Pages

Thursday, October 22, 2015

വിധിയെ ഓടി തോല്‍പ്പിക്കുന്നവന്‍ !

കുഴിബോംബ് സ്ഫോടനത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ടിട്ടും ബ്ലേഡ് റണ്ണറായി വിജയങ്ങള്‍ കൊയ്യുന്ന മദ്രാസ് എഞ്ചിനീയറിംഗ് റജിമെന്‍റിലെ ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരനെ പരിചയപ്പെടാം

പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തലയെടുപ്പോടെ നേരിട്ട് മുന്നേറുന്നതാണ് ധീരന്മാരുടെ ലക്ഷണം. തിരിച്ചടികളെ സധൈര്യം സ്വീകരിച്ച് അവര്‍ ലക്ഷ്യത്തിലെത്തും. ഏറെ പേരും തളര്‍ന്ന് വീഴുന്നിടങ്ങളില്‍ കത്തിനില്‍ക്കുന്ന സൂര്യനെപ്പോലെ അവര്‍ ഊര്‍ജ്ജസ്വലരായിരിക്കും. ജീവിതം അവര്‍ക്കായി വിജയപാതകള്‍ വെട്ടിത്തെളിക്കും.


2016 പാരാലിംപിക്‌സിന് യോഗ്യത നേടിയ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പിലെ(എം.ഇ.ജി) ബ്ലേഡ് റണ്ണര്‍ അനന്ദന്‍ ഗുണശേഖരന്‍ ഇന്ന് രാജ്യത്തിന്‍റെ തന്നെ അഭിമാനമാണ്. ദക്ഷിണ കൊറിയയിലെ മ്യൂങ്യോംഗില്‍ ഒക്ടോബര്‍ 11ന് അവസാനിച്ച ആറാമത് ലോക സൈനിക കായിക മേളയില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് വികലാംഗരുടെ ഒളിംപിക്‌സെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാരാലിംപിക്‌സിന് അനന്തന്‍ യോഗ്യത നേടിയത്. 24.04 സെക്കന്റിന്റെ പുതിയ ഏഷ്യന്‍ റെക്കോര്‍ഡോടെ ആയിരുന്നു ഈ ഇരുപത്തൊമ്പതുകാരന്റെ നേട്ടം. ഇതിന് പുറമെ 100 മീറ്ററില്‍ നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായി(12.55 സെക്കന്റ്- ഫോട്ടോഫിനിഷില്‍ .05 സെക്കന്റില്‍ രണ്ടാമതായി). ടി-44 വിഭാഗത്തിലാണ് ബെംഗളൂരു ആസ്ഥാനമായ എം.ഇ.ജിയിലെ കായികതാരം മത്സരിച്ചത്. കീഴടക്കാനാവാത്ത പോരാട്ട വീര്യത്തിന്റെ ത്രസിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലൂടെ ഒരു പര്യടനം.


ദക്ഷിണ കൊറിയയില്‍ അനന്തന് കിട്ടിയ സ്വര്‍ണ മെഡല്‍

കൈയ്യും കാലുമുള്ള മനുഷ്യരിലേറെപ്പേര്‍ക്കും ഇല്ലാത്ത ഒന്ന് അനന്ദന്‍ ഗുണശേഖരനുണ്ട്. ഇച്ഛാശക്തി. തോല്‍ക്കില്ലെന്നും ജയിക്കണമെന്നുമുള്ള അടങ്ങാത്ത വാശി. ബ്ലേഡ് റണ്ണറെന്ന് കേട്ടാല്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്‍റെ പേര് ഓടിയെത്തിയിരുന്ന ഇന്ത്യാക്കാരുടെ മനസ്സിലേക്ക് അനന്തനും സുവര്‍ണ സിംഹാസനമിട്ട് ഇരുപ്പുറപ്പിക്കുകയാണ്. അതെ, ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരന്‍ ഒന്നിനും തോല്‍പ്പിക്കാനാവാത്ത മനക്കരുത്തിന്റെ പര്യായമായിരിക്കുന്നു. അനന്തനെ അറിയണമെങ്കില്‍ അനന്തന്റെ നേട്ടത്തിന്റെ മഹത്വം അറിയണമെങ്കില്‍ ഏഴ് വര്‍ഷം പിന്നിലേക്ക് പോകണം. അഖണ്ഡ ഭാരതത്തിന്‍റെ മുറിക്കപ്പെട്ട ദുഖങ്ങളുടെ അവശേഷിപ്പായ അങ്ങ് ജമ്മുകാശ്മീരിലേക്ക്.


