ്ഥിതിക അവബോധവും അദ്ദേഹത്തിന്റെ കവിതകളില്‍ വളരെ പ്രകടമാണ്''- പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. 1936-ല്‍ യു.പി.യിലെ ബറേലിയില്‍ ജനിച്ച അഖ്‌ലാഖ് ഖാന്‍ ഉറുദു കവിതാശാഖയെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. സ്വയം തിരിച്ചറിവും വര്‍ത്തമാനകാലപ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമവും ഇദ്ദേഹത്തിന്റെ കവിതകളില്‍ കാണാമെന്ന് സമിതി വിലയിരുത്തി. 1961-ലാണ് ജ്ഞാനപീഠ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആദ്യപുരസ്‌കാരം ജി. ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴലി'നായിരുന്നു. തുടര്‍ന്ന് 1980-ല്‍ എസ്.കെ. പൊറ്റെക്കാട്ടിനും 1984-ല്‍ തകഴി ശിവശങ്കര പിള്ളയ്ക്കും 1995-ല്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും ജ്ഞാനപീഠം ലഭിച്ചു ഏഴ് ലക്ഷം രൂപയും സരസ്വതീദേവിയുടെ വെങ്കല ശില്പവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

No comments:

Post a Comment