Pages

Monday, October 9, 2017

Desert Safari- Short Film Script

കഥ, തിരക്കഥ- സുജിത് നായര്‍

സീന്‍- 1
(രാത്രി, ഗള്‍ഫിലെ തിരക്കുള്ള ഒരുനഗരം)

ജോലി കഴിഞ്ഞ് വീടെത്താനായി കുറെ പേരും മറ്റെന്തൊക്കെയോ ആവശ്യങ്ങള്‍ക്കായി വേറെ ചിലരും നിരത്തിലൂടെ വാഹനങ്ങളിലും കാല്‍നടയായും പോകുന്നു.
മിഡ് ഷോട്ടില്‍ നിന്ന് വൈഡിലേക്ക് ക്യാമറ നീങ്ങുമ്പോള്‍ പ്രകാശ പൂരിതമായ നഗരത്തിന്‍റെ ആകാശ കാഴ്ച...

സീന്‍- 2
(രാത്രി, ഒരു ഫ്ലാറ്റിന്‍റെ ബാല്‍ക്കണി)
ഒരാള്‍(യുവാവ്, 30 വയസ്സ് പ്രായം) മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുകയാണ്. ആയാള്‍‍ ഓഫീസില്‍ നിന്ന് എത്തിയിട്ട് അധികമായിട്ടില്ല. ഡ്രസ് പകുതി ചേഞ്ച് ചെയ്തിട്ടുണ്ട്. പാന്‍റും ബനിയനുമാണ് വേഷം...
ഫോണിന്‍റെ മറുപുറത്ത് നിന്ന് പുറത്ത് കേള്‍ക്കുന്ന ശബ്ദത്തിലൂടെ സംസാരിക്കുന്ന ആളുടെ പേര് സിദ്ദിഖെന്ന് വ്യക്തമാകുന്നു.

ഫോണിലൂടെയുള്ള ശബ്ദം: എടാ സിദ്ദിഖെ അവള്‍ക്ക് രാഹുലിനോടെന്തോ ഉണ്ടെന്നാ എനിക്ക് തോന്നണെ... എപ്പഴും രണ്ടുകൂടി ചുറ്റിക്കറങ്ങലും അടക്കിയുള്ള സംസാരവും.... എല്ലാംകൂടി എന്തോ എനിക്ക് തോന്നുന്നു നിന്‍റെ മോഹമൊക്കെ പോക്കടിയാകുമെന്ന്....

സിദ്ദിഖ്: ങ്ഹും... ആ പന്ന പരട്ടയെ നാട്ടീന്ന് കൊണ്ടുവന്ന് ജോലീം വാങ്ങിക്കൊടുത്ത് കൂടെപ്പിറപ്പിനെപ്പോലെ കൊണ്ടുനടന്നതിന് ഇതൊക്കെ എനിക്ക് കിട്ടണം... ഡാ.. നീ പറ... ഞാനിപ്പം എന്താ ചെയ്ക....?

ഫോണിലൂടെയുള്ള ശബ്ദം: സിദ്ദിഖെ, ഈ കാണുന്ന നഗരവും സുഖസൗകര്യങ്ങളുമെല്ലാം നമ്മള്‍ മനുഷ്യരൊണ്ടാക്കിയതാടാ... വെറുതെ വിഷമിച്ചിരുന്നിട്ടോ വിട്ടുകൊടുത്തിട്ടോ കാര്യമില്ല.... എല്ലാം വെട്ടിപ്പിടിക്കണം... അത് പെണ്ണായാലും മണ്ണായാലും... അല്പം കടന്ന കൈയ്യാ.... എന്നാലും നിനക്കവളെ വേണമെങ്കില്‍ അത് ചെയ്തേ പറ്റൂ....
(സിദ്ദിഖിന്‍റെ മുഖത്ത് ദേഷ്യവും വിഷമവും ആകാക്ഷയും)

സിദ്ദിഖ്: നീയെന്താ ഉദ്ദേശിക്കുന്നെ... എന്താണെന്ന് ഒന്ന് തെളിച്ച് പറയ്...
ഫോണിലൂടെയുള്ള ശബ്ദം: തട്ടിക്കളയടാ... ആ തെണ്ടിയെ.... വഴി ഞാന്‍ പറഞ്ഞുതരാം....
(ഫോണിലൂടെ അടക്കിയുള്ള അവരുടെ സംസാരത്തില്‍ നിന്ന് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച് സിദ്ദിഖ് ബാല്‍ക്കണിയില്‍ നിന്ന് അകത്തേക്ക് പോകുന്നു...)


സീന്‍-3
(രാത്രി, ഫ്ലാറ്റിലെ റൂം)
സിദ്ദിഖ് രാഹുലിനെ വിളിക്കുന്നു. രാഹുലിന്‍റെ ചിത്രം ഫോണില്‍തെളിയുന്നു...

സിദ്ദിഖ്: അളിയാ നീ ഒറങ്ങിയോ...?
രാഹുല്‍: ഇല്ലെടാ.... ഒരാളുടെ കോള്‍പ്രതീക്ഷിച്ചിരിക്കുവാ...
(എന്തോ അര്‍ത്ഥം വച്ച് മൂളി സിദ്ദിഖ് തലയാട്ടുന്നു)

സിദ്ദിഖ്: എടെയ് നമുക്ക് ഈ വെള്ളിയാഴ്ച ഒന്ന് കറങ്ങാന്‍ പോയാലോ...ഒരുഗ്രന്‍ സ്ഥലമുണ്ട്... ചെറുതായൊന്ന് കൂടി വൈകീട്ട് അവിടെ തങ്ങി ശനിയാഴ്ച ഉച്ചയോടെ തിരിച്ചെത്താം... എന്താ...

രാഹുല്‍: സ്ഥലം പറയെടാ.... ദൂരെ എവിടെയെങ്കിലുമാണോ...? ഒരുമാതിരി സ്ഥലങ്ങളെല്ലാം പോയിക്കഴിഞ്ഞില്ലെ.. ഇനിയേതാ ഈ ഉഗ്രന്‍ സ്ഥലം... എന്തായാലും അളിയന്‍ തീരുമാനിച്ചോ... ഞാന്‍ റെഡി...

സിദ്ദിഖ്:  നീ നോക്കിക്കോ... ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു യാത്രയാവുമെടാ വെള്ളിയാഴ്ച... സസ്പെന്‍സ് പൊളിക്കുന്നില്ല.... കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ....
(സിദ്ദിഖിന്‍റെ മുഖത്ത് പകയുടെ ഭാവപ്പകര്‍ച്ച)

സീന്‍- 4
(വെള്ളിയാഴ്ച, പുലര്‍ച്ചെ, റോഡ്)
റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്ന കാറ്. കാറിനുള്ളില്‍ സിദ്ദിഖും രാഹുലും. സിദ്ദിഖാണ് കാറോടിക്കുന്നത്.
വിവിധ സ്ഥലങ്ങള്‍ കടന്ന് അവര്‍ ആള്‍പ്പാര്‍പ്പില്ലാത്ത വന്യമായ മരുഭൂമിയിലൂടെ യാത്ര തുടരുന്നു. ഇടയ്ക്ക് വഴിയരികിലുള്ള വലിയൊരു മരത്തിന്‍റെ താഴെ അവര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നു.

സീന്‍- 5
(മരത്തണല്‍, പകല്‍)
വാഹനത്തില്‍ നിന്ന് മദ്യവും കയ്യില്‍ കരുതിയിരുന്ന ആഹാരവുമെല്ലാം എടുത്ത് ആ മരത്തണലില്‍ അവര്‍ ഇരിക്കുന്നു.
(ജംപ് കട്ട് ഷോട്ടുകളിലൂടെ അവര്‍ തമ്മിലുള്ള സംസാരവും തര്‍ക്കവും എല്ലാം പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയില്‍ കാണാം)

Cut to Scene 6

സീന്‍-6
(മരുഭൂമി, പകല്‍)
മരച്ചുവട്ടില്‍ നിന്നും അകലേക്ക് ഓടുന്ന രാഹുലും സിദ്ദിഖും. രണ്ട് പേരുടെയും വസ്ത്രങ്ങള്‍ കീറിയിട്ടുണ്ട്. മുഖത്ത് മുറിവുകളുടെ പാടുകളില്‍ നിന്ന് അവര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നിട്ടുണ്ടെന്ന് വ്യക്തം.
സിദ്ദിഖില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന രാഹുലിന്‍റെ മുഖം ക്ലോസ്സപ്പില്‍.... അവര്‍ ഇരുവരും നന്നെ ക്ഷീണിതരാണ്...
(അവരുടെ കിതപ്പിന്‍റെ ശബ്ദവും വരണ്ടുതുടങ്ങിയ ചുണ്ടുമെല്ലാം മരുഭൂമിയുടെ വന്യതയെ തുറന്ന് കാട്ടുന്നു...)

തളര്‍ന്ന് താഴെ വീഴുന്ന രാഹുലിനെ സിദ്ദിഖ് വീണ്ടും മര്‍ദ്ദിക്കുന്നു... അവശനായി വീണ് കിടക്കുന്ന അവനെ ഉപേക്ഷിച്ച് നടന്ന് നീങ്ങാന്‍തുടങ്ങുന്പോള്‍ സിദ്ദിഖും തളര്‍ന്ന് വീഴുന്നു.

(Dissolve to സീന്‍- 7)

സീന്‍- 7
(മരുഭൂമി, പകല്‍)
തളര്‍ന്ന് കിടക്കുന്ന സിദ്ദിഖിനെ തട്ടിയുണര്‍ത്തുന്ന രാഹുല്‍. അവന്‍റെ മുഖത്ത് അല്പം പരിഭ്രമമുണ്ട്...

രാഹുല്‍: ഡാ, സിദ്ദിഖെ... പോട്ടടാ നീ എഴുന്നേല്‍ക്ക്.... നീയെന്തൊക്കെയോ മനസ്സില്‍വച്ച് പറഞ്ഞപ്പോ ഞാനും....
(പെട്ടന്ന് ചാടിയെഴുന്നേല്‍ക്കുന്ന സിദ്ദിഖ് ചുറ്റുപാടും നോക്കുന്നു....)
സിദ്ദിഖ്: നമ്മളെവിടെയാ... എവിടെയാ നമ്മുടെ കാര്‍ പാര്‍ക്ക് ചെയ്തിരുക്കുന്നെ... എനിക്ക് ഭയങ്കര ദാഹം...
(മണല്‍പ്പരപ്പില്‍ ദിക്കറിയാതെ ഇവരുവരും നാലുവശങ്ങളിലേക്കും ഓടുകയും വന്ന വഴി പരതുകയും ചെയ്യുന്നു....)

(ക്യാമറ മുകളിലേക്ക് ഉയരുമ്പോള്‍ എന്ത് ചെയ്യുമെന്നറിയാതെ ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന സിദ്ദിഖിന്‍റെയും രാഹുലിന്‍റെയും മുഖങ്ങള്‍)
(ഫുള്‍ സൂം ഔട്ടില്‍ അതിരുകളറിയാത്ത ആ മരുഭൂമിയുടെ നടുവില്‍ കറുത്ത രണ്ട് ബിന്ധുക്കള്‍പോലെ അവരുടെ കാഴ്ച.)

സീന്‍-8
ക്ലൈമാക്സ്....
(മരുഭൂമിയുടെ ആകാശ കാഴ്ചയില്‍ സിനിമ വോയിസ് ഓവറില്‍ സ്ക്രീനില്‍തെളിയുന്ന ചില വാചകങ്ങളിലൂടെ അവസാനിക്കുന്നു...)

വോയിസ് ഓവര്‍- സൗഹൃദവും പ്രണയവും സ്നേഹമെന്ന വികാരം തന്നെയാണ്. സ്വാര്‍ത്ഥത കലരുമ്പോള്‍ ചില സ്നേഹം നമ്മള്‍ സൗകര്യപൂര്‍വ്വം നമ്മുടെയുള്ളില്‍ത്തന്നെ കുഴിച്ചുമൂടുന്നു....
അതിജീവനത്തിന്‍റെ വഴികളില്‍ ഇവിടെ സിദ്ദിഖും രാഹുലും വീണ്ടും തോളോടുതോള്‍ ചേരുകയാണ്... നടപ്പാതകളുടെ ഓര്‍മ്മ പോലും അവശേഷിപ്പിക്കാത്ത മരുഭൂമിയില്‍ ജീവിതമെന്ന മരുപ്പച്ച തേടി അവര്‍ യാത്രതുടരുന്നു.
..........................................................................................


Friday, May 27, 2016

മരണത്തിന് ഒരു ദൃശ്യഭാഷ

സീൻ 1
ആശുപത്രി മോർച്ചറിയ്ക്ക് പുറത്തെ വരാന്തയിൽ കുറെ ആളുകൾ കൂടിനിൽക്കുന്നു. സമയം സന്ധ്യയോട് അടുക്കുന്നു. ചിലർ അങ്ങിങ്ങ് അടക്കം പറയുന്നത് കേൾക്കാം
(അൽപം മുമ്പ് മരിച്ച ഒരാളുടെ മൃതശരീരവുമായി വന്ന ബന്ധുക്കളും ആശുപത്രി ജീവനക്കാരുമാണ്. അവിടെ എല്ലാം കണ്ട് നിർവികാരനായി നിൽക്കുന്ന മോർച്ചറി വാച്ച്മാൻ. അയാൾക്ക് നിസ്സംഗഭാവം)
അധികം താമസിയാതെ തന്നെ എല്ലാവരും മോർച്ചറി പരിസരത്തു നിന്ന് അപ്രത്യക്ഷമാവുന്നു.
(ഗ്രില്ലുകൾ വലിഞ്ഞടയുന്ന ശബ്ദം)..

സീൻ 2
എല്ലാദിവസത്തേയും പോലെ വാച്മാൻ ഇന്നും രാത്രി കാവലിലാണ്... പക്ഷെ അയാൾ ഇന്നെന്തോ വളരെ അധികം പരിഭ്രാന്തിയിലാണ്. അരണ്ട വെളിച്ചത്തിൽ വിയർപ്പു തുള്ളികൾ പൊടിച്ച അയാളുടെ മുഖത്ത് ഭയാനക ഭാവം...ഇരിപ്പിടത്തിൽ നിന്ന് ചുറ്റുപാടും കണ്ണോടിക്കുമ്പോൾ അയാളുടെ മുഖത്ത് എന്തോ തിരയുന്ന ഭാവം.

സീൻ 3
രാത്രി കനക്കുന്നു. (വാവലുകളുടെ ചിറകടിയും, ചീവീടുകളുടെ നിർത്താതുള്ള ശബ്ദവും അടുത്തു വരുന്നു)
ആരുടെയോ നിലവിളി അവിടെ ഉയർന്നു കേൾക്കുന്നു. ഒറ്റയ്ക്കിരിക്കുന്ന വാച്മാൻ ടോർച്ചെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് അടിച്ചു നോക്കുന്നു....
അവിടെ ചില നിഴലാട്ടങ്ങൾ മാത്രം കാണുമ്പോൾ എന്തോ ഉറപ്പു വരുത്താനായി അയാൾ മോർച്ചറിയുടെ വാതിലുകൾ തുറന്ന് അകത്തേക്ക് കടക്കുന്നു....

സീൻ 4
ഷട്ടറുകൾ തുറന്ന് ഗ്രില്ലുകൾ വലിച്ചു നീക്കുമ്പോൾ തണുത്തു മരവിച്ച നിശ്ശബ്ദമായ ഉൾഭാഗം ദൃശ്യമാകുന്നു.... ആ മോർച്ചറിയ്ക്കുള്ളിൽ കുറെ ശവശരീരങ്ങൾ ടേബിളുകളിൽ നിരന്ന് കിടക്കുന്നു.... വിറയ്ക്കുന്ന പാദങ്ങളോടെ വാച്മാൻ ഓരോ ടേബിളുകളിലെയും ശവങ്ങൾ പുതപ്പ് മാറ്റി നോക്കുന്നു(അയാൾക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട്)
ഇടയ്ക്ക് ചുറ്റുപാടുകളിലും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തുന്നു
(പുറത്ത് വാച്മാനിരുന്ന കസേര ഒഴിഞ്ഞുകിടക്കുന്നത് ഇടയിൽ കാണുന്നുണ്ട്)

സീൻ 5
മോർച്ചറിയക്കുള്ളിലെ മഞ്ഞിന്റെ വെള്ളപ്പുകയിലൂടെ വാച്മാൻ തന്റെ അന്വേഷണം തുടരുകയാണ്.
അയാളുടെ മുഖത്ത് വന്യമായ ഭയാനക ഭാവം... എന്തോ ശബ്ദം പുറത്ത് ഉയർന്നു കേൾക്കുമ്പോൾ വാച്മാൻ ഞെട്ടിത്തരിച്ച് നിൽക്കുന്നു.
Cut To  സീൻ 5A
പുറത്ത് വാച്മാൻ ഇരുന്ന കസേരയിൽ ഇപ്പോൾ ഒരാൾ ഇരിക്കുന്നുണ്ട്..അയാളുടെ വലത് കാൽപ്പാദത്തിലെ പെരുവിരൽ മുറിഞ്ഞുതൂങ്ങിക്കിടക്കുന്നു...അതിൽ നിന്ന് രക്തം ഇറ്റുവീഴുന്നുണ്ട്. അയാളുടെ വെള്ള തുണിയിൽ രക്തം പറ്റിപ്പിടിച്ചിട്ടുണ്ട്...

