Pages

Saturday, September 5, 2015

വെറും കാഴ്ചയല്ല ! വെറും വാക്കുമല്ല !


പ്രകൃതിക്കൂട്ടില്‍ ഒരു പാര്‍ക്ക് !



ജയപ്രകാശ് നാരായണ്‍ പാര്‍ക്ക്, മത്തിക്കരെ
നേര്‍ത്ത നൂല്‍മഴ പൊടിഞ്ഞിരുന്ന ഒരു സായാഹ്നത്തില്‍ ഉദ്യാന നഗരത്തിലെ ജെ.പി.പാര്‍ക്കിലെത്തിയത് മറക്കാനാകാത്ത അനുഭമാണ് . ജീവിത പുസ്തകത്തില്‍ ആത്മാവെഴുതിയ കവിത പോലെ ഏറെ സുന്ദരമായിരുന്നു ആ കാഴ്ചകള്‍. തിരക്കുകള്‍ കലക്കി മറിച്ച നഗര ശരീരത്തില്‍ മനുഷ്യന്‍ കടഞ്ഞെടുത്ത മനോഹരമായ പ്രകൃതി കൂട്ടുകള്‍ കണ്ടറിഞ്ഞ ദിവസം. പിന്നെ എത്ര തവണ അവിടെ പോയെന്ന് എനിക്കുതന്നെ അറിയില്ല. 

ഭാഗ്യമെന്ന് പറയട്ടെ എന്‍റെ ഭാര്യയുടെ വീട് ഈ പാര്‍ക്കിന്‍റെ തൊട്ടടുത്താണ്. നടന്നുപോകാന്‍ പറ്റുന്നത്ര അടുത്ത് !

ജെ.പി.പാര്‍ക്കിലെ ജോഗിംഗ് ലൈന്‍

ബെംഗളൂരുവിലെ വലിയ പാര്‍ക്കുകളെന്നാല്‍ അന്നുവരെ എല്ലാരെ പോലെ എനിക്കും ലാല്‍ബാഗും കബണ്‍പാര്‍ക്കും ആയിരുന്നു. വേറിട്ട സുന്ദരമായ കാഴ്ചകള്‍ ഒരുക്കിയിട്ടുള്ള ജെ.പി. പാര്‍ക്കിനേപ്പറ്റി നഗരത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളില്‍ ഏറെപേരും ഇന്നും അറിവുണ്ടായിരിക്കില്ല. 

മനോഹരമായ പ്രതിമകള്‍




ജെ.പി.പാര്‍ക്ക് അഥവാ ജയപ്രകാശ് നാരായണ്‍ ജൈവ വൈവിദ്ധ്യ പാര്‍ക്ക് ബെംഗളൂരു നഗരത്തിലെ ഏറ്റവും ചെറുപ്പക്കാരിയായ പാര്‍ക്കാണ്. എണ്‍പത്തിയഞ്ച് ഏക്കറില്‍ പരന്ന് കിടക്കുന്ന ഇവിടേക്ക് ഒരിക്കലെത്തിയാല്‍ പിന്നെ വീണ്ടും വരാതിരിക്കാനാകില്ല. 


ഉദ്യാന നഗരത്തില്‍ ബ്രിട്ടീഷുകാര്‍ ഒരുക്കിയ കബണ്‍പാര്‍ക്കും മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദരാലി തുടങ്ങിവച്ച് മകന്‍ ടിപ്പുസുല്‍ത്താന്‍ പണി തീര്‍ത്ത ലാല്‍ബാഗും കഴിഞ്ഞാല്‍ നാടിന്റെ സ്വന്തം മക്കള്‍ ഒരുക്കിയ ജെ.പി.പാര്‍ക്ക് തന്നെയാണ് വലിപ്പത്തില്‍ മുമ്പില്‍. 2006ല്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കെയാണ് പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഒമ്പതു കോടി രൂപ മുടക്കി ബെംഗളൂരു മഹാനഗര പാലികെയാണ് ജെ.പി.പാര്‍ക്ക് നിര്‍മ്മിച്ചത്.
പാര്‍ക്കിനുള്ളിലുള്ള തടാകത്തിലെ മത്സ്യങ്ങള്‍ 

നാടും നഗരവും ഒരുമിപ്പിക്കുന്ന ഇടത്താവളമെന്ന് ഈ പാര്‍ക്കിനെ വിശേഷിപ്പിക്കാം. കവാടം മുതല്‍ കാഴ്ചക്കാരെ കാത്തിരിക്കുന്നത് മനോഹരമായ ദൃശ്യവിസ്മയങ്ങളാണ്. പാര്‍ക്കിനുള്ളിലെ ചെറു പാര്‍ക്കുകളും നാല് തടാകങ്ങളും നീന്തല്‍ക്കുളവും മ്യൂസിക് ഫൗണ്ടെയ്‌നുമെല്ലാം നിര്‍മ്മാണത്തിലെ വൈദഗ്ധ്യം വെളിവാക്കുന്നു. ആയിരക്കണക്കിന് മത്സ്യങ്ങള്‍ നിറഞ്ഞ തടാകങ്ങളും ദേശാടനക്കിളികളുടെ കലവറയായ പച്ചത്തുരുത്തുകളും പാര്‍ക്കിന്റെ സൗഭാവിക സൗന്ദര്യത്തിന്റെ നേരറിവാണ്. 
 
