Pages

Tuesday, September 10, 2013

ആദ്യ ദില്ലിയാത്രയ്ക്ക് അപ്രതീക്ഷിത ക്ലൈമാക്സ്

ആദ്യമായി ദില്ലിക്ക് പോവുകയാണ്. യാത്ര എയര്‍ ഡെക്കാന്‍ വിമാനത്തില്‍.,. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയറോണ്‍മെന്‍റിന്‍റെ ദക്ഷിണേഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള സെമിനാറില്‍ പങ്കെടുക്കുക, പിന്നെ ദില്ലി ബ്യൂറോയില്‍ കുറച്ചുനാള്‍ നിന്ന് പാര്‍ലമെന്‍റ് സമ്മേളനം ഉള്‍പ്പെടെയുള്ള ദൈനംദിന ജോലികളുടെ ഭാഗമാവുക. അതുവരെ ഡെസ്കില്‍ മാത്രം ജോലിചെയ്തിട്ടുള്ള എനിക്ക് എല്ലാം പുതിയ അനുഭവമാകുമെന്ന് എന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററും മറ്റ് മുകളിലുള്ള സഹപ്രവര്‍ത്തകരും കരുതിയിരിക്കണം. ഏഷ്യാനെറ്റ് ന്യൂസില്‍ എത്തിയിട്ട് ഏതാണ്ട് രണ്ടുവര്‍ഷം ആയിരിക്കുന്നു. അമൃതാ ടി.വിയില്‍ തുടങ്ങിയതുമുതല്‍ സയന്‍സ് വിഷയങ്ങളില്‍ സ്റ്റോറികള്‍ കണ്ടെത്തി ചെയ്തിരുന്നു. അതിലുള്ള  താത്പര്യം കണക്കിലെടുത്താവും എനിക്ക് ഇത്തരം ഒരവസരം തന്നതെന്ന് വിചാരിക്കുന്നു. 

എന്തായാലും വലിയ താത്പര്യത്തില്‍ ഞാന്‍ യാത്ര പുറപ്പെട്ടു. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമിലെ ഓണ്‍ലൈന്‍ എഡിറ്റര്‍ സാലുവാണ് ബൈക്കില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊണ്ടുചെന്നാക്കിയത്. വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു ഫ്ലൈറ്റ്. രാത്രി എട്ടരയോടെ വിമാനത്താവളത്തിന് പുറത്തെത്തി. അവിടെ പ്രശാന്ത് ചേട്ടന്‍(,(പ്രശാന്ത് രഘുവംശം) പറഞ്ഞതനുസിരിച്ച് സെബിയെന്ന ഡ്രൈവര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുറച്ചുപാടുപെട്ടെങ്കിലും ഞാന്‍ ഡ്രൈവറുടെ അടുത്തെത്തി. വണ്ടിയില്‍ കയറി നേരെ തിരിച്ചത് ബ്യൂറോയിലേക്ക്. അവിടെ നിന്നും ഗുഡ്ഗാവിലെ ഞങ്ങളുടെ ഗസ്റ്റ്ഹൗസിലേക്കും പോയി. ഒരുപരിചയവുമില്ലാത്ത രണ്ടുമൂന്ന് ആളുകളും ഞാനും രാത്രിയില്‍ ഹരിയാനയിലെ ആ വീട്ടില്‍,. 

കൂടുതല്‍ പരിചയപ്പെടലിലൂടെ അറിയാന്‍ സാധിച്ചത് ഗസ്റ്റ്ഹൗസ് എല്‍.. കെ അദ്വാനിയുടേതാണെന്നാണ്. ഒന്നേകാല്‍ ലക്ഷം രൂപയാണത്രെ ഒരുമാസത്തെ വാടക. എന്തായാലും നല്ല കിടിലന്‍ സെറ്റപ്പ്. അതിഥികള്‍ക്ക് ഇഷ്ടഭക്ഷണം ഒരുക്കുന്നതിലും ആവശ്യങ്ങള്‍ ചോദിച്ചുചെയ്യുന്നതിലും ഒരുവീഴ്ചയും വരുത്താത്ത ഹൗസ്കീപ്പേഴ്സ്. സെമിനാറില്‍ പങ്കെടുക്കാനായി അടുത്ത ദിവസം ദില്ലി ഓഫീസിലെത്താന്‍ ഞാന്‍ ഡെല്‍ഹി മെട്രോ ട്രെയിനില്‍ യാത്ര തിരിച്ചു. ആദ്യമായി ഡിഎംആര്‍സി സ്റ്റേഷനില്‍ യാത്രക്കായെത്തുന്നതിന്‍റെ അപരിചിതത്വം ഉണ്ടായിരുന്നു. എങ്കിലും കൃത്യമായ സംവിധാനങ്ങള്‍ വളരെ പെട്ടന്നുതന്നെ സങ്കേതങ്ങളുടെ സങ്കീര്‍ണത ഇല്ലാതാക്കി. ചോദിച്ചുംപറഞ്ഞും ബ്യൂറോയിലെത്തിയ ശേഷം സെബി തന്നെ എന്നെ സെമിനാര്‍ നടക്കുന്ന സ്ഥലത്ത് കൊണ്ടുചെന്നാക്കി.  

ജാര്‍ഖണ്ഡ് സ്വദേശി ശ്യാംകുമാറെന്ന ആളായിരുന്നു എന്‍റെ റൂം മേറ്റ്. രണ്ടുദിവസത്തെ സെമിനാറില്‍ സുനിതാ നാരായണനും സംഘവും പ്രകൃതിയില്‍ മനുഷ്യര്‍ ചെയ്യുന്ന വികൃതികളും അതുമൂലം ഉണ്ടാകുന്ന കാര്‍ബണ്‍ എമിഷനും ഒടുവില്‍ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും എല്ലാം വിശദമായി തന്നെ കണക്കുകള്‍ സഹിതം വരച്ചുകാട്ടി. ഭൂമിയോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകള്‍, വ്യവസായ സ്ഥാപനങ്ങളും വാഹനങ്ങളും അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാര്‍ബണ്‍ മോണോക്സൈഡിന്‍റെ ദൂഷ്യവശങ്ങള്‍, കടലിലേക്കും നദികളിലേക്കും ഒഴുക്കുന്ന മാലിന്യങ്ങള്‍ ജലജീവ വ്യവസ്ഥയ്ക്ക് വരുത്തുന്ന വിനാശം അങ്ങനെ പല പഠനങ്ങളും സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടു. ഒടുവില്‍ എല്ലാംകഴിഞ്ഞിറങ്ങുമ്പോള്‍ നമ്മള്‍ ദൃശ്യമാധ്യമങ്ങള്‍ എത്രമാത്രം പിന്നിലാണ് ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെന്ന് ബോധ്യമായി. ആരെയും പഴിക്കാതെ വാര്‍ത്താലോകത്തെ സംഭവബഹുലമായ സ്പന്ദനങ്ങളിലേക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലെടുത്തുകുത്തി. 

രാഷ്ട്രീയ ചരിത്രം ഏറെ അറിയാതെ പാര്‍ലമെന്‍റിന്‍റെ കവാടത്തിലൂടെയും ഇന്ദ്രപ്രസ്ഥത്തിലെ നിഴലുറങ്ങുന്ന ഇടവഴികളിലൂടെയും അലസനായി ഞാന്‍ നടന്നു. ആ നാളുകള്‍ അറിയാതെ ഏതോ ഒരിടത്തേക്ക് എന്നെ വലിച്ചുകൊണ്ടുപൊയ്ക്കൊണ്ടിരുന്നു. എന്നിലൂടെ ചുറ്റുപാടുകളെ ഞാന്‍ അറിഞ്ഞുകൊണ്ടിരുന്നു. ദില്ലിയിലെ പകലുകള്‍ നീണ്ടതും രാത്രി കുറിയതുമായി തോന്നി. നഗരത്തിന്‍റെ ആത്മാവിനെ അറിയാതെ, നെടുകെയും കുറുകെയും അറിയാതെ, ഗസ്റ്റ്ഹൗസും ചാണക്യപുരിയുമായി ചെറുവൃത്തത്തില്‍ ഞാന്‍പടര്‍ന്നു. ചാണക്യപുരിയിലെ വിശ്വയുവകേന്ദ്രയിലെ ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോയും അതിനുചുറ്റുമുള്ള എംബസ്സി കെട്ടിടങ്ങളും ഉച്ചയൂണിനായി പോകുന്ന ഒഡീഷ ഭവനും അങ്ങനെ അങ്ങനെ....