സീൻ 5 തുടർച്ച...
കുറെ സമയം എന്തിനോ ചെവിയോർത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തി വാച്മാൻ ടേബിളുകളിലെ മൃതശരീരങ്ങളിൽ പരിശോധന തുടരുന്നു. ഒരു ടേബിളിൽ ഒഴിഞ്ഞു കിടക്കുന്ന പുതപ്പ് മാത്രം കാണുമ്പോൾ അയാൾ അവിടേക്ക് എത്തുന്നു.. ആ ടേബിളിൽ നിന്ന് രക്തം ഇറ്റുവീഴുന്നുണ്ട്. പുതപ്പിൽ അധികസമയം ആകാത്ത രക്തക്കറകളും..
കാൽപാദങ്ങളിൽ തണുത്ത എന്തോ സ്പർശിക്കുമ്പോൾ  വാച്മാൻ തന്റെ കൈകൊണ്ട് കാൽപാദങ്ങൾ തൊട്ടുനോക്കുന്നു....
നേർത്ത മഞ്ഞവെളിച്ചത്തിൽ ചുടുരക്തത്തിന്റെ വഴുവഴുപ്പിൽ അയാൾ ഭയചകിതനായി നിലവിളിക്കുന്നു....

സീൻ 5 B
വാച്മാന്റെ നിലവിളിയിലൂടെ മറ്റൊരു ദൃശ്യം വ്യക്തമാവുന്നു...ഒരിടത്ത് രണ്ടു പേർ തമ്മില് ജീവന്മരണ പോരാട്ടം. രൂപങ്ങൾ വ്യക്തമല്ല.. അവിടെ ഒരാൾ കൊല്ലപ്പെടുന്നു.. മരിക്കാത്ത ആൾ കൊല്ലപ്പെട്ട ആളിനെ വലിച്ചു കൊണ്ടു പോകുന്നു...

സീൻ 5 തുടർച്ച...
ഭയത്തോടെ ശവമില്ലാത്ത ടേബിളിന്റെ അടുക്കൽ നിന്നും മോർച്ചറി വാച്മാൻ ഓടുകയാണ്...
അയാൾ ഓടുന്ന ഇടങ്ങളിൽ വെള്ളവെളിച്ചം പരക്കുന്നു....ഒരു മനുഷ്യന്റെ അലർച്ചയുടെ സ്വരത്തിൽ വെള്ളവെളിച്ചം ഇരുട്ടിൽ അലിയുന്നു.......!

സീൻ 6
(അതേ മോർച്ചറി, സമയം രാവിലെ)

മോർച്ചറിക്ക് പുറത്ത് കുറെ ആളുകൾ..അവർ ഒരു ശവശരീരം ഏറ്റുവാങ്ങാനായി നിൽക്കുകയാണ്...ആദ്യ ദൃശ്യങ്ങളിൽ കണ്ട ആളുകൾ തന്നെയാണ്.... സ്‌ട്രെച്ചറിൽ ശവശരീരം പുറത്തേക്ക് കൊണ്ടു വരുന്നു.....

സീൻ 7
ഒരു ശവമഞ്ചലിൽ വാച്മാന്റെ മൃതശരീരവുമായി കുറേ പേർ നടന്നു നീങ്ങുന്നു...
(പശ്ചാത്തലത്തിൽ സമയമായി രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്ന ഗാനം കേൾക്കാം).
മഞ്ചലിൽ ഇന്നു ഞാൻ നാളെ നീ എന്നെഴുതിയിരിക്കുന്നു(ക്ലോസ് അപ്..).

സീൻ 8
പഴയ മോർച്ചറിക്ക് പുറത്ത് ആളൊഴിഞ്ഞ ഒരു കസേര കിടക്കുന്നു...അതിന്റെ അധികം ദൂരെയല്ലാതെ ഒരു ചെറു ടോർച്ചും.....!

Thursday, May 12, 2016

പറയാതെ ബാക്കി വച്ചത്...

 
സംഭവം ഒന്ന്; 2011ൽ ദുബായില്‍ ഒരു റേഡിയോ ചാനലില്‍ വാര്‍ത്താ അവതാരകനായിരിക്കെ ഒരിക്കല്‍ ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് സംഘം ചേര്‍ന്ന് ഒരു കൂട്ടം ആളുകള്‍ സ്റ്റേഷനിലേക്ക് വിളിക്കുകയും മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ഡയറക്ടറെ ഉള്‍പ്പെടെ വിളിച്ച് ചീത്ത പറയുകയും ചെയ്തു. തുടര്‍ന്ന് ഒരുമാസക്കാലത്തോളം എന്നെ ആ പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്ന് ആ സ്ഥാപനം മാറ്റി നിര്‍ത്തി. ചൈനയിലെ പ്രൊഫസര്‍ക്ക് രണ്ടാമത് കുട്ടിയുണ്ടായപ്പോള്‍‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് ജയിലില്‍ അടച്ച സംഭവം വിഷയമാക്കിയാണ് ജനസംഖ്യാ വര്‍ദ്ധനവില്‍ മലയാളികള്‍ക്കുള്ള കാഴ്ചപ്പാടിനേക്കുറിച്ച് ഞാന്‍ അന്വേഷിച്ചത്.
പിന്നീട് അവിടെ തുടരുന്നതില്‍ മാനസികമായ് എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം മികച്ച ശമ്പളം കിട്ടിയിരുന്ന ആ ജോലി രാജി വച്ച് ഞാന്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് വന്നു. അതോടെ ഏതാണ്ട് ഒരുവര്‍ഷത്തോളം നീണ്ട എന്‍റെ പ്രവാസ ജീവിതം അവസാനിച്ചു. അതിന് ശേഷം നാട്ടിലേക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുന്നവരില്‍‍ ഹിന്ദുക്കളേക്കാള്‍ മുസ്ലിങ്ങളായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ഞാന്‍ പറഞ്ഞിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും സ്ഥാപിത താത്പര്യം വച്ചുള്ള കാര്യങ്ങള്‍ അല്ലായിരുന്നു. സമൂഹത്തെ ശരിയായ രീതിയില്‍ ചിന്തിപ്പിക്കുകയും അവര്‍ ശ്രദ്ധിക്കാത്ത വശങ്ങളിലേക്ക് അവരുടെ ചിന്തകളെ കൊണ്ടുപോവുകയും വേണം എന്ന തോന്നലുകളാണ് എന്നെ നയിക്കുന്നത്. പ്രശ്നമുണ്ടാകുമെന്നറിഞ്ഞിട്ടും വ്യക്തി താത്പര്യങ്ങള്‍ മാറ്റിവച്ച് റിസ്കുള്ള വിഷയങ്ങള്‍ ചര്‍ച്ചാ വേദിയില്‍ കൊണ്ടുവന്നത് അതുകൊണ്ടാണ്.
സംഘ പരിവാർ ബന്ധമുള്ള സുഹൃത്തുക്കളേക്കാൾ കൂടുതൽ മറ്റ് രാഷ്ട്രീയ കക്ഷികളുമായി ബന്ധമുള്ളവരാണ് എനിക്കിപ്പോഴും പ്രിയപ്പെട്ടവരായുള്ളത്. സത്യമെന്ന് എനിക്ക് തോന്നുന്നതും മാറ്റം വരേണ്ടതുണ്ടെന്നും ജനങ്ങൾ അറിയേണ്ടതുണ്ടെന്നും ഞാൻ ചിന്തിച്ചിരുന്ന കാര്യങ്ങളുമാണ് എന്റെ മാധ്യമത്തിലൂടെ ഞാൻ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. അത് തീർത്തും സ്വതന്ത്രമായ കാഴ്ചപ്പാടുകളാണ്. ഇക്കാലം വരെ സ്വന്തമായല്ലാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ഒന്നും നേടാനും ശ്രമിച്ചിട്ടില്ല. കുതന്ത്രങ്ങളിലൂടെയും നട്ടെല്ല് വളച്ചും ആരുടെ മുന്നിലും അവസരങ്ങൾക്കായി ഇനിയൊട്ട് ശ്രമിക്കുകയുമില്ല...

സംഭവം രണ്ട്; ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ തിരികെയെത്തിയ ഞാന്‍ ഇതേ ദിവസം(2011 മെയ് 12) മലയാളത്തിലെ ഒന്നാം നമ്പര്‍ ചാനലില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റായി ജോലിക്ക് കയറുന്നു. ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന പലരുമായി അടുത്ത് ഇടപെഴകാനും ജോലി ചെയ്യാനും കിട്ടിയ അവസരം.നേരത്തെ അമൃത ചാനലില്‍ മൂന്ന് വര്‍ഷക്കാലത്തോളം പ്രവര്‍ത്തിച്ചതുകൊണ്ടുതന്നെ ഏഷ്യാനെറ്റ് ഡെസ്ക് ജോലികള്‍ എനിക്ക് വളരെ അനായാസമായ ഒന്നായിരുന്നു.
ആദ്യമാസം തന്നെ വാര്‍ത്ത അവതാരകനാകാനുള്ള സ്ക്രീന്‍ ടെസ്റ്റ് സ്റ്റുഡിയോവില്‍ നടത്തി. പങ്കെടുത്ത നാല് പേരില്‍ ഏറ്റവും മികച്ച രീതിയില്‍ ക്യാമറക്ക് മുന്നില്‍ വാര്‍ത്ത അവതരിപ്പിച്ചത് ഞാനാണെന്ന് ക്യാമറ കൈകാര്യം ചെയ്ത സുഹൃത്ത് തന്നെ എന്നോട് പറയുകയും ചെയ്തു. ഉടന്‍ വാര്‍ത്ത വായിച്ചുതുടങ്ങാമെന്ന ആത്മവിശ്വാസത്തോടെ ആത്മാര്‍ത്ഥമായിത്തന്നെ ഡെസ്ക് ജോലികള്‍ തുടര്‍ന്നു. എന്നാല്‍, എന്നേക്കാള്‍ മോശമായിരുന്ന മറ്റ് മൂന്ന് പേര്‍ക്കും വാര്‍ത്തകളും പരിപാടികളും അവതരിപ്പിക്കാന്‍ അവസരം നല്‍കിയപ്പോള്‍ എനിക്ക് മാത്രം അവസരം നിഷേധിക്കപ്പെട്ടു. കാഴ്ചയിലും വാക് ചാതുരിയിലും അക്ഷര സ്ഫുടതയിലും ഭേദപ്പെട്ട നിലവാരത്തിലുള്ള ആളാണ് ഞാനെന്ന വിശ്വാസം ഇപ്പോഴും എനിക്കുണ്ട്. പക്ഷെ, ഏഷ്യാനെറ്റ് സ്റ്റുഡിയോവില്‍ വാര്‍ത്ത വായിക്കണമെന്നുള്ള എന്‍റെ ആഗ്രഹം ചിലര്‍ ചേര്‍ന്ന് തട്ടിമാറ്റി.
നിക്കറിന്‍റെ ആളിനെക്കൊണ്ട്(അങ്ങനെയാണ് ആർ.എസ്.എസ്സുകാരെ അവിടുള്ളവർ വിശേഷിപ്പിക്കുന്നത്‌) വാര്‍ത്ത വായിപ്പിക്കേണ്ടെന്ന് എനിക്ക് മുകളിലുള്ള ഒരാള്‍ മീറ്റിംഗില്‍ പറഞ്ഞുവെന്ന് എന്‍റെ അടുത്ത സുഹൃത്തിനോട് ആ മീറ്റിംഗിലുണ്ടായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പിന്നീട് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഏറെ നിരാശയും വിഷമവും തോന്നി. എന്‍റെ അവസരത്തിനായി പിന്നെയും രണ്ടര വര്‍ഷത്തോളം ഞാന്‍ കാത്തു. സ്ഥാപനം വിട്ട് വീണ്ടും തിരിച്ചെത്തിയ മേലുദ്യോഗസ്ഥന്‍റെ നിര്‍ബദ്ധ പ്രകാരം ബെംഗളൂരുവില്‍ പുതിയ ബ്യൂറോ തുടങ്ങിയതും പരിമിതമായ സാഹചര്യങ്ങളില്‍ വിജയകരമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ഏഷ്യാനെറ്റ് സ്ക്രീനില്‍ എന്‍റെ മുഖം വന്നതുമെല്ലാം മധുരമായ പ്രതികാര കഥ. പക്ഷെ, വീണ്ടും ചില കറുത്ത കരങ്ങള്‍ സ്വഭാവിക മാധ്യമ പ്രവര്‍ത്തനത്തിനെതിരെ അജണ്ഡകള്‍ ചമച്ച് തുടങ്ങിയപ്പോള്‍ മനസ്സില്ലാ മനസ്സോടെ ഏറെ ആഗ്രഹിച്ചും കഷ്ടപ്പെട്ടും എത്തിയ ദൃശ്യമാധ്യമ ലോകം താത്കാലികമായി ഞാനുപേക്ഷിച്ചു.
എത്തിയ വഴി; ഒരു സാധാരണ പട്ടാളക്കാരന്‍റെ ഇടത്തരം വീട്ടിലാണ് ഞാനും ജനിച്ചത്. കോളജില്‍ എബിവിപിക്ക് വേണ്ടിയും തപസ്യ എന്ന സംഘടനയ്ക്ക് വേണ്ടിയും കുറച്ച് നാള്‍ പ്രവര്‍ത്തിച്ചിരുന്നു. ബി.എസ്.സി കണക്കാണ് പഠിച്ചത്. പിന്നെ ടാറ്റാ ഇന്‍ഷുറന്‍സില്‍ കൊച്ചിയിലും കാക്കനാട് വി.എസ്.എന്‍.എല്ലിലും ജോലി ചെയ്ത ശേഷമാണ് മാധ്യമ പ്രവര്‍ത്തന രംഗത്തെത്തുന്നതിനായി കമ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഏതാണ്ട് നാലുവര്‍ഷത്തെ കഠിന പ്രയത്നത്തിനും ചാനല്‍ എഴുത്തുപരീക്ഷകള്‍ക്കും ശേഷമാണ് അമൃത ചാനലില്‍ ട്രെയിനി ജേര്‍ണലിസ്റ്റായി ജോലിക്ക് കയറിയത്.
ഉപസംഹാരം; എന്റെ കഴിവുകളിൽ എനിക്ക് പൂർണ വിശ്വാസമുള്ളതുകൊണ്ട് തന്നെ ഒരുത്തന്റെയും കാലുപിടിക്കാതെ ഇനിയുള്ള കാലവും ജീവിക്കും. സ്വയം സഹായിക്കുന്നവനെ ദൈവം സഹായിക്കുമെന്നാണല്ലോ. ആരോഗ്യവും ആയുസ്സുമുണ്ടെങ്കിൽ ഇപ്പോൾ ലക്ഷ്യം വച്ചിട്ടുള്ള സ്ഥാനങ്ങളിലേക്കും ഞാനെത്തും. എന്റെ പിടിവാശികളെ മനസ്സിലാക്കി എന്നെ ഞാനായി ഉൾക്കൊണ്ട് നല്ല സൗഹൃദം തുടരുകയും പ്രോത്സാഹനം തരികയും ചെയ്യുന്നവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.... അനുഭവ കഥകൾ ഏറെയുണ്ട്... യഥാർത്ഥ ജീവിത കഥകൾ ഇടയ്‌ക്കൊക്കെ ഇവിടെ തുടർന്നും എഴുതാം....

വാൽക്കഷണം; ഈ വിവരണങ്ങൾ എന്റെ വശത്ത് നിന്ന് മാത്രം ഉള്ളതാണ്. മറ്റുള്ളവർക്ക് അവരുടേതായ വിശദീകരണങ്ങളും ഇക്കാര്യങ്ങളിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ പേരെടുത്ത് പറഞ്ഞ് ആരെയും വിമർശിക്കാൻ ഇഷ്ടപ്പെടുന്നില്ല. സത്യം ചിലപ്പോൾ ആപേക്ഷികവും ആകാറുണ്ടല്ലോ!

Tuesday, May 3, 2016

ഫ്രാങ്കും തങ്കപ്പനും (ചെറുകഥ)

ഫ്രാങ്ക് പി.ഡിസൂസയ്ക്ക് ഇന്നും വിശ്വസിക്കാനായിട്ടില്ല. എന്തിനാണ് തന്നേപ്പോലെ ഒരാളെ പുതുക്കിയ നാലാംതൂണിന്റെ മുകളിൽ തങ്കപ്പൻ മുതലാളി കയറ്റിയിരുത്തിയതെന്ന്. എന്താ. എങ്ങനാ എന്നൊന്നും ഒരുപിടിയുമില്ലാത്ത പരിപാടി!

കൂടെയുള്ളവർ ഗമ കാണിക്കുമെങ്കിലും അവർ തന്നേക്കാളും താഴെയെന്ന് അധികം വൈകാതെ ഡിസൂസയ്ക്കും പിടികിട്ടുമെന്ന് തങ്കപ്പനറിയാമായിരുന്നു.