ജീവന്‍ തുടിക്കുന്ന പശുവിന്‍റെ മാതൃക

ഒരുഭാഗത്ത് നാട്ടിന്‍പുറത്തെ കര്‍ഷക ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാട്ടിത്തരുമ്പോള്‍ മറ്റൊരു ഭാഗത്ത് ഏറ്റവും ആധുനിക സൗകര്യമുള്ള നീന്തല്‍ക്കുളവും ശ്രവണ നയനാനന്ദകരമായ മ്യൂസിക് ഫൗണ്ടെയ്‌നും ഒരുക്കിയിരിക്കുന്നു. ഇരുനൂറ്റമ്പത് ഇനങ്ങളിലുള്ള വൃക്ഷങ്ങളും നൂറുകണക്കിന് ഇനം പുല്‍ച്ചെടികളും കുറ്റിച്ചെടികളുമായി ജൈവ സമ്പത്താല്‍ സമൃദ്ധമാണ് ഇവിടം. 


നക്ഷത്ര വനവും രാശിവനവും
പരമ്പരാഗതമായ നാട്ടറിവുകള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ രീതിയിലാണ് ഉള്ളിലുള്ള ചെറുപാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നക്ഷത്രവനവും രാശി വനവും നവഗ്രഹ വനവും ജോതിശാസ്ത്ര അറിവുകള്‍ സമന്വയിപ്പിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ നക്ഷത്രത്തിനും അനുസരിച്ചുള്ള മരങ്ങളും ചെടികളും ഇവിടെ സൂക്ഷ്മതയോടെ വളര്‍ത്തുന്നു. കര്‍ണാടകയിലെ അല്‍മാട്ടിയിലെ ശിലാ ഉദ്യാന മാതൃയിലുള്ള റോക് ഗാര്‍ഡനും ജെ.പി.പാര്‍ക്കിലുണ്ട്. ഇതിനുപുറമെ നാലര കിലോമീറ്റര്‍ ജോഗിംഗ് ട്രാക്കും, വ്യായാമത്തിനുള്ള മറ്റ് സൗകര്യങ്ങളുമുണ്ട്. മുളന്തോട്ടവും കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും സ്ത്രീകള്‍ക്കായി പ്രത്യേകം ഷട്ടില്‍, ടെന്നീസ് കോര്‍ട്ടുകളും ജെ.പി.പാര്‍ക്കിന്റെ സവിശേഷതകളാണ്. 

എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് കൊള്ളുമ്പോള്‍ ആയിരം എന്നും പറയും പോലെ എഴുതിയാലും തീരാത്ത കാര്യങ്ങള്‍ ഒളിപ്പിച്ച് ജയപ്രകാശ് നാരായണ്‍ പാര്‍ക്ക് ഐ.ടി.നഗരത്തിന്റെ വടക്കുപടിഞ്ഞാറെ കോണില്‍ തലയെടുപ്പോടെ കിടക്കുന്നു. യെശ്വന്ത്പൂര്‍ റെയില്‍വേസ്റ്റേഷനടുത്തുള്ള മത്തിക്കരെയിലാണ് ജയപ്രകാശ് നാരായണ്‍ ജൈവ വൈിദ്ധ്യ പാര്‍ക് സ്ഥിതിചെയ്യുന്നത്. വെളുപ്പിന് 5 മണി മുതല്‍ 9 മണി വരെയും വൈകീട്ട് 4 മണി മുതല്‍ രാത്രി 8.30 വരെയുമാണ് സന്ദര്‍ശന സമയം. 

ലേഖകന്‍ ജെ.പി.പാര്‍ക്കില്‍
കണ്ട കാഴ്ചകള്‍ക്കപ്പുറം കാണാന്‍ ഇനിയുമേറെയുണ്ട് ഈ പാര്‍ക്കില്‍. പച്ചപ്പുകള്‍  കാര്‍ന്നെടുക്കുന്ന കോണ്‍ക്രീറ്റ് വനങ്ങള്‍ സമകാലിക നഗര വികസന യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവിടെ ഒരുകൂട്ടം ആളുകള്‍ മാറി ചിന്തിച്ചിരിക്കുന്നു. ചിന്തിക്കുക മാത്രമല്ല, അത് പ്രവര്‍ത്തിപഥത്തിലും എത്തിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ ജയപ്രകാശ് നാരായണ്‍ പാര്‍ക്ക് ഒരു കാഴ്ചയല്ല, അനുഭവമാണ്, നല്ല ഒന്നാന്തരം അറിവുകള്‍ നല്‍കുന്ന അനുഭവം !