എന്തോ എനിക്ക് ദില്ലിയിലെ ജീവിതം വിരസമായി തോന്നി. പ്രധാനകാരണം ഭക്ഷണം തന്നെ. എന്‍റെ ടേസ്റ്റിനനുസരിച്ചുള്ള ആഹാരം എവിടെയും കിട്ടുന്നില്ല. മിക്കവാറും ഒഡീഷ ഭവനിലെ താലി എന്ന റൈസ് ഐറ്റം തേടിയായി എന്‍റെ ഉച്ച നടത്തം.ആദ്യം അഖിലയുടെ കൂടെ വെറുതെ ബോറടിമാറ്റാന്‍ ചിലയിടത്തൊക്കെ പോയി. പിന്നെപ്പിന്നെ  പ്രശാന്തുചേട്ടന്‍ ചെറിയ ജോലികള്‍ ഏല്‍പ്പിച്ചു തുടങ്ങി. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയത് ദ്വാരകയിലെ എന്‍എസ്എസ് കരയോഗം സാംസ്കാരിക കേന്ദ്രത്തിന്‍റെ ഉദ്ഘാടന ചടങ്ങാണ്. അവിടെ പരിചയമുള്ള ചില മുഖങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. കൊച്ചി മെട്രോയും ഇ.ശ്രീധരനും കേരളസര്‍ക്കാരും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമായിരുന്നു അത്. ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്താണ് എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ലക്ഷ്യസ്ഥാനം. കരയോഗം പരിപാടി അതുവെച്ചുനോക്കിയാല്‍ ചീളുകേസ്. പ്രതീക്ഷിച്ച പോലെ വലിയ വാര്‍ത്ത കിട്ടിയില്ലെങ്കിലും ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അടുത്ത മാസം തീരുമാനം ഉണ്ടാകുമെന്ന് ഷീല ദീക്ഷിത് പറഞ്ഞു. അത് പെട്ടെന്നുതന്നെ ഡെസ്കിലേക്ക് പാസ് ചെയ്ത് അധികം വൈകാതെ കൈരളിയുടെ വണ്ടിയില്‍ ബ്യൂറോയിലേക്ക് മടങ്ങിയെത്തി. 

ഒരുമാസത്തോളം ദില്ലിയില്‍ തുടരണമെന്ന് കരുതിയാണ് പുറപ്പെട്ടത്. ഗസ്റ്റ്ഹൗസ്, ദില്ലി ബ്യൂറോ ഇതിനപ്പുറമുള്ള ലോകത്തേക്കും ശ്രീനഗറിലുള്ള ചേട്ടന്‍റെ അടുത്തേക്കും പോകണമെന്ന് എപ്പോഴോ ഉറപ്പിച്ചിരുന്നു. പക്ഷെ എല്ലാം തെറ്റിക്കുന്ന ഞെട്ടിക്കുന്ന ഫോണ്‍കോള്‍ അടുത്ത ദിവസം എന്നെ കാത്തിരിപ്പുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല..... 

കാലത്ത് ഗസ്റ്റൗസില്‍ നിന്ന് ഭക്ഷണവും കഴിഞ്ഞ് അവിടെ വച്ച് പരിചയപ്പെട്ട സുവര്‍ണ ന്യൂസ് സെയില്‍സ് ഹെഡ് കോശിച്ചായനുമൊത്ത് പുള്ളിയുടെ കാറിലായിരുന്നു ഞാനന്ന് ദില്ലി ബ്യൂറോയിലേക്ക് പോയത്. വൈകിട്ട് കാണാമെന്നും ചെറുതായി കൂടാമെന്നും ഒക്കെ പറഞ്ഞുപിരിയുമ്പോള്‍ ആളോട് എന്തോ ഒരടുപ്പം തോന്നി. കൊല്ലം കരുനാഗപ്പള്ളിക്കാരനെങ്കിലും കോശിച്ചായന്‍ ബാംഗ്ലൂരിലാണ് താമസം. നേരത്തെ നിയോ സ്പോര്‍ട്സിലായിരുന്നു ജോലി. അവരുടെ കാറില്‍ അയതിനാല്‍ അധികം കറങ്ങാതെ ചാണക്യപുരി പൊലീസ് സ്റ്റേഷന്‍ റോഡില്‍ പെട്ടന്നുതന്നെ എത്തി. 

സാധാരണ പോലെ പത്രം, ഫേസ് ബുക്ക്, ചാനല്‍ നോട്ടം അങ്ങനെ സാവധാനം എന്‍റെ ദിനം അന്നും ഇഴഞ്ഞുനീങ്ങി. സുനിലും അജിത് ചേട്ടനും, എഡിറ്റിര്‍ അച്ചുവും ജിതിനും എല്ലാം ചേര്‍ന്ന ദില്ലി സ്റ്റുഡിയോവിലെ നാളുകള്‍ എണ്ണി തിരികെ മടങ്ങാനുള്ള ആഗ്രഹവുമായി ഒന്നും പുറത്തുകാട്ടാതെ എല്ലാംകണ്ട് നടന്നു. വൈകിട്ട് ചൈന  കണ്ടെത്തുന്ന ബിനോയ് വിശ്വത്തിന്‍റെ യാത്രാവിവരണം ഒരു സ്റ്റോറിയാക്കണമെന്ന് പ്രശാന്ത് ചേട്ടന്‍ പറഞ്ഞു. അതിനുമുമ്പ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും  ആസ്ഥാനങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്കായി പോയി. ബ്യൂറോയില്‍ തത്കാലത്തേക്ക് വന്നതിനാല്‍ കൃത്യമായി ഡ്യൂട്ടി അസൈന്‍ ചെയ്യാന്‍ ആകുമായിരുന്നില്ല. അതുകൊണ്ട് മിക്കപ്പോഴും എല്ലാം കണ്ടുപഠിക്കുക എന്നതായിരുന്നു ജോലി. ജയ്ദീപ് സാറും അത്തരം ഒരു നിര്‍ദ്ദേശം തന്നെയാണ് തന്നിരുന്നത്. ഒരുപക്ഷെ അടുത്തുതന്നെ ഇവിടേക്ക് സ്ഥലംമാറ്റം തരാനോമറ്റോ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ഇടക്കിടക്ക് സംശയം തോന്നാതെ ഇരുന്നില്ല. എല്ലാം വരുന്നിടത്ത് വച്ച്കാണാമെന്ന് മനസ്സുപറഞ്ഞു. 

ക്യാമറാമാന്‍ വടിവേലുവുമൊത്താണ് വൈകിട്ട് സിപിഐയുടെ എം.എന്‍.. സ്മാരക കേന്ദ്രത്തില്‍ ബിനോയ് വിശ്വത്തിന്‍റെ പരിപാടി കവര്‍ ചെയ്യാന്‍ പോയത്. ബിനോയ് വിശ്വത്തിന്‍റെ ചൈനയിലെ യാത്രാനുഭവങ്ങള്‍ കേള്‍ക്കാന്‍ കുറെ പാര്‍ട്ടി അനുഭാവികള്‍ അവിടെ എത്തിയിരുന്നു. ആള് പതിഞ്ഞ സ്വരത്തില്‍ തുടങ്ങി ചൈനയിലെ വികസനവും അടിസ്ഥാനപരമായി അവര്‍ ശ്രദ്ധപതിപ്പിക്കുന്ന പലകാര്യങ്ങളും വ്യക്തമായി തന്നെ ലളിതമായി പറ‍ഞ്ഞുകൊണ്ടിരുന്നു. പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങിയതും, അത് നടപ്പിലാക്കിയ രീതിയും, ഒരുവശത്ത് വികസനം നടപ്പിലാക്കുമ്പോള്‍ തന്നെ മറുവശത്ത് കൃഷിയേയും സാധാരണ ജനങ്ങളേയും ഉള്‍ക്കൊള്ളുന്ന നയപരിപാടികള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതും, അഴിമതി രഹിതമായി പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കുന്നതും എല്ലാം അദ്ദേഹത്തിന്‍റെ വാക്ചാതുരിയിലൂടെ കേട്ടിരുന്നു. ഓടിട്ട പഴയകെട്ടിടത്തിനുള്ളിലേക്ക് കയറുമ്പോള്‍ ഇരുട്ടിന്‍റെ നിറച്ചാര്‍ത്തണിഞ്ഞ് വെട്ടം രൂപംമാറിയിരുന്നു. ഏഴിന്‍റെ നിറവില്‍  ക്ലോക്കിന്‍റെ സൂചികള്‍ സമയത്തെ വശങ്ങളിലേക്ക് വകഞ്ഞുമാറ്റിയിരുന്നു. അകത്ത് യാത്രാനുഭവങ്ങളുടെ സൈദ്ധാന്തിക തലങ്ങളില്‍ ബോധം വ്യാപരിക്കുമ്പോള്‍ ശ്രദ്ധ മറ്റൊന്നിലേക്കും പതിഞ്ഞിരുന്നില്ല.

 അപ്രതീക്ഷിതമായി നാട്ടില്‍ നിന്ന് രാജന്‍ ചേട്ടന്‍റെ ഫോണ്‍ വന്നത് എന്തോ പന്തികേടിന്‍റെ തുടക്കമായി അപ്പോഴെ തോന്നി. പപ്പായിക്ക് സുഖമില്ലെന്നും മോനിപ്പോള്‍ എവിടെയെന്നുമുള്ള ചോദ്യം കേട്ടപ്പോള്‍ എന്തോ മനസ്സില്‍ വല്ലാത്ത അധിയായി. കര്‍ക്കിടകമാസത്തിലെ പെയ്യാന്‍ വിതുമ്പുന്ന കാര്‍മേഘവും ആര്‍ത്തലക്കുന്ന കാറ്റുമെല്ലാം ഉള്ളില്‍ ഉയര്‍ന്നുവരും പോലെ തോന്നി. ഇരിപ്പുറക്കാതെ ഞാന്‍ നെഞ്ചിടിപ്പോടെ ബിനോയ് വിശ്വത്തിന്‍റെ മുഖംനോക്കിയിരുന്നു. അയാളുടെ മുഖത്തിലൂടെ എന്‍റെ കണ്ണുകള്‍ നാട്ടില്‍ അമ്മയ്ക്കും അനിയത്തിക്കും ഒപ്പം ഓടിനടന്നു. 

ദില്ലിക്കുപുറപ്പെടുമ്പോ പപ്പായിക്ക് കൊടുത്ത ഉറപ്പായിരുന്നു അപ്പോള്‍ എന്‍റെ മനസ്സില്‍.,.... എനിക്കുറപ്പായിരുന്നു എന്തോ വലിയ ആപത്ത് ജീവിതത്തില്‍ വരാനിരിക്കുന്നുവെന്ന്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് പപ്പായ്ക്ക് ഷുഗര്‍ കുറഞ്ഞ് ബോധംപോയപ്പോള്‍ വിഷമിച്ച് അനിയത്തിയും അമ്മയും ഫോണ്‍ വിളിച്ചത് ഓര്‍ത്തെടുത്ത് ദുസ്സൂചനകളെ ഞാന്‍ ഓടിച്ചുവിടാന്‍ ശ്രമിച്ചു. അന്ന് അടുത്തുള്ള അരവൈദ്യന്‍ അല്പം പഞ്ചസാര കഴിപ്പിച്ച് പ്രശ്നം ഓക്കെയാക്കിയിരുന്നു. കുറച്ചുകഴിഞ്ഞ പപ്പാ തന്നെ ഫോണില്‍ വിളിച്ച് കുഴപ്പമൊന്നുമില്ല നീ വരണ്ട കാര്യമൊന്നുമില്ലെന്ന് പറഞ്ഞു. അത്തരം ഒരുവിളി ഇത്തവണയും ഉണ്ടാവണമേയെന്ന് പ്രാര്‍ത്ഥിച്ചു. 

എന്‍റെ ഹൃദയം പക്ഷെ  മിടിപ്പുകൂട്ടി ആശ്വാസങ്ങളെ പുറത്തേക്കുതള്ളി. ഞാന്‍ അനിയത്തിയെ വിളിച്ചു. അവള്‍ കാര്യങ്ങള്‍ ചുരുക്കത്തില്‍ പറഞ്ഞു. പപ്പാ ഉച്ചയുറക്കത്തിലായിരുന്നു. സന്ധ്യക്ക് വിളക്കുവച്ച് അമ്മ ചെന്ന് നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നു. വിളിച്ചിട്ട് ഒന്നും പറയുന്നില്ല. മുഖമെല്ലാം നന്നായി വിയര്‍ത്തിട്ടുണ്ട്. പെട്ടന്നു തന്നെ തോണ്ടുകണ്ടത്തിലെ ദീപുവിനെയും വാലയിലെ രാജന്‍ കൊച്ചാട്ടനെയും വിളിച്ചുവരുത്തി. അവര്‍ പപ്പായെ എടുത്ത് ഉടന്‍തന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അവളുടെ ശബ്ദത്തില്‍ പ്രതീക്ഷകളുടെ വിശ്വാസമില്ലാത്തപോലെ തോന്നി. അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. ഉച്ചയ്ക്ക് കഞ്ഞിയാണ് പപ്പാ കുടിച്ചത്. എന്തോ സുഖമില്ലായിരുന്നു. പിന്നെ പതിവുപോലെ ഉറങ്ങാന്‍ കിടന്നു. ഇടയ്ക്ക് എഴുന്നേറ്റ് ടോയ്‍ലെറ്റില്‍ പോയിരുന്നു. നാലുമണിയോടെ ചായയിട്ട് കട്ടിലിന്‍റെ തലയ്ക്കല്‍ കൊണ്ടുവച്ചു. ഉറക്കമായതിനാല്‍ വിളിക്കാന്‍ പോയില്ല. സന്ധ്യക്ക് ചെന്നുനോക്കുമ്പോള്‍ ...പിന്നെയുള്ള നിശ്ശബ്ദതയില്‍ അടുത്തനിമിഷങ്ങളുടെ ആകുലതകളായിരുന്നു. ഇനിവരുന്ന കോള്‍ ഷുഗര്‍ കുറഞ്ഞതായിരുന്നെന്നോ, ഇപ്പോ പ്രശ്നമില്ലെന്നോ പപ്പായോ മറ്റാരെങ്കിലുമോ വിളിക്കുന്നതായിരിക്കുമെന്ന് കരുതി തെല്ല് സങ്കടത്തോടെയും ആകാംക്ഷയോടെയും ഞാനിരുന്നു... 

ബിനോയ് വിശ്വത്തിന്‍റെ പ്രസംഗ സ്ഥലത്തുനിന്ന് വാതില്‍ തുറന്ന് ഞാന്‍ പുറത്തിറങ്ങി. രാജന്‍ ചേട്ടന്‍റെ രണ്ടാമത്തെ കോള്‍.,. പുള്ളി എന്തോ പറയാന്‍ പരുങ്ങുകയാണ്. പപ്പായ്ക്ക് ഇത്തിരി സീരിയസാണ്. ഇപ്പോ ഐ.സിയുവില്‍ കയറ്റിയിരിക്കുന്നു. നീ പെട്ടന്ന് വരാന്‍ നോക്ക്..അങ്ങനെ ഒരുവിധമൊക്കെ എന്തൊക്കെയോ പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദീപു ഫോണ്‍ പിടിച്ചുവാങ്ങി. കാര്യം പറഞ്ഞു. ഒരുശ്വാസത്തില്‍, ഒറ്റപ്പറച്ചിലില്‍...,.. ഇനി പറയാതിരുന്നിട്ട് കാര്യമില്ല. നിന്‍റച്ഛന്‍ മരിച്ചു. ഞങ്ങള്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് എല്ലാംകഴിഞ്ഞിരുന്നു. ഹാര്‍ട്ടറ്റാക്കായിരുന്നു. കൊടുങ്കാറ്റിനും പേമാരിക്കും മുമ്പുള്ള ഇരമ്പല്‍ കാതിലൂടെ അകലത്തേക്ക് മാറുമ്പോഴുള്ള അവസ്ഥയായിരുന്നു എന്‍റെയുള്ളില്‍.,. നിസ്സംഗനായി ഞാന്‍ എല്ലാംകേട്ടുനിന്നു. എത്രയുംവേഗം എത്താമെന്ന് അവനോടുപറഞ്ഞു. പിന്നെ കെട്ടറ്റുപോയ പട്ടത്തെ പോലെ മനസ്സിനെ എവിടേക്കോ പറക്കാന്‍വിട്ടു. ശുദ്ധമായ ശൂന്യത. എന്നെ ലോകവുമായി കെട്ടിയ ഒരുകണ്ണിപൊട്ടിപ്പോയിരിക്കുന്നു. തുടക്കമിട്ട ഏറ്റവും പ്രധാനപ്പെട്ട കണ്ണി. ആരോടും ഒന്നും പറയാതെ ഞാന്‍ പ്രശാന്തുചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. അജിത്തുചേട്ടന്‍( നീ പെട്ടന്ന് ഓഫീസിലേക്ക് തിരികെയെത്താന്‍ പറഞ്ഞു. അഖില അപ്പോഴേക്കും എയറിന്ത്യയില്‍ ടിക്കറ്റുബുക്കുചെയ്തിരുന്നു. ദില്ലി ഓഫീസിലേക്കുള്ള വഴിയ്ക്കിടക്ക് കാര്യമറിയാത്ത വടിവേലു ഒരുബാറില്‍ കയറി വൈകിട്ടത്തേക്ക് ഒരു ഫുള്ളുവാങ്ങിച്ചു. ഞാനവനോട് ഒന്നുംപറഞ്ഞില്ല. ഓഫീസിലെത്തി, എല്ലാവരും എന്തുപറയുമെന്നറിയാതെ വിഷമിച്ചുനില്‍ക്കുന്നു. നാളെ രാവിലെ തന്നെ പുറപ്പെടാന്‍ ടിക്കറ്റ് കൈയ്യില്‍ തന്ന് പ്രശാന്തുചേട്ടന്‍ പറഞ്ഞു. ഗസ്റ്റ്ഹൗസിലെത്തിച്ച് പുലര്‍ച്ചെ അഞ്ചിന് എയര്‍പോര്‍ട്ടിലെത്തിക്കാന്‍ സെബിക്ക് നിര്‍ദ്ദേശവും നല്‍കി. എന്‍റെ ആദ്യദില്ലിയാത്ര പൂര്‍ത്തിയാക്കാനാവാതെ തിരികെ നാട്ടിലേക്ക് പോകുന്നു. ആ രാത്രിയില്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. വിവരം കൂട്ടുകാരെ ഞാന്‍ തന്നെ വിളിച്ചറിയിച്ചു.