എന്തായാലും മുമ്പേ ഓടി പേരെടുത്ത് ചതുരപ്പെട്ടിക്കുള്ളിലെ മലയാളമുഖമായപ്പോൾ ചരിത്രപുരുഷന്മാരുടെ കസേരയിൽ ഡിസൂസയും കയറിയിരുന്നു. പണ്ടത്തെ ഇറച്ചിക്കച്ചവടത്തിന്റെ എല്ലാ ചേരുവകളും വിഡ്ഡിപ്പെട്ടിയുടെ വ്യാപിരിക്കുള്ളിൽ അയാൾ സ്‌ക്രൂവിട്ട് മുറുക്കി. ടാമും ബാർക്കുമെല്ലാം ആഴ്ച തോറും കുരച്ചപ്പോൾ ആയാൾ പൊട്ടന്മാരെ പറ്റിച്ച് കാശ് വാരിയെടുത്തു. രാമനും റഹീമും ദാവീദുമെല്ലാം ദാസന്മാരായി പ്രശസ്തി വിതറിയ പ്രതലങ്ങളിൽ ഉറുമ്പുകളേപ്പോലെ പറ്റിപ്പിടിച്ചു.

വിരുതനായ തങ്കപ്പൻ പക്ഷെ സ്വയം ഒന്നും പറയുകയോ ഫ്രാങ്കിനേക്കൊണ്ട് ഒന്നും പറയിക്കുകയോ ചെയ്തില്ല. വായാടികളും എഴുതിത്തെളിഞ്ഞവരുമായ വഴുക നട്ടെല്ലുള്ള റബ്ബർ സിംഹങ്ങളേക്കൊണ്ട് എല്ലാം പറയിച്ചും എഴുതിച്ചും തങ്കപ്പൻ കളി തുടർന്നു. ലോകത്തോളം വളർന്നപ്പോൾ അയാൾ രാമനും റഹീമിനും ദാവീദിനുമെല്ലാം കോട്ടും വാങ്ങിക്കൊടുത്തു. വെച്ചടി വെച്ചടി മുന്നോട്ട് പോയപ്പോൾ ദിവസവും വൈകിട്ട് അടിച്ച് പൂസാകുന്ന ഡിസൂസയോട് തന്റെ കമ്പനിയെ ഇത്ര വലിയ ബ്രാൻഡാക്കിയതിന്റെ രഹസ്യം തങ്കപ്പൻ ചോദിച്ചു. അപ്പോഴാണ് ആദ്യമായി അയാൾ പണ്ട് താൻ ചെയ്ത ഇറച്ചിക്കച്ചവടത്തിന്റെ രഹസ്യ ഫോർമുലകൾ പറഞ്ഞത്.

'വളർത്താൻ കുറെ പാവങ്ങൾ, വെട്ടാൻ കുറെ ക്രൂരൻമാർ, വിതരണത്തിന് കുറെ ദാസന്മാർ. വലിയ ഗുണമില്ലെന്നും അസുഖങ്ങൾക്കിടയാക്കുമെന്നും ഒന്നും അറിയാത്ത മറ്റ് ചിലർ ഇതെല്ലാം വാങ്ങിക്കൊണ്ട് പോവുകയും ഉപ്പും മുളകും എല്ലാം പുരട്ടി കൊച്ചുവർത്തമാനവുമായി തിന്നുകയും ചെയ്യും.'

ചെറുതായി ബോധം വന്നപ്പോൾ വിജയസൂത്രം പറയേണ്ടിയിരുന്നില്ലെന്ന് ഡിസൂസയ്ക്ക് തോന്നി. അയാൾ ആകെ വിഷമത്തിലായി. അപ്പോഴേക്കും അഴകിയ രാവണനിലെ ഒരു വെള്ളിക്കൊലുസിന്റെ കഥ പോലെ തങ്കപ്പൻ സെന്റി തുടങ്ങി. അങ്ങനെയാണ് ഇറച്ചി വിതരണക്കാരനായ കൊച്ചു തങ്കപ്പനെ ഫ്രാങ്ക് പി.ഡിസൂസയെന്ന പഴയ യജമാനൻ തിരിച്ചറിഞ്ഞത്.

അവസാനം ഫിലോസഫിക്കലായി ഡിസൂസ ഒരു കാച്ചുകാച്ചി... അത് ഒരൊന്നര കാച്ചായിരുന്നു.... എൻ.എൻ. കക്കാടിന്റെ സഫലമീയാത്രയിലെ വളരെ ബുദ്ധിമുട്ടി കാണാതെ പഠിച്ച വരികൾ...

കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും അപ്പോ ആരെന്നും എന്തെന്നും ആർക്കറിയാമെന്ന്....!

അങ്കത്തിന് വീണ്ടുമൊരു ബാല്യമുണ്ടെന്ന് വിശ്വസിക്കാൻ പക്ഷെ, അയാളുടെ ശബ്ദം കേൾക്കുന്നവർക്ക് തോന്നുമായിരുന്നില്ല...

(ശുഭം)

Thursday, October 22, 2015

വിധിയെ ഓടി തോല്‍പ്പിക്കുന്നവന്‍ !

കുഴിബോംബ് സ്ഫോടനത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ടിട്ടും ബ്ലേഡ് റണ്ണറായി വിജയങ്ങള്‍ കൊയ്യുന്ന മദ്രാസ് എഞ്ചിനീയറിംഗ് റജിമെന്‍റിലെ ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരനെ പരിചയപ്പെടാം

പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തലയെടുപ്പോടെ നേരിട്ട് മുന്നേറുന്നതാണ് ധീരന്മാരുടെ ലക്ഷണം. തിരിച്ചടികളെ സധൈര്യം സ്വീകരിച്ച് അവര്‍ ലക്ഷ്യത്തിലെത്തും. ഏറെ പേരും തളര്‍ന്ന് വീഴുന്നിടങ്ങളില്‍ കത്തിനില്‍ക്കുന്ന സൂര്യനെപ്പോലെ അവര്‍ ഊര്‍ജ്ജസ്വലരായിരിക്കും. ജീവിതം അവര്‍ക്കായി വിജയപാതകള്‍ വെട്ടിത്തെളിക്കും.


2016 പാരാലിംപിക്‌സിന് യോഗ്യത നേടിയ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പിലെ(എം.ഇ.ജി) ബ്ലേഡ് റണ്ണര്‍ അനന്ദന്‍ ഗുണശേഖരന്‍ ഇന്ന് രാജ്യത്തിന്‍റെ തന്നെ അഭിമാനമാണ്. ദക്ഷിണ കൊറിയയിലെ മ്യൂങ്യോംഗില്‍ ഒക്ടോബര്‍ 11ന് അവസാനിച്ച ആറാമത് ലോക സൈനിക കായിക മേളയില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് വികലാംഗരുടെ ഒളിംപിക്‌സെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാരാലിംപിക്‌സിന് അനന്തന്‍ യോഗ്യത നേടിയത്. 24.04 സെക്കന്റിന്റെ പുതിയ ഏഷ്യന്‍ റെക്കോര്‍ഡോടെ ആയിരുന്നു ഈ ഇരുപത്തൊമ്പതുകാരന്റെ നേട്ടം. ഇതിന് പുറമെ 100 മീറ്ററില്‍ നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായി(12.55 സെക്കന്റ്- ഫോട്ടോഫിനിഷില്‍ .05 സെക്കന്റില്‍ രണ്ടാമതായി). ടി-44 വിഭാഗത്തിലാണ് ബെംഗളൂരു ആസ്ഥാനമായ എം.ഇ.ജിയിലെ കായികതാരം മത്സരിച്ചത്. കീഴടക്കാനാവാത്ത പോരാട്ട വീര്യത്തിന്റെ ത്രസിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലൂടെ ഒരു പര്യടനം.


ദക്ഷിണ കൊറിയയില്‍ അനന്തന് കിട്ടിയ സ്വര്‍ണ മെഡല്‍

കൈയ്യും കാലുമുള്ള മനുഷ്യരിലേറെപ്പേര്‍ക്കും ഇല്ലാത്ത ഒന്ന് അനന്ദന്‍ ഗുണശേഖരനുണ്ട്. ഇച്ഛാശക്തി. തോല്‍ക്കില്ലെന്നും ജയിക്കണമെന്നുമുള്ള അടങ്ങാത്ത വാശി. ബ്ലേഡ് റണ്ണറെന്ന് കേട്ടാല്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്‍റെ പേര് ഓടിയെത്തിയിരുന്ന ഇന്ത്യാക്കാരുടെ മനസ്സിലേക്ക് അനന്തനും സുവര്‍ണ സിംഹാസനമിട്ട് ഇരുപ്പുറപ്പിക്കുകയാണ്. അതെ, ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരന്‍ ഒന്നിനും തോല്‍പ്പിക്കാനാവാത്ത മനക്കരുത്തിന്റെ പര്യായമായിരിക്കുന്നു. അനന്തനെ അറിയണമെങ്കില്‍ അനന്തന്റെ നേട്ടത്തിന്റെ മഹത്വം അറിയണമെങ്കില്‍ ഏഴ് വര്‍ഷം പിന്നിലേക്ക് പോകണം. അഖണ്ഡ ഭാരതത്തിന്‍റെ മുറിക്കപ്പെട്ട ദുഖങ്ങളുടെ അവശേഷിപ്പായ അങ്ങ് ജമ്മുകാശ്മീരിലേക്ക്.


വര്‍ഷം 2008, അനന്തന്‍ പട്ടാളത്തില്‍ ചേര്‍ന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുന്ന കാലം. അതിര്‍ത്തിയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരു നാള്‍ കുഴിബോംബ് പൊട്ടി ആ ചെറുപ്പക്കാരന് ഇടംകാല്‍ നഷ്ടമായി. പഠനകാലം മുതലെ ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം സമര്‍ത്ഥനായിരുന്ന അവന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ തളര്‍ന്ന് പോകുന്നിടത്ത് ആത്മശക്തി വീണ്ടെടുത്തതും ഉയരങ്ങള്‍ കീഴടക്കണമെന്ന് ഉറച്ച് വിശ്വസിച്ചതുമാണ് അനന്തനിലെ കായികതാരത്തെ ഉണര്‍ത്തിയത്. 


 സ്വര്‍ണ മെഡലുമായി ദക്ഷിണ കൊറിയയില്‍ 

ലോകം കീഴടക്കാന്‍ പോകുന്നത്ര ചൂടുമായി ഉള്ളിലെവിടെയോ ഒരഗ്നി എരിഞ്ഞ് തുടങ്ങി. ഉറക്കം പോലും നഷ്ടപ്പെടുത്തിയ അത് അവന്‍റെ കൈകകളിലേക്കും കാലുകളിലേക്കും പ്രവഹിച്ചു. മുറിഞ്ഞുപോയ ഇടതുകാലിന്‍റെ ഭാഗത്ത് കൃത്രിമക്കാല്‍ വച്ചുചേര്‍ത്ത് അനന്തന്‍ ട്രാക്കിലിറങ്ങി. ശരീരത്തോട് ഇനിയും ചേരാത്ത നിര്‍ജീവ അവയവം മുട്ടിലെ മുറിപ്പാടില്‍ ഉരയുമ്പോള്‍ സിരകളിലും ഞരമ്പുകളിലും വേദന മിന്നല്‍പോലെ പടര്‍ന്നു. ആരോടും പറയാതെ ആ വേദനകള്‍ കടിച്ചമര്‍ത്താന്‍ അന്ന് സഹായമായത് സ്വപ്‌നങ്ങളുടെ നിറുകയില്‍ പറന്ന അവന്‍റെ മനസ്സായിരുന്നു. അതെല്ലാം അധികമാരും അറിയാത്ത അനന്തന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ കഴിഞ്ഞ നാളുകള്‍. വര്‍ത്തമാനം പറയുന്നത് വിശ്വവിജയിലേക്കുള്ള ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരന്‍റെ വീരഗാഥകള്‍. കായികലോകം ഇനിയും കാണാനിരിക്കുന്ന അത്ഭുത കാഴ്ചകള്‍.


2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ ബ്ലേഡ് കാലുകളില്‍ പറക്കുന്ന ഓസ്‌കാര്‍ പിസ്റ്റോറിയസ് എന്ന ദക്ഷിണാഫ്രിക്കന്‍ സ്പ്രിന്‍ററിന്‍റെ സ്ഥാനത്തേക്ക് 2016 ബ്രസീല്‍ റിയോ ഡി ജനീറോയില്‍ അനന്തന്‍ ഗുണശേഖരനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു ഇന്ത്യയും ഏഷ്യന്‍ വന്‍കരയും. അത് നടക്കാത്ത മോഹമല്ലെന്ന് അനന്തന്‍ പിന്നിട്ട വഴികള്‍ നോക്കിയാല്‍ മനസ്സിലാകും. 

തമിഴ്‌നാട് കുംബകോണം സ്വദേശിയായ അനന്തന്‍ ഗുണശേഖരന്‍ 2005 സെപ്തംബറിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ എം.ഇ.ജിയിലെ 10 എഞ്ചിനീയറിംഗ് റജിമെന്‍റില്‍ പോസ്റ്റിംഗായി. 2008 ജൂണ്‍ നാലിനാണ് പാകിസ്ഥാന്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. കൃത്രിമ കാല്‍ സ്ഥാപിക്കുന്ന പൂനെയിലെ എ.എല്‍.സി ആശുപത്രിയില്‍ തൊട്ടടുത്തമാസം ഇടതുകാല്‍ മുറിച്ച് മാറ്റി. മികച്ച കായിക ക്ഷമതയുണ്ടായിരുന്ന അനന്തനെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് ബ്ലേഡ് റണ്ണിംഗിനായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള തീരുമാനമെടുത്തതാണ് വഴിത്തിരിവായത്. 

ബ്ലേഡ് റണ്ണര്‍ അനന്തന്‍ ഗുണശേഖരന് മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സ്വീകരണം നല്‍കിയപ്പോള്‍
നല്ല തന്‍റേടവും ആത്മവിശ്വാസവുമുള്ള അനന്തന് അംഗവൈകല്യത്തിന്‍റെ പരിമിതികള്‍ മറികടക്കാന്‍ ഏറെനാള്‍ വേണ്ടിവന്നു. കൃത്രിമക്കാലുമായി 2008 ഡിസംബറില്‍ തന്നെ ട്രാക്കിലിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച വേഗത്തിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. വിട്ടുവീഴ്ചയില്ലാത്ത കഠിന പരിശീലനങ്ങളുടെ നാല് വര്‍ഷമായിരുന്നു പിന്നീട്. പതുക്കെ നിലവാരമുള്ള അത്‌ലറ്റായി അനന്തന്‍ മാറി. 2012ല്‍ 2.5 കിലോമീറ്റര്‍ മുംബെയ് മാരത്തണ്‍ 9.58 മിനുട്ടില്‍ ഓടിയെത്തി രണ്ടാം യൗവനത്തിന്‍റെ വരവറിയിച്ചു. ട്രാക്കിലെ അനന്തന്‍റെ കഴിവ് കണ്ടറിഞ്ഞ റജിമെന്‍റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഞ്ച് ലക്ഷം രൂപ മുടക്കി കൃത്രിമ കാലിന് പകരം ബ്ലേഡ് വാങ്ങി നല്‍കി. ബ്ലേഡ് വച്ച് ഓട്ടത്തിനിറങ്ങിയ അനന്തന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 

അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ മെഡലുകള്‍ ഈ കായികതാരം ഇതിനോടകം വാരിക്കൂട്ടി. ടുണീഷ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.സി. അത്‌ലറ്റിക് ഗ്രാന്റ് പ്രീയില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടി. അതേവര്‍ഷം ചൈനയിലെ ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലും മികച്ച പ്രകടനം നടത്തി. 2015 സെപ്തംബറില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സൈനിക പാരാ ഗെയിംസിലും 200 മീറ്ററില്‍ 100 മീറ്ററിലും ഒന്നാമതെത്തി. 


എം.ഇ.ജിയിലെ സുഹൃത്തുക്കള്‍ അനന്തനെ എതിരേറ്റ് കൊണ്ടുപോകുന്നു

ഈ മാസം ദക്ഷിണ കൊറിയയില്‍ നടന്ന ലോക സൈനിക കായികമേളയില്‍ എണ്‍പത് രാജ്യങ്ങളില്‍ നിന്നായി 5,000 കായികതാരങ്ങളാണ് പങ്കെടുത്തതെന്ന് കൂടി മനസ്സിലാക്കുമ്പോള്‍ അനന്തന്‍ നേടിയ സ്വര്‍ണത്തിന്‍റെ മാറ്ററിയാം. റിയോ ഡി ജനീറോയിലെ പാരാലിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ ബ്ലേഡ് റണ്ണര്‍ക്ക് വമ്പന്‍ സ്വീകരണമാണ് മദ്രാസ് എഞ്ചിനീയറിംഗ് റജിമെന്റ് ഒരുക്കിയത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ അഭിമാനത്തോടെ എല്ലാ സഹപ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. 

എം.ഇ.ജിയിലെ സഹപ്രവര്‍ത്തകരോടൊപ്പം ലാന്‍സ് നായിക് അനന്തന്‍

ബെംഗളൂരുവില്‍ അള്‍സൂര്‍ തടാകത്തിന്റെ അടുത്ത് താമസിക്കുന്ന അനന്തന്‍ ഗുണശേഖരന്‍ കണ്ഡീരവ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. എല്ലാ ദിവസവും ആറ് മണിക്കൂറോളമാണ് പരിശീലനം. ജീവിതത്തിലുണ്ടായ ദുരന്തമാണ് ഈ നേട്ടത്തിനെല്ലാം കാരണമെന്ന് അനന്തന്‍ പറയുന്നു. എല്ലാ ദിവസവും വെല്ലുവിളികളുടേതാണ്. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലെല്ലാം വിജയത്തില്‍ കുറച്ച് ഒന്നും സ്വപ്‌നം കാണാറില്ല.


 പാരാലിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ഈ പട്ടാളക്കാരന്‍ പറയുമ്പോള്‍ വിശ്വസിക്കാതെ തരമില്ലെന്ന് പറയേണ്ടിവരും. ചിലരങ്ങനെയാണ് വാക്കിലും പ്രവര്‍ത്തിയിലും വിടവ് വരുത്താറില്ല. അനന്തന്‍ ഗുണശേഖരന്‍ ഓടുന്നത് വിധിയേയും തോല്‍പ്പിച്ചാണ്. അയാള്‍ക്ക് മുന്നില്‍ വഴിമാറാനുള്ള കാത്തിരിപ്പിലാണ് കായിക ചരിത്രവും !

മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക

Saturday, September 5, 2015

വെറും കാഴ്ചയല്ല ! വെറും വാക്കുമല്ല !


പ്രകൃതിക്കൂട്ടില്‍ ഒരു പാര്‍ക്ക് !ജയപ്രകാശ് നാരായണ്‍ പാര്‍ക്ക്, മത്തിക്കരെ
നേര്‍ത്ത നൂല്‍മഴ പൊടിഞ്ഞിരുന്ന ഒരു സായാഹ്നത്തില്‍ ഉദ്യാന നഗരത്തിലെ ജെ.പി.പാര്‍ക്കിലെത്തിയത് മറക്കാനാകാത്ത അനുഭമാണ് . ജീവിത പുസ്തകത്തില്‍ ആത്മാവെഴുതിയ കവിത പോലെ ഏറെ സുന്ദരമായിരുന്നു ആ കാഴ്ചകള്‍. തിരക്കുകള്‍ കലക്കി മറിച്ച നഗര ശരീരത്തില്‍ മനുഷ്യന്‍ കടഞ്ഞെടുത്ത മനോഹരമായ പ്രകൃതി കൂട്ടുകള്‍ കണ്ടറിഞ്ഞ ദിവസം. പിന്നെ എത്ര തവണ അവിടെ പോയെന്ന് എനിക്കുതന്നെ അറിയില്ല. 

ഭാഗ്യമെന്ന് പറയട്ടെ എന്‍റെ ഭാര്യയുടെ വീട് ഈ പാര്‍ക്കിന്‍റെ തൊട്ടടുത്താണ്. നടന്നുപോകാന്‍ പറ്റുന്നത്ര അടുത്ത് !

ജെ.പി.പാര്‍ക്കിലെ ജോഗിംഗ് ലൈന്‍

ബെംഗളൂരുവിലെ വലിയ പാര്‍ക്കുകളെന്നാല്‍ അന്നുവരെ എല്ലാരെ പോലെ എനിക്കും ലാല്‍ബാഗും കബണ്‍പാര്‍ക്കും ആയിരുന്നു. വേറിട്ട സുന്ദരമായ കാഴ്ചകള്‍ ഒരുക്കിയിട്ടുള്ള ജെ.പി. പാര്‍ക്കിനേപ്പറ്റി നഗരത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളില്‍ ഏറെപേരും ഇന്നും അറിവുണ്ടായിരിക്കില്ല. 

മനോഹരമായ പ്രതിമകള്‍
ജെ.പി.പാര്‍ക്ക് അഥവാ ജയപ്രകാശ് നാരായണ്‍ ജൈവ വൈവിദ്ധ്യ പാര്‍ക്ക് ബെംഗളൂരു നഗരത്തിലെ ഏറ്റവും ചെറുപ്പക്കാരിയായ പാര്‍ക്കാണ്. എണ്‍പത്തിയഞ്ച് ഏക്കറില്‍ പരന്ന് കിടക്കുന്ന ഇവിടേക്ക് ഒരിക്കലെത്തിയാല്‍ പിന്നെ വീണ്ടും വരാതിരിക്കാനാകില്ല. 


ഉദ്യാന നഗരത്തില്‍ ബ്രിട്ടീഷുകാര്‍ ഒരുക്കിയ കബണ്‍പാര്‍ക്കും മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദരാലി തുടങ്ങിവച്ച് മകന്‍ ടിപ്പുസുല്‍ത്താന്‍ പണി തീര്‍ത്ത ലാല്‍ബാഗും കഴിഞ്ഞാല്‍ നാടിന്റെ സ്വന്തം മക്കള്‍ ഒരുക്കിയ ജെ.പി.പാര്‍ക്ക് തന്നെയാണ് വലിപ്പത്തില്‍ മുമ്പില്‍. 2006ല്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കെയാണ് പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഒമ്പതു കോടി രൂപ മുടക്കി ബെംഗളൂരു മഹാനഗര പാലികെയാണ് ജെ.പി.പാര്‍ക്ക് നിര്‍മ്മിച്ചത്.
പാര്‍ക്കിനുള്ളിലുള്ള തടാകത്തിലെ മത്സ്യങ്ങള്‍ 

നാടും നഗരവും ഒരുമിപ്പിക്കുന്ന ഇടത്താവളമെന്ന് ഈ പാര്‍ക്കിനെ വിശേഷിപ്പിക്കാം. കവാടം മുതല്‍ കാഴ്ചക്കാരെ കാത്തിരിക്കുന്നത് മനോഹരമായ ദൃശ്യവിസ്മയങ്ങളാണ്. പാര്‍ക്കിനുള്ളിലെ ചെറു പാര്‍ക്കുകളും നാല് തടാകങ്ങളും നീന്തല്‍ക്കുളവും മ്യൂസിക് ഫൗണ്ടെയ്‌നുമെല്ലാം നിര്‍മ്മാണത്തിലെ വൈദഗ്ധ്യം വെളിവാക്കുന്നു. ആയിരക്കണക്കിന് മത്സ്യങ്ങള്‍ നിറഞ്ഞ തടാകങ്ങളും ദേശാടനക്കിളികളുടെ കലവറയായ പച്ചത്തുരുത്തുകളും പാര്‍ക്കിന്റെ സൗഭാവിക സൗന്ദര്യത്തിന്റെ നേരറിവാണ്. 
 
ജീവന്‍ തുടിക്കുന്ന പശുവിന്‍റെ മാതൃക

ഒരുഭാഗത്ത് നാട്ടിന്‍പുറത്തെ കര്‍ഷക ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാട്ടിത്തരുമ്പോള്‍ മറ്റൊരു ഭാഗത്ത് ഏറ്റവും ആധുനിക സൗകര്യമുള്ള നീന്തല്‍ക്കുളവും ശ്രവണ നയനാനന്ദകരമായ മ്യൂസിക് ഫൗണ്ടെയ്‌നും ഒരുക്കിയിരിക്കുന്നു. ഇരുനൂറ്റമ്പത് ഇനങ്ങളിലുള്ള വൃക്ഷങ്ങളും നൂറുകണക്കിന് ഇനം പുല്‍ച്ചെടികളും കുറ്റിച്ചെടികളുമായി ജൈവ സമ്പത്താല്‍ സമൃദ്ധമാണ് ഇവിടം. 


നക്ഷത്ര വനവും രാശിവനവും
പരമ്പരാഗതമായ നാട്ടറിവുകള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ രീതിയിലാണ് ഉള്ളിലുള്ള ചെറുപാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നക്ഷത്രവനവും രാശി വനവും നവഗ്രഹ വനവും ജോതിശാസ്ത്ര അറിവുകള്‍ സമന്വയിപ്പിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ നക്ഷത്രത്തിനും അനുസരിച്ചുള്ള മരങ്ങളും ചെടികളും ഇവിടെ സൂക്ഷ്മതയോടെ വളര്‍ത്തുന്നു. കര്‍ണാടകയിലെ അല്‍മാട്ടിയിലെ ശിലാ ഉദ്യാന മാതൃയിലുള്ള റോക് ഗാര്‍ഡനും ജെ.പി.പാര്‍ക്കിലുണ്ട്. ഇതിനുപുറമെ നാലര കിലോമീറ്റര്‍ ജോഗിംഗ് ട്രാക്കും, വ്യായാമത്തിനുള്ള മറ്റ് സൗകര്യങ്ങളുമുണ്ട്. മുളന്തോട്ടവും കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും സ്ത്രീകള്‍ക്കായി പ്രത്യേകം ഷട്ടില്‍, ടെന്നീസ് കോര്‍ട്ടുകളും ജെ.പി.പാര്‍ക്കിന്റെ സവിശേഷതകളാണ്. 

എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് കൊള്ളുമ്പോള്‍ ആയിരം എന്നും പറയും പോലെ എഴുതിയാലും തീരാത്ത കാര്യങ്ങള്‍ ഒളിപ്പിച്ച് ജയപ്രകാശ് നാരായണ്‍ പാര്‍ക്ക് ഐ.ടി.നഗരത്തിന്റെ വടക്കുപടിഞ്ഞാറെ കോണില്‍ തലയെടുപ്പോടെ കിടക്കുന്നു. യെശ്വന്ത്പൂര്‍ റെയില്‍വേസ്റ്റേഷനടുത്തുള്ള മത്തിക്കരെയിലാണ് ജയപ്രകാശ് നാരായണ്‍ ജൈവ വൈിദ്ധ്യ പാര്‍ക് സ്ഥിതിചെയ്യുന്നത്. വെളുപ്പിന് 5 മണി മുതല്‍ 9 മണി വരെയും വൈകീട്ട് 4 മണി മുതല്‍ രാത്രി 8.30 വരെയുമാണ് സന്ദര്‍ശന സമയം. 

ലേഖകന്‍ ജെ.പി.പാര്‍ക്കില്‍
കണ്ട കാഴ്ചകള്‍ക്കപ്പുറം കാണാന്‍ ഇനിയുമേറെയുണ്ട് ഈ പാര്‍ക്കില്‍. പച്ചപ്പുകള്‍  കാര്‍ന്നെടുക്കുന്ന കോണ്‍ക്രീറ്റ് വനങ്ങള്‍ സമകാലിക നഗര വികസന യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവിടെ ഒരുകൂട്ടം ആളുകള്‍ മാറി ചിന്തിച്ചിരിക്കുന്നു. ചിന്തിക്കുക മാത്രമല്ല, അത് പ്രവര്‍ത്തിപഥത്തിലും എത്തിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ ജയപ്രകാശ് നാരായണ്‍ പാര്‍ക്ക് ഒരു കാഴ്ചയല്ല, അനുഭവമാണ്, നല്ല ഒന്നാന്തരം അറിവുകള്‍ നല്‍കുന്ന അനുഭവം !

Wednesday, August 12, 2015

2014 മലയാള ചലച്ചിത്ര പുരസ്കാര നിര്‍ണയം, എന്‍റെ കാഴ്ചപ്പാട്

ആകാശത്ത് നില്‍ക്കുന്ന താരങ്ങളായി അഭിനേതാക്കളും മുഖ്യധാരാ സിനിമാപ്രവര്‍ത്തകരും മാറ്റിനിര്‍ത്തപ്പെടുന്ന കാലത്ത് വിധിനിര്‍ണയങ്ങളും പരിഗണനാ ക്രമങ്ങളും മാറേണ്ടതുണ്ട്. ചിലര്‍ സൃഷ്ടിച്ച വട്ടങ്ങള്‍ക്കപ്പുറത്തേക്ക് ഈ കലാരൂപം കടന്നുചെല്ലേണ്ടതുമുണ്ട്.

പുരസ്കാരങ്ങളെയും അംഗീകാരങ്ങളെയും വിലയിരുത്തുന്നവര്‍ പരമ്പരാഗത ചിന്താരീതികളില്‍ നിന്ന് മാറേണ്ടതുണ്ടെന്ന് തോന്നുന്നു. ഉത്തരവാദിത്ത ബോധമില്ലാതെ വിധികര്‍ത്താക്കള്‍ക്കെതിരെ തിരിയുന്നവര്‍ കാണാതെ പോകുന്ന കുറെ കാര്യങ്ങളുണ്ട്.

ജനമനസ്സുകളെ ഏറ്റവും വേഗം കീഴടക്കുന്നതിലും അതുവഴി അവരുടെ സംസ്കാരം തന്നെ രൂപപ്പെടുത്തുന്നതിലും സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല. അബോധതലത്തില്‍ പ്രവര്‍ത്തിക്കുന്ന താര ആരാധന ഒരാള്‍ ഇടുന്ന വസ്ത്രം മുതല്‍ കഴിക്കുന്ന ആഹാരത്തില്‍ വരെ സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ സിനിമ ഒരു സാംസ്കാരിക ഇടപെടല്‍ കൂടിയാണ്.

അപ്രാപ്യമായ തലങ്ങളിലേക്ക് എഴുത്തും പാട്ടും സിനിമയും എല്ലാം മാറ്റപ്പെടുമ്പോള്‍ കാഴ്ചക്കാരാവാനും വിമര്‍ശകരാവാനും പ്രതിലോമ ശക്തികളാവാനും ആണ് നമ്മളില്‍ ഭൂരിപക്ഷവും ശ്രമിക്കുന്നത്. മനസ്സിനെ ഉദാത്തമായ തലങ്ങിലേക്ക് ഉയര്‍ത്തി ഭാവനാ സമ്പന്നമായ സര്‍ഗ്ഗാത്മകതയിലേക്ക് എത്തിക്കാനും സ്വപ്നം കാണിക്കാനും കഴിയുന്നിടത്താണ് വിവിധ കലകളുടെ സമ്മേളനമായ സിനിമയുടെ പ്രസക്തി. ക്രിയാത്മകമായ മാനസിക വ്യാപാരങ്ങള്‍ സമാധാനപരവും സന്തോഷപൂര്‍ണവുമായ സമൂഹ നിര്‍മ്മാണത്തിന് അനിവാര്യമാണ്. 

എനിക്കും അത് സാധിക്കുമെന്നുള്ള തോന്നല്‍ ഉളവാക്കുന്നിടത്താണ് പുതിയ ശ്രമങ്ങള്‍ തുടങ്ങുന്നതിന്‍റെ വേരുകള്‍. അങ്ങനെ നോക്കിയാല്‍ ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ഉള്ള ഒന്നാണെന്ന് പറയേണ്ടിവരും. അതില്‍ ജൂറി അദ്ധ്യക്ഷനായ ജോണ്‍ പോളിനെ അനുമോദിക്കുകയാണ് വേണ്ടത്.  അത് മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരെ അവഗണിക്കുകയാണ് നല്ലത്. ദൗര്‍ഭാഗ്യവശാല്‍ ഈ ഉദ്ദേശത്തെ മനസ്സിലാക്കുന്ന വിവേകശാലികള്‍ നമ്മുടെ അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ കുറഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങളുടെ ഒച്ചപ്പാടിനിടയില്‍ നിന്ന് നിലവാരം കുറഞ്ഞ കോമാളിവേഷം കെട്ടുകയാണ് അവരില്‍ കൂടുതല്‍ പേരും.

അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ കണ്ടെത്തലുകള്‍
സുഹൃത്തുക്കളെ, താരങ്ങള്‍ നമ്മില്‍ നിന്നകന്ന് മാറി നില്‍ക്കട്ടെ...പുരസ്കാരങ്ങള്‍ പ്രോത്സാഹനമാണ്. അത് അര്‍ഹിക്കപ്പെടുന്നത് സാധാരാണക്കാരിലെ അസാധാരണക്കാരാണ്. മനുഷ്യരുടെ ഇടയിലുള്ള നന്മകള്‍ കാണാന്‍ നമുക്ക് ശ്രമിക്കാം. അവിടെ നിന്നുള്ള കൂട്ടായ്മകളിലെ കഥയും കവിതയും സിനിമയും എല്ലാം തുടര്‍ന്നും അംഗീകരിക്കപ്പെടട്ടെ... നൈര്‍മല്യമുള്ള ഇന്ദ്രിയങ്ങള്‍‍ അതിലേക്ക് പരന്നൊഴുകട്ടെ...!

കള്ളപ്പണക്കാര്‍ക്കും കോടികളുടെ കണക്കുപറയുന്ന കച്ചവടക്കാര്‍ക്കും മള്‍ട്ടിപ്ലക്സുകളും ആയിരക്കണക്കിന് തീയറ്ററുകളും ഇവിടെയുണ്ടല്ലോ. അവിടെ അത് കണ്ട് കണ്ണുതള്ളി ബഡായി പറഞ്ഞുനടക്കുന്നവര്‍ ഈ എഴുത്ത്  ഉള്‍ക്കൊള്ളേണ്ടതില്ല. കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടത്തിനും, വിധ്വംസക, അനാശാസ്യ പ്രവര്‍‍ത്തനങ്ങള്‍ക്കും മറയാക്കപ്പെടുന്ന സിനിമയെന്ന മായിക ലോകത്തെ നമുക്ക് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. വഴിതെറ്റാനും തെറ്റിപ്പിക്കപ്പെടാനും സാധ്യതയുള്ള യുവത്വത്തെ പുതിയ മാതൃകകള്‍ കാട്ടിക്കൊടുക്കേണ്ടതുണ്ട്. ഇത്തവണത്തെ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ ഒരുപക്ഷെ രാഷ്ട്രീയമുണ്ടെങ്കില്‍‍, ആ രാഷ്ട്രീയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു....!