വര്‍ഷം 2008, അനന്തന്‍ പട്ടാളത്തില്‍ ചേര്‍ന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുന്ന കാലം. അതിര്‍ത്തിയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരു നാള്‍ കുഴിബോംബ് പൊട്ടി ആ ചെറുപ്പക്കാരന് ഇടംകാല്‍ നഷ്ടമായി. പഠനകാലം മുതലെ ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം സമര്‍ത്ഥനായിരുന്ന അവന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ തളര്‍ന്ന് പോകുന്നിടത്ത് ആത്മശക്തി വീണ്ടെടുത്തതും ഉയരങ്ങള്‍ കീഴടക്കണമെന്ന് ഉറച്ച് വിശ്വസിച്ചതുമാണ് അനന്തനിലെ കായികതാരത്തെ ഉണര്‍ത്തിയത്. 


 സ്വര്‍ണ മെഡലുമായി ദക്ഷിണ കൊറിയയില്‍ 

ലോകം കീഴടക്കാന്‍ പോകുന്നത്ര ചൂടുമായി ഉള്ളിലെവിടെയോ ഒരഗ്നി എരിഞ്ഞ് തുടങ്ങി. ഉറക്കം പോലും നഷ്ടപ്പെടുത്തിയ അത് അവന്‍റെ കൈകകളിലേക്കും കാലുകളിലേക്കും പ്രവഹിച്ചു. മുറിഞ്ഞുപോയ ഇടതുകാലിന്‍റെ ഭാഗത്ത് കൃത്രിമക്കാല്‍ വച്ചുചേര്‍ത്ത് അനന്തന്‍ ട്രാക്കിലിറങ്ങി. ശരീരത്തോട് ഇനിയും ചേരാത്ത നിര്‍ജീവ അവയവം മുട്ടിലെ മുറിപ്പാടില്‍ ഉരയുമ്പോള്‍ സിരകളിലും ഞരമ്പുകളിലും വേദന മിന്നല്‍പോലെ പടര്‍ന്നു. ആരോടും പറയാതെ ആ വേദനകള്‍ കടിച്ചമര്‍ത്താന്‍ അന്ന് സഹായമായത് സ്വപ്‌നങ്ങളുടെ നിറുകയില്‍ പറന്ന അവന്‍റെ മനസ്സായിരുന്നു. അതെല്ലാം അധികമാരും അറിയാത്ത അനന്തന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ കഴിഞ്ഞ നാളുകള്‍. വര്‍ത്തമാനം പറയുന്നത് വിശ്വവിജയിലേക്കുള്ള ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരന്‍റെ വീരഗാഥകള്‍. കായികലോകം ഇനിയും കാണാനിരിക്കുന്ന അത്ഭുത കാഴ്ചകള്‍.


2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ ബ്ലേഡ് കാലുകളില്‍ പറക്കുന്ന ഓസ്‌കാര്‍ പിസ്റ്റോറിയസ് എന്ന ദക്ഷിണാഫ്രിക്കന്‍ സ്പ്രിന്‍ററിന്‍റെ സ്ഥാനത്തേക്ക് 2016 ബ്രസീല്‍ റിയോ ഡി ജനീറോയില്‍ അനന്തന്‍ ഗുണശേഖരനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു ഇന്ത്യയും ഏഷ്യന്‍ വന്‍കരയും. അത് നടക്കാത്ത മോഹമല്ലെന്ന് അനന്തന്‍ പിന്നിട്ട വഴികള്‍ നോക്കിയാല്‍ മനസ്സിലാകും. 

തമിഴ്‌നാട് കുംബകോണം സ്വദേശിയായ അനന്തന്‍ ഗുണശേഖരന്‍ 2005 സെപ്തംബറിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ എം.ഇ.ജിയിലെ 10 എഞ്ചിനീയറിംഗ് റജിമെന്‍റില്‍ പോസ്റ്റിംഗായി. 2008 ജൂണ്‍ നാലിനാണ് പാകിസ്ഥാന്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. കൃത്രിമ കാല്‍ സ്ഥാപിക്കുന്ന പൂനെയിലെ എ.എല്‍.സി ആശുപത്രിയില്‍ തൊട്ടടുത്തമാസം ഇടതുകാല്‍ മുറിച്ച് മാറ്റി. മികച്ച കായിക ക്ഷമതയുണ്ടായിരുന്ന അനന്തനെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് ബ്ലേഡ് റണ്ണിംഗിനായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള തീരുമാനമെടുത്തതാണ് വഴിത്തിരിവായത്. 