രണ്ടര മൂന്നുമണിയോടെ മാത്രമാണ് എനിക്കുറങ്ങാന്‍ കഴിഞ്ഞത്. രാവിലെ കൊച്ചിയില്‍ വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സുരേഷ് ചേട്ടന്‍(,(പി.ജി.സുരേഷ് കുമാര്‍),) മെസ്സേജ് ചെയ്തിരുന്നു. ചിലസംഭവങ്ങള്‍ ഇങ്ങനെയാണ്. നമ്മള്‍ നിനച്ചിരിക്കാതെ അത് ജീവിതത്തിലേക്ക് കടന്നുവരും. യാത്രക്കായി കാത്തിരിക്കുന്ന നിമിഷങ്ങളില്‍ എന്‍റെ മനസ്സിലൂടെ ഓടിയെത്തിയത് അവസാനം ഞാന്‍ പപ്പായ്ക്ക് കൊടുത്ത വാക്കാണ്. വീടിന്‍റെ ബാക്കിയുള്ള പണികള്‍ ഞാന്‍ ദില്ലിയില്‍ നിന്ന് മടങ്ങിയെത്തിയിട്ട് ചെയ്യാം... പപ്പായ്ക്ക് വീടുപണിയും മോടിപിടിപ്പിക്കലും ആയിരുന്നു എപ്പോഴും വലിയകാര്യം. 'കൈയ്യിലുള്ള കാശെല്ലാം തീര്‍ന്നിരിക്കുന്നു നീ എപ്പോ എത്തും. പണി ബാക്കിയാണ്'. അവസാനമായി പപ്പാ എന്നോട് പറഞ്ഞത് ഇതായിരുന്നു. എല്ലാം ശരിയാക്കാമെന്ന എന്‍റുറപ്പ് സാധിക്കുന്നതിന് മുമ്പുതന്നെ ഉണരാത്ത ഉറക്കത്തിനായി ഞങ്ങളുടെ വീട്ടിലും ആദ്യമായി ഒരാള്‍ കിടന്നു. ആ സത്യം അങ്ങനെ ഞാനും അടുത്തറിഞ്ഞു. എന്‍റെ ആദ്യ ദില്ലി യാത്രയ്ക്ക് അപ്രതീക്ഷിത ക്ലൈമാക്സെഴുതിയ വിധിയെ സ്വീകരിച്ച് തണുത്ത രാത്രിയില്‍ ഗുഡ്ഗാവിലെ ഗസ്റ്റ്ഹൗസ് മുറിയില്‍ ഞാന്‍ തിരിഞ്ഞുംമറിഞ്ഞും കിടന്നു. നേരംവെളുക്കുമ്പോള്‍ വീട്ടിലേക്ക് പുറപ്പെടാനുള്ള കാത്തിരിപ്പിന് കനം കൂടുതലായിരുന്നു. ഐസ് ക്യൂബുകള്‍ക്ക് മുകളില്‍ കിടക്കുന്ന എന്‍റെ അച്ഛന്‍റെ ശരീരത്തെപ്പറ്റി ഇടയിലെപ്പോഴോ ഞാന്‍ സ്വപ്നം കണ്ടു. ചിരിയും വഴക്കുമായി എപ്പോഴും കൂടെ ഉണ്ടായിരുന്ന ഒരാള്‍ ജീവിതചിത്രം പൂര്‍ത്തിയാക്കി മടങ്ങിയിരിക്കുന്നു. ഓര്‍മ്മയില്‍ മരിക്കാത്ത ഒരുയാത്ര അടുത്ത ദിവസം ദില്ലി എയര്‍പോര്‍ട്ടില്‍ നിന്ന് ഞാന്‍ വീണ്ടും തുടങ്ങി....

Saturday, May 25, 2013

U TURN - Short Film Script

സീന്‍ 1

മൊണ്ടാഷ്- (നീണ്ടുകിടക്കുന്ന റോഡ് , സീബ്രാ ലൈന്‍സ്, മൈല്‍ സ്റ്റോണ്‍സ്, ഹോര്‍ഡിംഗ്സ്)

(പശ്ചാത്തലത്തില്‍ സംഗീതം)

 ടൈറ്റില്‍സ്- U- Turn

 

സീന്‍ 2

(പകല്‍, റോഡ്- സമയം- 10.45 am)


സീന്‍ 2 A

കുറെ വണ്ടികള്‍ റോഡിലൂടെ ചീറിപ്പായുന്നു

(Natural Ambience)- Wide Shot

റോഡിലെ ആമ്പിയന്‍സ് ഒരു മൊബൈല്‍ഫോണ്‍ റിംഗ് ടോണിലേക്ക് വലിയുന്നു.

(Wide Shot Zoom in to a Car)

 

സീന്‍ 2B

(കാറിന്‍റെ ഉള്‍ഭാഗം)

കാറോടിക്കുന്ന ആള്‍ മൊബൈല്‍ഫോണിലേക്ക് നോക്കുന്നു. അതില്‍ രാജീവ് മേനോന്‍ കോളിംഗ് എന്ന് കാണുന്നു. മൊബൈല്‍ ഫോണെടുത്ത് വണ്ടി ഓടിക്കുന്ന ആള്‍ മറുപടി നല്‍കുന്നു. (30 വയസ്സ് പ്രായം. മുഖത്ത് നേര്‍ത്ത രോമങ്ങള്‍)

ഡ്രൈവര്‍: (ആദ്യം കുറെ മൂളലുകള്‍ക്ക് ശേഷം) 

Share me the location Sir, I will be there in 30 minutes...

മൊബൈല്‍ കട്ട് ചെയ്ത് കാറിന്‍റെ സീറ്റിലിടുന്നു.

(വണ്ടി ഓടിക്കുന്ന ആളുടെ മുഖത്ത് വലിയ പ്രതീക്ഷ. അയാള്‍ ഒരു പാട്ട് വയ്ക്കുന്നു. നല്ല ഒരു പ്രണയ ഗാനം.)

(ഡ്രൈവറുടെ മുഖത്ത് പുഞ്ചിരി, കണ്ണില്‍ ഉണര്‍വ്)


Cut to Scene 3


സീന്‍ 3

(രാത്രി, ബെഡ് റൂം- സമയം- 12.30 pm)

കാറോടിച്ചിരുന്ന യുവാവ് കട്ടിലില്‍ കിടക്കുകയാണ്. അയാള്‍ ചിന്നുവുമായി ചാറ്റ് ചെയ്യുകയാണ്.


Chinnu:  Sanjay, I honestly don’t know what to say. Maybe it’s better to leave things as they are. You are my best friend.


Sanjay:  I have many friends, but with you I’m hoping for something deeper and lasting. We know each other well, so why don’t we think about living together?


Chinnu:  Marriage? I’ve never even imagined that yet. Please don’t misunderstand me—I do like you, but I’m not sure if it’s in that way. Don’t pressure me, Sanju. I’m feeling really disturbed right now.


Sanjay:  Can I call you now?

Chinnu:  Hmm…

(സഞ്ജയ് ചിന്നുവിനെ ഫോണില്‍ വിളിക്കുന്നു- കോണ്ടാക്ട് ലിസ്റ്റില്‍ ചിന്നുവിന്‍റെ പടം തെളിയുന്നു)

സഞ്ജയ്: ഹലോ...

(ചിന്നുവിന്‍റെ ശബ്ദം മാത്രം ഫോണിലൂടെ കേള്‍ക്കാം)

ചിന്നു: ഹലോ(Husky voice)

സഞ്ജയ്: ഫ്രണ്ട്സൊക്കെ ഉറങ്ങിയോ?

ചിന്നു: ഉം...ഉറങ്ങി

സഞ്ജയ്: നിനക്കെന്നെ ഇഷ്ടമല്ലേ?

ചിന്നു: എനിക്കറിയില്ല....

 

സഞ്ജയ്: അതെന്താ അറിയാത്തെ... നിന്‍റെ ഇഷ്ടം നീയല്ലെങ്കില്‍ പിന്നെ വേറെ ആരാ അറിയുന്നേ... എനിക്കെന്തായാലും ഒന്നറിയാം.. എനിക്കിയാളെ ഇഷ്ടമാണ്. നിനക്കെന്നെയും ഇഷ്ടമാണെന്നറിയാം..എന്നിട്ടും എന്താടോ ഇയാളത് തുറന്ന് പറയാത്തെ...?


ചിന്നു: സത്യമായും ഞാന്‍ കള്ളം പറയുന്നതല്ല. അങ്ങനെ ഒരിഷ്ടം...എനിക്കറിയില്ല. നമുക്ക് ഇപ്പോഴത്തെ പോലെ നല്ല ഫ്രണ്ട്സായിരിക്കാം...


സഞ്ജയ്:  ഉം ...ഇനി അധികം സംസാരിച്ചിട്ട് കാര്യമില്ല. എനിക്കിയാളെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. അത് ഞാന്‍ തുറന്ന് പറഞ്ഞു. ഫ്രണ്സായിട്ട് കുറെ നാളായില്ലേ.. നന്നായിട്ട് ആലോചിച്ചിട്ട് തന്നെയാണ് ഞാനിക്കാര്യം ചോദിച്ചത്. എന്തായാലും നാളെ രാവിലെ പതിനൊന്നരയ്ക്കകം എനിക്ക് ഒരു റിപ്ലെ വേണം. ഒന്നുകില്‍ ഒരുമിക്കാം.. അല്ലെങ്കില്‍ പിരിയാം... എന്തായാലും ഇനി ഇങ്ങനെ വിഷമിക്കാന്‍ വയ്യ... ഫ്രണ്ട് എന്നുപറഞ്ഞ് ഇനി കളിപ്പിക്കുകേം വേണ്ട.. ശരിയപ്പോ......I want to know your Decision…. Whether it is yes or no… You must say it…okay then Good Night…


(ചിന്നു എന്തോ പറയാന്‍ തുടങ്ങും മുമ്പ് സഞ്ജയ് ഫോണ്‍ കട്ട് ചെയ്യുന്നു.)

 

സീന്‍ 3 സീന്‍ 2ലേക്ക് ഡിസ്സോള്‍വ്.....

 

സീന്‍ 2B തുടര്‍ച്ച

(പകല്‍, റോഡ്- സമയം 10.55am)

(കാറിനുള്ളില്‍ പ്രണയഗാനം)


(സഞ്ജയുടെ മുഖത്ത് പ്രണയഭാവം.... ഏതോ സ്വപ്നലോകത്തില്‍ അയാള്‍ മുന്നോട്ട് പോകുന്നു. വശങ്ങളിലെ കെട്ടിടങ്ങളെ തള്ളി നീക്കി കാറിന്‍റെ വേഗത കൂടുന്നു).(Speedo meter Close up)


സീന്‍ 2C

(സ്റ്റിയറിംഗിന്‍റെ വശങ്ങളില്‍ നിന്നും താഴെ നിന്നും കാറോടിക്കുന്ന ആളുടെ മുഖം. കാറിനുള്ളിലൂടെയുള്ള ലോംഗ് ഷോട്ടില്‍ മൂന്ന് വഴികള്‍ ചേരുന്ന ഒരു ജംഗ്ഷന്‍ കാണുന്നു. കാര്‍ ജംഗ്ഷനിലേക്ക് അടുക്കുമ്പോള്‍ കാര്‍ സ്റ്റീരിയോ വോളിയം കൂട്ടുന്ന സഞ്ജയുടെ കൈയുടെ ക്ലോസപ്പ്)


അധികം വൈകാതെ ജംഗ്ഷനോടടുത്ത് വലിയ ശബ്ദത്തോടെ കാര്‍ സഡന്‍ബ്രേക്കിടുന്നു( ബ്രേക്ക് ചവിട്ടുന്ന കാലുകളുടെ ക്ലോസപ്പ്)

സീന്‍ 2 ഇരുട്ടിലേക്ക് വ്യാപിക്കുന്നു...( നിഗൂഡമായ പശ്ചാത്തല സംഗീതം)

 

സീന്‍ 4- Visualization of Future

(ഇരുട്ടില്‍ വെള്ളപ്രകാശം. സഞ്ജയുടെ മുഖം മഞ്ഞവെട്ടത്തില്‍ കാണാം. അയാളുടെ മുഖത്ത് വിയര്‍പ്പുതുള്ളികളുണ്ട് (ഭയാനക ഭാവം- ഷര്‍ട്ടില്ലാതെ ഇരിക്കുന്നു). വെള്ളപ്രകാശത്തിനെ അഭിമുഖീകരിക്കുന്ന ആകാംക്ഷയുടെ നിമിഷങ്ങളില്‍ അതില്‍നിന്ന് ശബ്ദമുയരുന്നു.)

Future:(VO)  നിനക്ക് മുമ്പില്‍ ഇപ്പോഴുള്ളത് അഞ്ച് വഴികള്‍. അടുത്ത 30 മിനുട്ടില്‍ നിനക്ക് ഈ അഞ്ച് വഴികളില്‍ ഒന്നിലൂടെ പോകേണ്ടി വരും. ഏത് വഴിയിലൂടെ പോകണം എന്ന് നിനക്ക് തീരുമാനിക്കാം. 

ജീവിതം ചിലപ്പോള്‍ ഇങ്ങനെയാണ്. ഇനിയെന്തെന്ന് അറിയാനാവാത്ത വഴികള്‍ക്ക് മുമ്പില്‍ ലക്ഷ്യബോധമില്ലാതെ നമ്മള്‍ പകച്ച് നില്‍ക്കും. തിരിച്ചറിവിനായി അറിവില്ലായ്മയിലെ ആശ്വാസമായ ദൈവത്തില്‍ അഭയം തേടും. ഇവിടെ നിനക്ക് അഞ്ച് വഴികള്‍. നീ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. അതുകൊണ്ട് അടുത്ത നിമിഷങ്ങളിൽ എന്ത് നടക്കുമെന്ന് പറഞ്ഞുതരാന്‍ ഞാന്‍ നിര്‍ബദ്ധിതനായി.

(സഞ്ജയുടെ മുഖത്തിന്‍റെ ക്ലോസപ്)

 

Cut to സീന്‍ 2C, to സീന്‍- 5

Future: ഇനി ശ്രദ്ധിച്ച് കേള്‍ക്കുക...ഓരോ വഴിയിലും നിന്നെ കാത്തിരിക്കുന്നത് എന്തെന്ന്....


സീന്‍- 5

(പകല്‍, സീന്‍ സീന്‍ 2B- തുടര്‍ച്ച)

(പകല്‍, റോഡ്- തുടര്‍ച്ച..., ജംക്ഷന്‍- സമയം- 11am)


സീന്‍-5A

ജംഗ്ഷനില്‍ നിന്ന് കാര്‍ ആദ്യവഴിയിലേക്ക് തിരിയുന്നു (Wide Shot) (പശ്ചാത്തലത്തില്‍ സീന്‍ 5ലെ വെള്ളപ്രകാശത്തിലെ ശബ്ദം)


Future: (VO) നീ മുന്നില്‍കാണുന്ന ആദ്യവഴിയെ തിരിഞ്ഞ് നേരെ മുന്നോട്ട് പോയാല്‍ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള നിമിഷത്തെ ആവും കണ്ടെത്തുക. അതെ...മൂന്ന് വഴികളില്‍ അദ്യത്തേത് നിന്‍റെ ഭാഗ്യവഴിയാണ്..!

 

സീന്‍-5B

(പകല്‍, റോഡ്- സമയം- 11. 20 am)

(Inside Car)

കാര്‍ മീഡിയം സ്പീഡില്‍ നീങ്ങുന്നു.(Long and Medium Shots)

 

സീന്‍-5C

(Road- Wide Shot and Medium Close Up, സമയം- 11. 30 am)


സഞ്ജയുടെ കാര്‍ റോഡരികിലുള്ള മറ്റൊരു കാറിന് സമീപം നിര്‍ത്തുന്നു. പശ്ചാത്തലത്തിൽ ഒരുകെട്ടിടത്തിന്റെ പണി നടക്കുന്നു. സഞ്ജയ് പുറത്തിറങ്ങി ആ കാറിനടുത്തേക്ക് വരുന്നു. നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഗ്ലാസ്സുകള്‍ താഴുന്നു.

രാജീവ് മേനോന്‍ : ഹായ് സഞ്ജയ് (ഇരുവരും കൈ കൊടുക്കുന്നു)

സ‌ഞ്ജയ് : ഹായ് സര്‍...

രാജീവ് മേനോന്‍:  ഇവിടെ നമ്മുടെ പുതിയൊരപ്പാര്‍ട്ട്മെന്‍റ് പണി നടക്കുവാ..Next 6 monthil പണിതീര്‍ക്കാനാ പ്ലാന്‍....

(രാജീവ് കാറിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങുന്നു.)


രാജീവ് മേനോന്‍ :  ഓകെ.. ബൈ ദ ബൈ... ഞാന്‍ കാണണമെന്നു പറഞ്ഞത് സഞ്ജയുടെ വര്‍ക്കിന്‍റെ കാര്യം പറയാനാ... ആദ്യം തന്നെ ഞാന്‍ പറഞ്ഞിരുന്നല്ലോ, എനിക്ക് ഇയാളുടെ സബ്ജെക്ട് ഇഷ്ടപ്പെട്ടിരുന്നു...പക്ഷെ ബഡ്ജറ്റ്, മറ്റ് കാര്യങ്ങളിലൊക്കെ കുറച്ചൂടെ കൃത്യത വരാനുണ്ട്. ഒന്നാമത് പുതിയ ആള്‍, പിന്നെ പുതിയ ടീം... റിസ്ക് ആണ്... But I am damn confident in you…. പ്രൊജക്ട് ഒന്ന് ഫൈന്‍ ടൂണ്‍‍ചെയ്യണം.. ഞാനും ആദ്യമായ ഇത്തരം ഒരു ബിസിനസ്സില്‍....,,,കുറെ ഫ്രണ്ട്സിനോടൊക്കെ സംസാരിച്ചു. ഫിലിം ഫീള്‍ഡില്‍ ഉള്ളവരോടും അല്ലാത്തവരോടും... എല്ലാവരും പുതിയ ഡയറക്ടറെ...അതും തന്നേപ്പോലെ ഒരാളെകൊണ്ട് പടം എടുപ്പിക്കുന്നത് സേഫല്ലെന്ന് പറഞ്ഞു..(സഞ്ജയുടെ മുഖത്ത് ഗൗരവഭാവം)..താന്‍ വിഷമിക്കണ്ട.. എന്തായാലും തന്‍റെ കൂടെ ഞാനുണ്ട്...(രാജീവ് മേനോന്‍റെ മുഖത്ത് പുഞ്ചിരി)...We will do our first film soon..okay…

 

രാജീവ് മേനോന്‍ : ഉടന്‍തന്നെ കംപ്ലീറ്റ് പ്രൊജക്ട് താ കേട്ടോ... എനിക്ക് ഉച്ചയ്ക്കുള്ള ഫ്ലൈറ്റില്‍ ബാംഗ്ലൂരില്‍ പോണം..യു.എസ്സില്‍ നിന്ന് എന്‍റെ ബിസിനസ് പാര്‍ട്ട്നര്‍ രാത്രി എത്തുന്നുണ്ട്.....ഓകെ സഞ്ജയ് ..ബൈ..ദെന്‍...സീയൂ...

(രാജീവ് മേനോന്‍ കാറില്‍ കയറുന്നു)

 സഞ്ജയ്: സീയൂ സര്‍...

(അവന്‍റെ മുഖത്ത് വലിയ പ്രതീക്ഷ...കാര്‍ നീങ്ങുന്നത് കൈകള്‍ക്കിടയിലുള്ള ഫ്രെയ്മിലൂടെ  സഞ്ജയ് നോക്കുന്നു.. പിന്നീട് സഞ്ജയ് ആരെയോ ഫോണ്‍ വിളിച്ച് രാജീവ് മേനോന്‍ തന്‍റെ സിനിമ പ്രൊഡ്യൂസ് ചെയ്യുമെന്ന വിവരം പറയുന്നു)

 

Cut to Scene 4 


സീന്‍- 5

(പകല്‍, സീന്‍ സീന്‍ 2B- തുടര്‍ച്ച)

(പകല്‍, റോഡ്- തുടര്‍ച്ച..., ജംക്ഷന്‍- സമയം- 11. 05 am)


സീനുകൾ റിപ്പീറ്റ് ചെയ്യുന്നു. സമയം അഞ്ച് മിനുട്ട് വൈകിയിട്ടുണ്ട്.


സീന്‍-5A

ജംഗ്ഷനില്‍ നിന്ന് കാര്‍ ആദ്യവഴിയിലേക്ക് തിരിയുന്നു (Wide Shot) (പശ്ചാത്തലത്തില്‍ സീന്‍ 5ലെ വെള്ളപ്രകാശത്തിലെ ശബ്ദം)


Future: (VO) നീ മുന്നില്‍കാണുന്ന ആദ്യ വഴിയെ നേരെ മുന്നോട്ട് പോകുന്നു. എന്നാലിപ്പോൾ അഞ്ച് മിനുട്ട് വൈകിയാണ് നിന്റെ യാത്ര. ചെറിയൊരു സമയ വ്യത്യാസത്തിൽ നിന്നെ കാത്തിരിക്കുന്നത് വീണ്ടും നിർഭാ​ഗ്യത്തിന്റെയും നിരാസത്തിന്റെയും കാഴ്ചകളാണ്....


സീന്‍-5B

(പകല്‍, റോഡ്- സമയം- 11. 25 am)

(Inside Car)

കാര്‍ മീഡിയം സ്പീഡില്‍ നീങ്ങുന്നു.(Long and Medium Shots)

 

സീന്‍-5C

(Road- Wide Shot and Medium Close Up, സമയം- 11. 35 am)


(സഞ്ജയുടെ കാർ റോഡരികിലുള്ള മറ്റൊരു കാറിന് സമീപം നിർത്തുന്നു. പശ്ചാത്തലത്തിൽ ഒരു കെട്ടിടത്തിന്റെ പണി നടക്കുന്നു. സഞ്ജയ് ആവേശത്തോടെ പുറത്തിറങ്ങി കാറിനടുത്തേക്ക് വരുന്നു. നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ്സുകൾ താഴുന്നു.)


രാജീവ് മേനോൻ: ഹായ് സഞ്ജയ്. (മുഖത്ത് ചെറിയൊരു ഗൗരവം, കൈ കൊടുക്കുന്നു)


സഞ്ജയ്: ഹായ് സർ... സാർ കാണണം എന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷമായി.


രാജീവ് മേനോൻ: (കാറിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ) സഞ്ജയ്... ഐ ആം സോറി. എനിക്ക് വളച്ചുപായൊന്നും പറയാൻ അറിയില്ല. നിന്റെ സബ്ജെക്ട് എനിക്ക് ഇഷ്ടമായിരുന്നു, സംശയമില്ല. പക്ഷെ ഞാൻ കുറെ ഫ്രണ്ട്സിനോടും ഇൻഡസ്ട്രിയിലുള്ളവരോടും സംസാരിച്ചു.


(സഞ്ജയുടെ മുഖത്തെ ചിരി പതുക്കെ മായുന്നു)


രാജീവ് മേനോൻ: ഒരു പുതിയ ഡയറക്ടറെ വെച്ച് ഇത്രയും വലിയൊരു ബഡ്ജറ്റ് മൂവി ചെയ്യുന്നത് ഇപ്പോഴത്തെ മാർക്കറ്റിൽ വലിയ റിസ്ക് ആണെന്നാണ് എല്ലാവരും പറയുന്നത്. ഞാനും ബിസിനസ്സിൽ പുതിയതാണ്. അതുകൊണ്ട് ഇങ്ങനെയൊരു റിസ്ക് എടുക്കാൻ എനിക്ക് താല്പര്യമില്ല.


സഞ്ജയ്: (പതർച്ചയോടെ) സർ... പക്ഷെ നമ്മൾ പ്ലാൻ ചെയ്തത്... ആ ബഡ്ജറ്റ് എനിക്ക് കുറയ്ക്കാൻ പറ്റും സർ. ടീമിലും മാറ്റം വരുത്താം.


രാജീവ് മേനോൻ: നോ സഞ്ജയ്... ഐ ഡോണ്ട് തിങ്ക് സോ. എനിക്ക് ഇതിൽ ഇനി ഒരു കോംപ്രമൈസിന് വയ്യ. തൽക്കാലം ഈ പ്രൊജക്ട് ഞാൻ ഡ്രോപ്പ് ചെയ്യുകയാണ്. വിൽ സീ ലേറ്റർ. എനിക്ക് ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ ബാംഗ്ലൂർ പോണം. യു.എസ്സിൽ നിന്ന് എന്റെ പാർട്ണർ വരുന്നുണ്ട്. ഓക്കെ സഞ്ജയ്... ബൈ.


(രാജീവ് മേനോൻ ഗ്ലാസ്സ് ഉയർത്തുന്നു. കാർ വേഗത്തിൽ ദൂരേക്ക് പോകുന്നു. സഞ്ജയ് തകർന്നുപോയ അവസ്ഥയിൽ അവിടെത്തന്നെ നിൽക്കുന്നു. കയ്യിലുള്ള സ്ക്രിപ്റ്റ് ബാഗിലേക്ക് നോക്കി അവൻ ദീർഘനിശ്വാസം വിടുന്നു. സഞ്ജയ് ഫോണെടുത്ത് ഒരാളെ വിളിക്കുന്നു.)


സഞ്ജയ്: (ഫോണിൽ, ഇടറിയ ശബ്ദത്തിൽ) ഹലോ... എടാ, രാജീവ് മേനോനും പിന്മാറി. റിസ്ക് എടുക്കാൻ വയ്യത്രേ... നമ്മൾ വിചാരിച്ച പോലെ ഒന്നുമല്ല കാര്യങ്ങൾ. ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എല്ലാം ആദ്യം തൊട്ട് തുടങ്ങേണ്ടി വരും.


(സഞ്ജയ് തല താഴ്ത്തി തന്റെ കാറിലേക്ക് നടക്കുന്നു. ക്യാമറ അവന്റെ നിസ്സഹായാവസ്ഥയിലേക്ക് ഫോക്കസ് ചെയ്യുന്നു.)


Cut to Scene 4

സീന്‍ 4 തുടര്‍ച്ച... Visualization of Future

(സഞ്ജയുടെ മുഖം ക്ലോസ്സപ്പില്‍, അവന്‍റെ മുഖത്ത് ആകാംക്ഷ)


Cut to സീന്‍ 2C to Scene 6


സീന്‍ 6

(പകല്‍, റോഡ്- Junction, സമയം- 11. 10 am)

(കാര്‍ നേരെയുള്ള വഴി പോകുന്നു..കാറില്‍ പ്രണയഗാനം (ആദ്യം കേട്ടുവന്നത്) )


(Wide and Medium Shot of Car.. മുമ്പില്‍ നിന്നും വശങ്ങളില്‍നിന്നും എല്ലാം ദൃശ്യങ്ങള്‍)


Future: (VO) ഇനി നിനക്ക് പോവേണ്ട രണ്ടാം വഴി..അവിടെ നടക്കാന്‍ പോകുന്നത് നീ ഏറെ ആഗ്രഹിക്കുന്ന മനോഹരവും സുന്ദരവമുമായ ഒരു സംഭവമാണ്...


(Cut to Scene 2C and Scene 2C to Scene 6)

 

സീന്‍ 6 A

(പകല്‍, റോഡ്- Junction, സമയം- 11. 30 am)


കുറെ ദൂരം കഴിയുമ്പോള്‍ റോഡിന്‍റെ വശങ്ങളിലേക്ക് സഞ്ജയ് ആരെയോ നോക്കുന്നു. അധികം വൈകാതെ ബസ് സ്റ്റോപ്പിന്‍റെ വശത്തുള്ള മരത്തിന് ചുവട്ടില്‍ ചിന്നുവിനെ കാണുന്നു. കാര്‍ പാര്‍ക്ക് ചെയ്ത് സഞ്ജു അവളുടെ അടുത്തെത്തുന്നു.


സഞ്ജയ്: എപ്പോ എത്തി...

ചിന്നു : ഇപ്പൊ വന്നേയുള്ളൂ...( രണ്ടുപേരും പരസ്പരം നോക്കി കുറെ നേരം മിണ്ടാതെ നില്‍ക്കുന്നു)


സഞ്ജയ്: (ഒരുദീര്‍ഘനിശ്വാസത്തില്‍) എന്തായി..? എന്താ ഇയാളുടെ തീരുമാനം...(ഇരുവരും പതുക്കെ നടക്കുന്നു)


ചിന്നു : ഞാന്‍ കുറെ ആലോചിച്ചു..(വീണ്ടും മുഖത്തോടുമുഖം നോക്കി നില്‍ക്കുന്നു)...എനിക്ക് തോന്നുന്നു...(സഞ്ജുവിന്‍റെ മുഖത്ത് ആകാംക്ഷ) നമുക്ക് ...നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന്... എനിക്ക് സഞ്ജുവിനെ ഇഷ്ടമാണ്... Yes I am ready to marry you..


(A very happy expression and Actions from Sanjay)


Cut to Scene 4 – Narration of Future…

സീന്‍ 4 തുടര്‍ച്ച... Visualization of Future

(സഞ്ജയുടെ മുഖം ക്ലോസ്സപ്പില്‍, അവന്‍റെ മുഖത്ത് ആകാംക്ഷ)


Cut to സീന്‍ 2C to Scene 6


സീന്‍ 6

(പകല്‍, റോഡ്- Junction, സമയം- 11.15 am)

(കാര്‍ നേരെയുള്ള വഴി പോകുന്നു..കാറില്‍ പ്രണയഗാനം (ആദ്യം കേട്ടുവന്നത്) )


(Wide and Medium Shot of Car.. മുമ്പില്‍ നിന്നും വശങ്ങളില്‍നിന്നും എല്ലാം ദൃശ്യങ്ങള്‍)


Future: (VO) ഒരു പക്ഷേ രണ്ടാം വഴിയിൽ നീ ഒരല്പം നേരത്തേ എങ്കിൽ... അവിടെ നടന്നേക്കാവുന്നത് നിന്നെ തകർത്ത് കളഞ്ഞേക്കാവുന്ന സംഭവമാണ്.


(Cut to Scene 2C and Scene 2C to Scene 6)


സീന്‍ 6 A

(പകല്‍, റോഡ്- Junction, സമയം- 11. 25 am)

(കുറെ ദൂരം കഴിയുമ്പോൾ റോഡിന്റെ വശങ്ങളിലേക്ക് സഞ്ജയ് ആരെയോ നോക്കുന്നു. ബസ് സ്റ്റോപ്പിന്റെ വശത്തുള്ള മരത്തിന് ചുവട്ടിൽ ചിന്നു നിൽക്കുന്നു. കാർ പാർക്ക് ചെയ്ത് സഞ്ജയ് ആവേശത്തോടെ അവളുടെ അടുത്തെത്തുന്നു. അപ്പോൾ മറ്റൊരു പെൺകുട്ടി ഓടിവന്ന് അവനെ കെട്ടിപ്പിടിക്കുന്നു. അവന്റെ പഴയൊരു പ്രണയിനിയാണ്. അപ്രതീക്ഷിതമായ ഒന്നായത് കൊണ്ട് തന്നെ അവളെ ദേഷ്യത്തോടെ തള്ളി മാറ്റി, അല്പം തിരക്കാണെന്ന് കാട്ടി ചിന്നുവിന്റെ അടുത്തേക്ക് നടക്കുന്നു. തന്നെ ഒഴിവാക്കിയതിൽ പെൺകുട്ടിയുടെ മുഖത്ത് നീരസം. മുഖം കോട്ടി കാട്ടി അവൾ പരിഭവത്തോടെ മുന്നോട്ട് പോകുന്നു. എല്ലാം കണ്ട് നിൽക്കുന്ന ചിന്നുവിന്റെ മുഖത്ത് സംശയം. )

സഞ്ജയ്: എപ്പോ എത്തി? ഒരുപാട് നേരമായോ കാത്തുനിൽക്കുന്നു?

ചിന്നു: (തറയിൽ നോക്കി കൊണ്ട്) ഇല്ല... ഇപ്പോ വന്നേയുള്ളൂ. ആരാ അത്?

(ഇരുവരും പരസ്പരം നോക്കി കുറച്ചുനേരം മിണ്ടാതെ നിൽക്കുന്നു. ചിന്നുവിന്റെ മുഖത്ത് ഒരുതരം അസ്വസ്ഥത പ്രകടമാണ്.)

സഞ്ജയ്: (ഒരു ദീർഘനിശ്വാസത്തോടെ) അത്, എന്റെയൊരു സുഹൃത്താ. ഒരു വട്ട് കേസാ. സ്ഥലകാല ബോധമില്ലാതെ ഓരോന്ന് കാട്ടിക്കോളും... അതൊക്കെ പോട്ടെ...  എന്തായി ചിന്നു? എന്താ നിന്റെ തീരുമാനം? വീട്ടിൽ സംസാരിച്ചോ?

(ഇരുവരും പതുക്കെ നടക്കുന്നു. ചിന്നു പെട്ടെന്ന് നടത്തം നിർത്തി സഞ്ജയുടെ മുഖത്തേക്ക് നോക്കുന്നു.)

ചിന്നു: സഞ്ജു... ഞാൻ കുറെ ആലോചിച്ചു. നമുക്കിടയിൽ പല കാര്യങ്ങളിലും പൊരുത്തക്കേടുകളുണ്ട്. എന്റെ വീട്ടിലെ സാഹചര്യം നീ അറിയുന്നതല്ലേ? (സഞ്ജുവിന്റെ മുഖത്ത് ആകാംക്ഷയും നേരിയ ഭയവും നിറയുന്നു). എനിക്ക് തോന്നുന്നു... നമ്മൾ ഇത് ഇവിടെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന്.

സഞ്ജയ്: (സ്തംഭിച്ചുപോയിട്ട്) ചിന്നു... നീ എന്തൊക്കെയാ ഈ പറയുന്നത്? പെട്ടെന്ന് ഇങ്ങനെ...

ചിന്നു: പെട്ടെന്നല്ല സഞ്ജു. എനിക്ക് നമ്മളെ ഒരുമിച്ച് സങ്കൽപ്പിക്കാൻ പറ്റുന്നില്ല. ഐ ആം സോറി... എനിക്ക് നിന്നെ കല്യാണം കഴിക്കാൻ പറ്റില്ല. നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം. അതിനപ്പുറം ഒന്നുമില്ല.

(സഞ്ജുവിന്റെ മുഖം വിളറുന്നു. ചിന്നു തന്റെ ബാഗ് തോളിലിട്ട് വേഗത്തിൽ നടന്നു നീങ്ങുന്നു. സഞ്ജയ് തളർന്ന് ആ മരച്ചുവട്ടിൽ തന്നെ നിൽക്കുന്നു.)

(സഞ്ജയ് ദൂരേക്ക് നോക്കി നിൽക്കുന്നു. അവന്റെ കണ്ണുകൾ നിറയുന്നു. പിന്നീട് പതിയെ കാറിലേക്ക് നടക്കുന്നു.)


Cut to Scene 4


സീന്‍ 4 തുടര്‍ച്ച....

സഞ്ജയുടെ മിഡ് ഷോട്ട് (സൂ ഇന്‍ ആന്‍റ് സൂം ഔട്ട്)..


Future: (VO) ജീവിതത്തിന്‍റെ ഏറ്റവും സുന്ദരവും മോശവുമായ നിമിഷങ്ങളായിരുന്നു രണ്ടാം വഴിയില്‍ നീ കണ്ടത്. ഒന്നാം വഴി പോലെയോ രണ്ടാം വഴി പോലെയോ അത്ര സുഖകരമല്ല മൂന്നാം വഴി....


(Cut to Scene 2C and and Scene 2C to Scene 7

 

സീന്‍ 7

(പകല്‍, റോഡ്- ജംഗ്ഷന്‍- സമയം- 11. 20 am)


കാര്‍ മൂന്നാം വഴിയിലേക്ക് തിരിയുന്നു...

Future : (Voice Over) എല്ലാവര്‍ക്കും ഈ വഴി ഒരിക്കല്‍പോകേണ്ടി വരും. പക്ഷെ പലപ്പോഴും ആരും ഈ വഴി ഓര്‍ക്കാറില്ല. അപ്രതീക്ഷിതമായി എത്തപ്പെടാറാണ് പതിവ്.. ഇതില്‍ കടന്നാല്‍ പിന്നെ മടക്കയാത്ര ഉണ്ടാവാറില്ല എന്നതാണ് സത്യം.... അതേ മൂന്നാംവഴി അതി സങ്കീര്‍ണമാണ്..

(കാര്‍ മുന്നോട്ട് നീങ്ങുന്നു)

Future : (Voice Over) ഈ വഴി മറ്റ് വഴികള്‍ പോലേയല്ല...മിക്കവരും പോകാന്‍ ഇഷ്ടപ്പെടാത്ത വഴി....!


(സഞ്ജയുടെ കാര്‍ ഒരു ബസ്സുമായി കൂട്ടിയിടിക്കുന്നു. സ്റ്റിയറിംഗില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സഞ്ജയ്..)

 

ഡിസ്സോൾവ് to Scene 2C 

(പകല്‍, റോഡ്- ജംഗ്ഷന്‍- സമയം 11am)


Cut to 


സീന്‍ 2C1

കാറിന്‍റെ വൈഡ് ഷോട്ട്(മുന്നില്‍ നിന്ന്)


Cut to 


സീന്‍ 2C2

കാറിനുള്‍ഭാഗം...(സഞ്ജയ് ഉറക്കത്തില്‍ നിന്നെന്ന പോലെ ഞെട്ടി ഉണരുന്നു. പിന്‍ഡ്രോപ്പ് സൈലന്‍സ്)


മുമ്പിലുള്ള മൂന്ന് വഴികളിലേക്ക് സഞ്ജയ് മാറിമാറി നോക്കുന്നു. ഓരോ വഴിയിലേക്ക് നോക്കുമ്പോഴും ഓരോ ഭാവങ്ങള്‍. (ആകാംക്ഷയുടെ പശ്ചാത്തലസംഗീതം)


Cut to 


സീന്‍ 2C2

കാര്‍ സ്റ്റാര്‍ട്ട് ആക്കുന്ന വലംകൈ..ഗിയര്‍ മാറ്റുന്ന ഇടംകൈ... അക്സിലറേറ്ററില്‍ അമരുന്ന കാലുകള്‍..... (നാച്ചുറല്‍ ആമ്പിയന്‍സും നേര്‍ത്ത സംഗീതവും)


Cut to 

 

സീന്‍ 2C3

(കാറിനുള്‍ഭാഗം)


കാര്‍ ജംഗ്ഷനിലെ വഴികളിലേക്ക് അതിവേഗം അടുക്കുന്നു. പെട്ടന്ന് മുന്നോട്ട് നീങ്ങിയ കാര്‍ യു-ടേണില്‍ തിരിയുന്നു... വണ്ടി വന്ന വഴിയേ മടങ്ങുന്നു...


Cut to 

 

സീന്‍ 2C4

(പകല്‍, റോഡ്)

നീണ്ട് കിടക്കുന്ന വഴിയേ ദൂരേക്ക് മായുന്ന കാര്‍ (വൈഡ് ഷോട്ട്)...


Dissolve to Dark….

സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങള്‍.....(Voice Over)


‘മുന്നിലുള്ള അനിശ്ചിതത്വങ്ങൾ നിറഞ്ഞ മൂന്ന് വ്യത്യസ്ത വഴികളേക്കാൾ പിന്നിൽ സൗഭാവികമായി വളർന്ന് വരുന്ന ജീവിത യാത്രകളിലേക്കാണ് അന്നവൻ സ്റ്റിയറിം​ഗ് തിരിച്ചത്. ഭാ​ഗ്യവും പ്രണയവുമെല്ലാം തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിൽ...


(ടൈറ്റില്‍സ്)..... U- Turn


-End Credit

Tuesday, May 21, 2013

തെളിയാത്ത കാഴ്ചകള്‍ !

ഒന്നുമെഴുതാനാവാതെ മഷി വറ്റിയ ഒരു പേന-
വെള്ളക്കടലാസില്‍ അനങ്ങാതെ കിടക്കുന്നു.
ശബ്ദമില്ലാത്തവരുടെ ലോകത്തെ സംഗീതം
ഏഴ് നിറങ്ങള്‍ ചാലിച്ച് അലിഞ്ഞില്ലാതായി.
യാത്രക്ക് തിടുക്കമാക്കി കുറെ അപ്പൂപ്പന്‍ താടികള്‍
ഇരിപ്പിടത്തില്‍ നിന്നടരാന്‍ തിടുക്കംകാട്ടി..
വാക്കുകള്‍ക്കും കെട്ടുകള്‍ക്കും അപ്പുറം-
സ്വാതന്ത്ര്യത്തിന്‍റെ അതിരുകള്‍ തുറന്നു...
തിരഞ്ഞുനോക്കാതെ യാത്രതുടരാന്‍ -
ശരീരമില്ലാത്ത രൂപങ്ങള്‍ ആംഗ്യം കാട്ടി..
ചുറ്റുപാടുകളെ നോക്കി കണ്ണുകള്‍ നിറച്ച-
ഭീരുത്വം പിന്നെ നിയോഗത്തിന് കീഴടങ്ങി...




Thursday, March 21, 2013

പ്രകൃതിയും പുരുഷനും പ്രണയവും


പൊട്ടിച്ചിരികളില്‍ ഞാനൊളിപ്പിച്ചത്  എന്‍റെ മൗനത്തേയാണ്.
അവളുടെ പ്രണയം അക്കരപ്പച്ച പോലെ..
ഉണ്ടെന്ന് തോന്നിപ്പിച്ച് ഇല്ലാതാകുന്ന  മരീചിക..
മനസ് തുറന്നിട്ടും കണ്ണടച്ച് മറ്റെന്തോ തിരഞ്ഞ്-
അകലങ്ങളില്‍ കണ്ണുനട്ട് സ്വപ്നലോകത്ത് അവള്‍ അലഞ്ഞു.
നഷ്ടമാകുന്ന നിമിഷങ്ങളുടെ വിലയറിയിച്ച് ഒരു ദിനം കൂടി ഇരുണ്ടു.
ഇനിയും പെയ്യാതെ മാനത്ത് കുറെ കാര്‍മേഘങ്ങള്‍ അനക്കമറ്റ് കിടന്നു.
മഴയുടെ ഭാരം പേറി വീര്‍പ്പുമുട്ടി ആകാശം പരന്നു.
ഒരിലയനക്കത്തില്‍ കാറ്റ് പലരോടായ് സ്വകാര്യം പറഞ്ഞു.
വടവൃക്ഷത്തില്‍ കൂടുകൂട്ടിയ കിളികള്‍ ഉറക്കമുണര്‍ന്ന് ചിലച്ചകന്നു.
പുഴയൊഴുകിയ പാടുകള്‍ ഭൂമിയില്‍ വരകള്‍ തീര്‍ത്തു.
അന്നുമയാള്‍ ആരെയോ കാത്ത് അങ്ങേപ്പുറത്തുണ്ടായിരുന്നു.
ഇടിമുഴക്കത്തില്‍ ആകാശപ്പാത്രം കമിഴ്ന്ന് ഭൂമിയോട് ചേര്‍ന്നു..
വാക്കുകള്‍ സപ്തസ്വരങ്ങളുടെ ശ്രുതിക്കൂട്ടില്‍ ഒതുങ്ങി..
പ്രകൃതിയില്‍ സംഗീതത്തിന്‍റെ പുതുമഴ പെയ്തു.
അന്ന് യയാതി മകനോട് ഇരക്കാതെ വാര്‍ദ്ധക്യംവിട്ടു.
ചുടുമണ്ണിന്‍റെ തീവ്രഗന്ധത്തില്‍ രണ്ട് പാമ്പുകള്‍ ഇണചേര്‍ന്നു.
നനവാര്‍ന്ന മണ്ണ് കിഴിച്ച് ആദ്യമായി ഒരിളംതലപ്പ് സൂര്യനെ നോക്കി.
കാലമെന്ന കലാകാരന്‍  പിന്നെയും വലിയൊരു ചക്രം തിരിച്ചുതുടങ്ങി.
കരച്ചിലോടെ ഒരു ജനനം, ചിരികളില്‍ ഒരു ബാല്യം-
നിറസ്വപ്നങ്ങളില്‍ ഒരു യൗവനം, വികാരക്കൂട്ടുകളില്‍ ഒരു സംഗമം-
ഒടുവില്‍ നേര്‍ത്ത ഗദ്ഗദങ്ങള്‍  വെള്ളപ്പുകക്കീറായ് മേഘപ്പാളികളില്‍ ഉറഞ്ഞു......!