ബ്ലേഡ് റണ്ണര്‍ അനന്തന്‍ ഗുണശേഖരന് മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സ്വീകരണം നല്‍കിയപ്പോള്‍
നല്ല തന്‍റേടവും ആത്മവിശ്വാസവുമുള്ള അനന്തന് അംഗവൈകല്യത്തിന്‍റെ പരിമിതികള്‍ മറികടക്കാന്‍ ഏറെനാള്‍ വേണ്ടിവന്നു. കൃത്രിമക്കാലുമായി 2008 ഡിസംബറില്‍ തന്നെ ട്രാക്കിലിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച വേഗത്തിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. വിട്ടുവീഴ്ചയില്ലാത്ത കഠിന പരിശീലനങ്ങളുടെ നാല് വര്‍ഷമായിരുന്നു പിന്നീട്. പതുക്കെ നിലവാരമുള്ള അത്‌ലറ്റായി അനന്തന്‍ മാറി. 2012ല്‍ 2.5 കിലോമീറ്റര്‍ മുംബെയ് മാരത്തണ്‍ 9.58 മിനുട്ടില്‍ ഓടിയെത്തി രണ്ടാം യൗവനത്തിന്‍റെ വരവറിയിച്ചു. ട്രാക്കിലെ അനന്തന്‍റെ കഴിവ് കണ്ടറിഞ്ഞ റജിമെന്‍റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഞ്ച് ലക്ഷം രൂപ മുടക്കി കൃത്രിമ കാലിന് പകരം ബ്ലേഡ് വാങ്ങി നല്‍കി. ബ്ലേഡ് വച്ച് ഓട്ടത്തിനിറങ്ങിയ അനന്തന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 

അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ മെഡലുകള്‍ ഈ കായികതാരം ഇതിനോടകം വാരിക്കൂട്ടി. ടുണീഷ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.സി. അത്‌ലറ്റിക് ഗ്രാന്റ് പ്രീയില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടി. അതേവര്‍ഷം ചൈനയിലെ ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലും മികച്ച പ്രകടനം നടത്തി. 2015 സെപ്തംബറില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സൈനിക പാരാ ഗെയിംസിലും 200 മീറ്ററില്‍ 100 മീറ്ററിലും ഒന്നാമതെത്തി. 


എം.ഇ.ജിയിലെ സുഹൃത്തുക്കള്‍ അനന്തനെ എതിരേറ്റ് കൊണ്ടുപോകുന്നു

ഈ മാസം ദക്ഷിണ കൊറിയയില്‍ നടന്ന ലോക സൈനിക കായികമേളയില്‍ എണ്‍പത് രാജ്യങ്ങളില്‍ നിന്നായി 5,000 കായികതാരങ്ങളാണ് പങ്കെടുത്തതെന്ന് കൂടി മനസ്സിലാക്കുമ്പോള്‍ അനന്തന്‍ നേടിയ സ്വര്‍ണത്തിന്‍റെ മാറ്ററിയാം. റിയോ ഡി ജനീറോയിലെ പാരാലിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ ബ്ലേഡ് റണ്ണര്‍ക്ക് വമ്പന്‍ സ്വീകരണമാണ് മദ്രാസ് എഞ്ചിനീയറിംഗ് റജിമെന്റ് ഒരുക്കിയത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ അഭിമാനത്തോടെ എല്ലാ സഹപ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. 

എം.ഇ.ജിയിലെ സഹപ്രവര്‍ത്തകരോടൊപ്പം ലാന്‍സ് നായിക് അനന്തന്‍

ബെംഗളൂരുവില്‍ അള്‍സൂര്‍ തടാകത്തിന്റെ അടുത്ത് താമസിക്കുന്ന അനന്തന്‍ ഗുണശേഖരന്‍ കണ്ഡീരവ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. എല്ലാ ദിവസവും ആറ് മണിക്കൂറോളമാണ് പരിശീലനം. ജീവിതത്തിലുണ്ടായ ദുരന്തമാണ് ഈ നേട്ടത്തിനെല്ലാം കാരണമെന്ന് അനന്തന്‍ പറയുന്നു. എല്ലാ ദിവസവും വെല്ലുവിളികളുടേതാണ്. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലെല്ലാം വിജയത്തില്‍ കുറച്ച് ഒന്നും സ്വപ്‌നം കാണാറില്ല.


 പാരാലിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ഈ പട്ടാളക്കാരന്‍ പറയുമ്പോള്‍ വിശ്വസിക്കാതെ തരമില്ലെന്ന് പറയേണ്ടിവരും. ചിലരങ്ങനെയാണ് വാക്കിലും പ്രവര്‍ത്തിയിലും വിടവ് വരുത്താറില്ല. അനന്തന്‍ ഗുണശേഖരന്‍ ഓടുന്നത് വിധിയേയും തോല്‍പ്പിച്ചാണ്. അയാള്‍ക്ക് മുന്നില്‍ വഴിമാറാനുള്ള കാത്തിരിപ്പിലാണ് കായിക ചരിത്രവും !

മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക