ആദ്യമായി ദില്ലിക്ക് പോവുകയാണ്. യാത്ര എയര്‍ ഡെക്കാന്‍ വിമാനത്തില്‍.,. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയറോണ്‍മെന്‍റിന്‍റെ ദക്ഷിണേഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള സെമിനാറില്‍ പങ്കെടുക്കുക, പിന്നെ ദില്ലി ബ്യൂറോയില്‍ കുറച്ചുനാള്‍ നിന്ന് പാര്‍ലമെന്‍റ് സമ്മേളനം ഉള്‍പ്പെടെയുള്ള ദൈനംദിന ജോലികളുടെ ഭാഗമാവുക. അതുവരെ ഡെസ്കില്‍ മാത്രം ജോലിചെയ്തിട്ടുള്ള എനിക്ക് എല്ലാം പുതിയ അനുഭവമാകുമെന്ന് എന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററും മറ്റ് മുകളിലുള്ള സഹപ്രവര്‍ത്തകരും കരുതിയിരിക്കണം. ഏഷ്യാനെറ്റ് ന്യൂസില്‍ എത്തിയിട്ട് ഏതാണ്ട് രണ്ടുവര്‍ഷം ആയിരിക്കുന്നു. അമൃതാ ടി.വിയില്‍ തുടങ്ങിയതുമുതല്‍ സയന്‍സ് വിഷയങ്ങളില്‍ സ്റ്റോറികള്‍ കണ്ടെത്തി ചെയ്തിരുന്നു. അതിലുള്ള താത്പര്യം കണക്കിലെടുത്താവും എനിക്ക് ഇത്തരം ഒരവസരം തന്നതെന്ന് വിചാരിക്കുന്നു.
എന്തായാലും വലിയ താത്പര്യത്തില്‍ ഞാന്‍ യാത്ര പുറപ്പെട്ടു. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമിലെ ഓണ്‍ലൈന്‍ എഡിറ്റര്‍ സാലുവാണ് ബൈക്കില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊണ്ടുചെന്നാക്കിയത്. വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു ഫ്ലൈറ്റ്. രാത്രി എട്ടരയോടെ വിമാനത്താവളത്തിന് പുറത്തെത്തി. അവിടെ പ്രശാന്ത് ചേട്ടന്‍(,(പ്രശാന്ത് രഘുവംശം) പറഞ്ഞതനുസിരിച്ച് സെബിയെന്ന ഡ്രൈവര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുറച്ചുപാടുപെട്ടെങ്കിലും ഞാന്‍ ഡ്രൈവറുടെ അടുത്തെത്തി. വണ്ടിയില്‍ കയറി നേരെ തിരിച്ചത് ബ്യൂറോയിലേക്ക്. അവിടെ നിന്നും ഗുഡ്ഗാവിലെ ഞങ്ങളുടെ ഗസ്റ്റ്ഹൗസിലേക്കും പോയി. ഒരുപരിചയവുമില്ലാത്ത രണ്ടുമൂന്ന് ആളുകളും ഞാനും രാത്രിയില്‍ ഹരിയാനയിലെ ആ വീട്ടില്‍,.
കൂടുതല്‍ പരിചയപ്പെടലിലൂടെ അറിയാന്‍ സാധിച്ചത് ഗസ്റ്റ്ഹൗസ് എല്‍.. കെ അദ്വാനിയുടേതാണെന്നാണ്. ഒന്നേകാല്‍ ലക്ഷം രൂപയാണത്രെ ഒരുമാസത്തെ വാടക. എന്തായാലും നല്ല കിടിലന്‍ സെറ്റപ്പ്. അതിഥികള്‍ക്ക് ഇഷ്ടഭക്ഷണം ഒരുക്കുന്നതിലും ആവശ്യങ്ങള്‍ ചോദിച്ചുചെയ്യുന്നതിലും ഒരുവീഴ്ചയും വരുത്താത്ത ഹൗസ്കീപ്പേഴ്സ്. സെമിനാറില്‍ പങ്കെടുക്കാനായി അടുത്ത ദിവസം ദില്ലി ഓഫീസിലെത്താന്‍ ഞാന്‍ ഡെല്‍ഹി മെട്രോ ട്രെയിനില്‍ യാത്ര തിരിച്ചു. ആദ്യമായി ഡിഎംആര്‍സി സ്റ്റേഷനില്‍ യാത്രക്കായെത്തുന്നതിന്‍റെ അപരിചിതത്വം ഉണ്ടായിരുന്നു. എങ്കിലും കൃത്യമായ സംവിധാനങ്ങള്‍ വളരെ പെട്ടന്നുതന്നെ സങ്കേതങ്ങളുടെ സങ്കീര്‍ണത ഇല്ലാതാക്കി. ചോദിച്ചുംപറഞ്ഞും ബ്യൂറോയിലെത്തിയ ശേഷം സെബി തന്നെ എന്നെ സെമിനാര്‍ നടക്കുന്ന സ്ഥലത്ത് കൊണ്ടുചെന്നാക്കി.
ജാര്‍ഖണ്ഡ് സ്വദേശി ശ്യാംകുമാറെന്ന ആളായിരുന്നു എന്‍റെ റൂം മേറ്റ്. രണ്ടുദിവസത്തെ സെമിനാറില്‍ സുനിതാ നാരായണനും സംഘവും പ്രകൃതിയില്‍ മനുഷ്യര്‍ ചെയ്യുന്ന വികൃതികളും അതുമൂലം ഉണ്ടാകുന്ന കാര്‍ബണ്‍ എമിഷനും ഒടുവില്‍ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും എല്ലാം വിശദമായി തന്നെ കണക്കുകള്‍ സഹിതം വരച്ചുകാട്ടി. ഭൂമിയോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകള്‍, വ്യവസായ സ്ഥാപനങ്ങളും വാഹനങ്ങളും അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാര്‍ബണ്‍ മോണോക്സൈഡിന്‍റെ ദൂഷ്യവശങ്ങള്‍, കടലിലേക്കും നദികളിലേക്കും ഒഴുക്കുന്ന മാലിന്യങ്ങള്‍ ജലജീവ വ്യവസ്ഥയ്ക്ക് വരുത്തുന്ന വിനാശം അങ്ങനെ പല പഠനങ്ങളും സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടു. ഒടുവില്‍ എല്ലാംകഴിഞ്ഞിറങ്ങുമ്പോള്‍ നമ്മള്‍ ദൃശ്യമാധ്യമങ്ങള്‍ എത്രമാത്രം പിന്നിലാണ് ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെന്ന് ബോധ്യമായി. ആരെയും പഴിക്കാതെ വാര്‍ത്താലോകത്തെ സംഭവബഹുലമായ സ്പന്ദനങ്ങളിലേക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലെടുത്തുകുത്തി.
രാഷ്ട്രീയ ചരിത്രം ഏറെ അറിയാതെ പാര്‍ലമെന്‍റിന്‍റെ കവാടത്തിലൂടെയും ഇന്ദ്രപ്രസ്ഥത്തിലെ നിഴലുറങ്ങുന്ന ഇടവഴികളിലൂടെയും അലസനായി ഞാന്‍ നടന്നു. ആ നാളുകള്‍ അറിയാതെ ഏതോ ഒരിടത്തേക്ക് എന്നെ വലിച്ചുകൊണ്ടുപൊയ്ക്കൊണ്ടിരുന്നു. എന്നിലൂടെ ചുറ്റുപാടുകളെ ഞാന്‍ അറിഞ്ഞുകൊണ്ടിരുന്നു. ദില്ലിയിലെ പകലുകള്‍ നീണ്ടതും രാത്രി കുറിയതുമായി തോന്നി. നഗരത്തിന്‍റെ ആത്മാവിനെ അറിയാതെ, നെടുകെയും കുറുകെയും അറിയാതെ, ഗസ്റ്റ്ഹൗസും ചാണക്യപുരിയുമായി ചെറുവൃത്തത്തില്‍ ഞാന്‍പടര്‍ന്നു. ചാണക്യപുരിയിലെ വിശ്വയുവകേന്ദ്രയിലെ ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോയും അതിനുചുറ്റുമുള്ള എംബസ്സി കെട്ടിടങ്ങളും ഉച്ചയൂണിനായി പോകുന്ന ഒഡീഷ ഭവനും അങ്ങനെ അങ്ങനെ....
എന്തോ എനിക്ക് ദില്ലിയിലെ ജീവിതം വിരസമായി തോന്നി. പ്രധാനകാരണം ഭക്ഷണം തന്നെ. എന്‍റെ ടേസ്റ്റിനനുസരിച്ചുള്ള ആഹാരം എവിടെയും കിട്ടുന്നില്ല. മിക്കവാറും ഒഡീഷ ഭവനിലെ താലി എന്ന റൈസ് ഐറ്റം തേടിയായി എന്‍റെ ഉച്ച നടത്തം.ആദ്യം അഖിലയുടെ കൂടെ വെറുതെ ബോറടിമാറ്റാന്‍ ചിലയിടത്തൊക്കെ പോയി. പിന്നെപ്പിന്നെ പ്രശാന്തുചേട്ടന്‍ ചെറിയ ജോലികള്‍ ഏല്‍പ്പിച്ചു തുടങ്ങി. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയത് ദ്വാരകയിലെ എന്‍എസ്എസ് കരയോഗം സാംസ്കാരിക കേന്ദ്രത്തിന്‍റെ ഉദ്ഘാടന ചടങ്ങാണ്. അവിടെ പരിചയമുള്ള ചില മുഖങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. കൊച്ചി മെട്രോയും ഇ.ശ്രീധരനും കേരളസര്‍ക്കാരും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമായിരുന്നു അത്. ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്താണ് എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ലക്ഷ്യസ്ഥാനം. കരയോഗം പരിപാടി അതുവെച്ചുനോക്കിയാല്‍ ചീളുകേസ്. പ്രതീക്ഷിച്ച പോലെ വലിയ വാര്‍ത്ത കിട്ടിയില്ലെങ്കിലും ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അടുത്ത മാസം തീരുമാനം ഉണ്ടാകുമെന്ന് ഷീല ദീക്ഷിത് പറഞ്ഞു. അത് പെട്ടെന്നുതന്നെ ഡെസ്കിലേക്ക് പാസ് ചെയ്ത് അധികം വൈകാതെ കൈരളിയുടെ വണ്ടിയില്‍ ബ്യൂറോയിലേക്ക് മടങ്ങിയെത്തി.
ഒരുമാസത്തോളം ദില്ലിയില്‍ തുടരണമെന്ന് കരുതിയാണ് പുറപ്പെട്ടത്. ഗസ്റ്റ്ഹൗസ്, ദില്ലി ബ്യൂറോ ഇതിനപ്പുറമുള്ള ലോകത്തേക്കും ശ്രീനഗറിലുള്ള ചേട്ടന്‍റെ അടുത്തേക്കും പോകണമെന്ന് എപ്പോഴോ ഉറപ്പിച്ചിരുന്നു. പക്ഷെ എല്ലാം തെറ്റിക്കുന്ന ഞെട്ടിക്കുന്ന ഫോണ്‍കോള്‍ അടുത്ത ദിവസം എന്നെ കാത്തിരിപ്പുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല.....
കാലത്ത് ഗസ്റ്റൗസില്‍ നിന്ന് ഭക്ഷണവും കഴിഞ്ഞ് അവിടെ വച്ച് പരിചയപ്പെട്ട സുവര്‍ണ ന്യൂസ് സെയില്‍സ് ഹെഡ് കോശിച്ചായനുമൊത്ത് പുള്ളിയുടെ കാറിലായിരുന്നു ഞാനന്ന് ദില്ലി ബ്യൂറോയിലേക്ക് പോയത്. വൈകിട്ട് കാണാമെന്നും ചെറുതായി കൂടാമെന്നും ഒക്കെ പറഞ്ഞുപിരിയുമ്പോള്‍ ആളോട് എന്തോ ഒരടുപ്പം തോന്നി. കൊല്ലം കരുനാഗപ്പള്ളിക്കാരനെങ്കിലും കോശിച്ചായന്‍ ബാംഗ്ലൂരിലാണ് താമസം. നേരത്തെ നിയോ സ്പോര്‍ട്സിലായിരുന്നു ജോലി. അവരുടെ കാറില്‍ അയതിനാല്‍ അധികം കറങ്ങാതെ ചാണക്യപുരി പൊലീസ് സ്റ്റേഷന്‍ റോഡില്‍ പെട്ടന്നുതന്നെ എത്തി.
സാധാരണ പോലെ പത്രം, ഫേസ് ബുക്ക്, ചാനല്‍ നോട്ടം അങ്ങനെ സാവധാനം എന്‍റെ ദിനം അന്നും ഇഴഞ്ഞുനീങ്ങി. സുനിലും അജിത് ചേട്ടനും, എഡിറ്റിര്‍ അച്ചുവും ജിതിനും എല്ലാം ചേര്‍ന്ന ദില്ലി സ്റ്റുഡിയോവിലെ നാളുകള്‍ എണ്ണി തിരികെ മടങ്ങാനുള്ള ആഗ്രഹവുമായി ഒന്നും പുറത്തുകാട്ടാതെ എല്ലാംകണ്ട് നടന്നു. വൈകിട്ട് ചൈന കണ്ടെത്തുന്ന ബിനോയ് വിശ്വത്തിന്‍റെ യാത്രാവിവരണം ഒരു സ്റ്റോറിയാക്കണമെന്ന് പ്രശാന്ത് ചേട്ടന്‍ പറഞ്ഞു. അതിനുമുമ്പ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ആസ്ഥാനങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്കായി പോയി. ബ്യൂറോയില്‍ തത്കാലത്തേക്ക് വന്നതിനാല്‍ കൃത്യമായി ഡ്യൂട്ടി അസൈന്‍ ചെയ്യാന്‍ ആകുമായിരുന്നില്ല. അതുകൊണ്ട് മിക്കപ്പോഴും എല്ലാം കണ്ടുപഠിക്കുക എന്നതായിരുന്നു ജോലി. ജയ്ദീപ് സാറും അത്തരം ഒരു നിര്‍ദ്ദേശം തന്നെയാണ് തന്നിരുന്നത്. ഒരുപക്ഷെ അടുത്തുതന്നെ ഇവിടേക്ക് സ്ഥലംമാറ്റം തരാനോമറ്റോ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ഇടക്കിടക്ക് സംശയം തോന്നാതെ ഇരുന്നില്ല. എല്ലാം വരുന്നിടത്ത് വച്ച്കാണാമെന്ന് മനസ്സുപറഞ്ഞു.
ക്യാമറാമാന്‍ വടിവേലുവുമൊത്താണ് വൈകിട്ട് സിപിഐയുടെ എം.എന്‍.. സ്മാരക കേന്ദ്രത്തില്‍ ബിനോയ് വിശ്വത്തിന്‍റെ പരിപാടി കവര്‍ ചെയ്യാന്‍ പോയത്. ബിനോയ് വിശ്വത്തിന്‍റെ ചൈനയിലെ യാത്രാനുഭവങ്ങള്‍ കേള്‍ക്കാന്‍ കുറെ പാര്‍ട്ടി അനുഭാവികള്‍ അവിടെ എത്തിയിരുന്നു. ആള് പതിഞ്ഞ സ്വരത്തില്‍ തുടങ്ങി ചൈനയിലെ വികസനവും അടിസ്ഥാനപരമായി അവര്‍ ശ്രദ്ധപതിപ്പിക്കുന്ന പലകാര്യങ്ങളും വ്യക്തമായി തന്നെ ലളിതമായി പറഞ്ഞുകൊണ്ടിരുന്നു. പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങിയതും, അത് നടപ്പിലാക്കിയ രീതിയും, ഒരുവശത്ത് വികസനം നടപ്പിലാക്കുമ്പോള്‍ തന്നെ മറുവശത്ത് കൃഷിയേയും സാധാരണ ജനങ്ങളേയും ഉള്‍ക്കൊള്ളുന്ന നയപരിപാടികള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതും, അഴിമതി രഹിതമായി പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കുന്നതും എല്ലാം അദ്ദേഹത്തിന്‍റെ വാക്ചാതുരിയിലൂടെ കേട്ടിരുന്നു. ഓടിട്ട പഴയകെട്ടിടത്തിനുള്ളിലേക്ക് കയറുമ്പോള്‍ ഇരുട്ടിന്‍റെ നിറച്ചാര്‍ത്തണിഞ്ഞ് വെട്ടം രൂപംമാറിയിരുന്നു. ഏഴിന്‍റെ നിറവില്‍ ക്ലോക്കിന്‍റെ സൂചികള്‍ സമയത്തെ വശങ്ങളിലേക്ക് വകഞ്ഞുമാറ്റിയിരുന്നു. അകത്ത് യാത്രാനുഭവങ്ങളുടെ സൈദ്ധാന്തിക തലങ്ങളില്‍ ബോധം വ്യാപരിക്കുമ്പോള്‍ ശ്രദ്ധ മറ്റൊന്നിലേക്കും പതിഞ്ഞിരുന്നില്ല.
അപ്രതീക്ഷിതമായി നാട്ടില്‍ നിന്ന് രാജന്‍ ചേട്ടന്‍റെ ഫോണ്‍ വന്നത് എന്തോ പന്തികേടിന്‍റെ തുടക്കമായി അപ്പോഴെ തോന്നി. പപ്പായിക്ക് സുഖമില്ലെന്നും മോനിപ്പോള്‍ എവിടെയെന്നുമുള്ള ചോദ്യം കേട്ടപ്പോള്‍ എന്തോ മനസ്സില്‍ വല്ലാത്ത അധിയായി. കര്‍ക്കിടകമാസത്തിലെ പെയ്യാന്‍ വിതുമ്പുന്ന കാര്‍മേഘവും ആര്‍ത്തലക്കുന്ന കാറ്റുമെല്ലാം ഉള്ളില്‍ ഉയര്‍ന്നുവരും പോലെ തോന്നി. ഇരിപ്പുറക്കാതെ ഞാന്‍ നെഞ്ചിടിപ്പോടെ ബിനോയ് വിശ്വത്തിന്‍റെ മുഖംനോക്കിയിരുന്നു. അയാളുടെ മുഖത്തിലൂടെ എന്‍റെ കണ്ണുകള്‍ നാട്ടില്‍ അമ്മയ്ക്കും അനിയത്തിക്കും ഒപ്പം ഓടിനടന്നു.
ദില്ലിക്കുപുറപ്പെടുമ്പോ പപ്പായിക്ക് കൊടുത്ത ഉറപ്പായിരുന്നു അപ്പോള്‍ എന്‍റെ മനസ്സില്‍.,....
എനിക്കുറപ്പായിരുന്നു എന്തോ വലിയ ആപത്ത് ജീവിതത്തില്‍ വരാനിരിക്കുന്നുവെന്ന്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് പപ്പായ്ക്ക് ഷുഗര്‍ കുറഞ്ഞ് ബോധംപോയപ്പോള്‍ വിഷമിച്ച് അനിയത്തിയും അമ്മയും ഫോണ്‍ വിളിച്ചത് ഓര്‍ത്തെടുത്ത് ദുസ്സൂചനകളെ ഞാന്‍ ഓടിച്ചുവിടാന്‍ ശ്രമിച്ചു. അന്ന് അടുത്തുള്ള അരവൈദ്യന്‍ അല്പം പഞ്ചസാര കഴിപ്പിച്ച് പ്രശ്നം ഓക്കെയാക്കിയിരുന്നു. കുറച്ചുകഴിഞ്ഞ പപ്പാ തന്നെ ഫോണില്‍ വിളിച്ച് കുഴപ്പമൊന്നുമില്ല നീ വരണ്ട കാര്യമൊന്നുമില്ലെന്ന് പറഞ്ഞു. അത്തരം ഒരുവിളി ഇത്തവണയും ഉണ്ടാവണമേയെന്ന് പ്രാര്‍ത്ഥിച്ചു.
എന്‍റെ ഹൃദയം പക്ഷെ മിടിപ്പുകൂട്ടി ആശ്വാസങ്ങളെ പുറത്തേക്കുതള്ളി. ഞാന്‍ അനിയത്തിയെ വിളിച്ചു. അവള്‍ കാര്യങ്ങള്‍ ചുരുക്കത്തില്‍ പറഞ്ഞു. പപ്പാ ഉച്ചയുറക്കത്തിലായിരുന്നു. സന്ധ്യക്ക് വിളക്കുവച്ച് അമ്മ ചെന്ന് നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നു. വിളിച്ചിട്ട് ഒന്നും പറയുന്നില്ല. മുഖമെല്ലാം നന്നായി വിയര്‍ത്തിട്ടുണ്ട്. പെട്ടന്നു തന്നെ തോണ്ടുകണ്ടത്തിലെ ദീപുവിനെയും വാലയിലെ രാജന്‍ കൊച്ചാട്ടനെയും വിളിച്ചുവരുത്തി. അവര്‍ പപ്പായെ എടുത്ത് ഉടന്‍തന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അവളുടെ ശബ്ദത്തില്‍ പ്രതീക്ഷകളുടെ വിശ്വാസമില്ലാത്തപോലെ തോന്നി. അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. ഉച്ചയ്ക്ക് കഞ്ഞിയാണ് പപ്പാ കുടിച്ചത്. എന്തോ സുഖമില്ലായിരുന്നു. പിന്നെ പതിവുപോലെ ഉറങ്ങാന്‍ കിടന്നു. ഇടയ്ക്ക് എഴുന്നേറ്റ് ടോയ്‍ലെറ്റില്‍ പോയിരുന്നു. നാലുമണിയോടെ ചായയിട്ട് കട്ടിലിന്‍റെ തലയ്ക്കല്‍ കൊണ്ടുവച്ചു. ഉറക്കമായതിനാല്‍ വിളിക്കാന്‍ പോയില്ല. സന്ധ്യക്ക് ചെന്നുനോക്കുമ്പോള്‍ ...പിന്നെയുള്ള നിശ്ശബ്ദതയില്‍ അടുത്തനിമിഷങ്ങളുടെ ആകുലതകളായിരുന്നു. ഇനിവരുന്ന കോള്‍ ഷുഗര്‍ കുറഞ്ഞതായിരുന്നെന്നോ, ഇപ്പോ പ്രശ്നമില്ലെന്നോ പപ്പായോ മറ്റാരെങ്കിലുമോ വിളിക്കുന്നതായിരിക്കുമെന്ന് കരുതി തെല്ല് സങ്കടത്തോടെയും ആകാംക്ഷയോടെയും ഞാനിരുന്നു...
ബിനോയ് വിശ്വത്തിന്‍റെ പ്രസംഗ സ്ഥലത്തുനിന്ന് വാതില്‍ തുറന്ന് ഞാന്‍ പുറത്തിറങ്ങി. രാജന്‍ ചേട്ടന്‍റെ രണ്ടാമത്തെ കോള്‍.,. പുള്ളി എന്തോ പറയാന്‍ പരുങ്ങുകയാണ്. പപ്പായ്ക്ക് ഇത്തിരി സീരിയസാണ്. ഇപ്പോ ഐ.സിയുവില്‍ കയറ്റിയിരിക്കുന്നു. നീ പെട്ടന്ന് വരാന്‍ നോക്ക്..അങ്ങനെ ഒരുവിധമൊക്കെ എന്തൊക്കെയോ പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദീപു ഫോണ്‍ പിടിച്ചുവാങ്ങി. കാര്യം പറഞ്ഞു. ഒരുശ്വാസത്തില്‍, ഒറ്റപ്പറച്ചിലില്‍...,.. ഇനി പറയാതിരുന്നിട്ട് കാര്യമില്ല. നിന്‍റച്ഛന്‍ മരിച്ചു. ഞങ്ങള്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് എല്ലാംകഴിഞ്ഞിരുന്നു. ഹാര്‍ട്ടറ്റാക്കായിരുന്നു. കൊടുങ്കാറ്റിനും പേമാരിക്കും മുമ്പുള്ള ഇരമ്പല്‍ കാതിലൂടെ അകലത്തേക്ക് മാറുമ്പോഴുള്ള അവസ്ഥയായിരുന്നു എന്‍റെയുള്ളില്‍.,. നിസ്സംഗനായി ഞാന്‍ എല്ലാംകേട്ടുനിന്നു. എത്രയുംവേഗം എത്താമെന്ന് അവനോടുപറഞ്ഞു. പിന്നെ കെട്ടറ്റുപോയ പട്ടത്തെ പോലെ മനസ്സിനെ എവിടേക്കോ പറക്കാന്‍വിട്ടു. ശുദ്ധമായ ശൂന്യത. എന്നെ ലോകവുമായി കെട്ടിയ ഒരുകണ്ണിപൊട്ടിപ്പോയിരിക്കുന്നു. തുടക്കമിട്ട ഏറ്റവും പ്രധാനപ്പെട്ട കണ്ണി. ആരോടും ഒന്നും പറയാതെ ഞാന്‍ പ്രശാന്തുചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. അജിത്തുചേട്ടന്‍( നീ പെട്ടന്ന് ഓഫീസിലേക്ക് തിരികെയെത്താന്‍ പറഞ്ഞു. അഖില അപ്പോഴേക്കും എയറിന്ത്യയില്‍ ടിക്കറ്റുബുക്കുചെയ്തിരുന്നു. ദില്ലി ഓഫീസിലേക്കുള്ള വഴിയ്ക്കിടക്ക് കാര്യമറിയാത്ത വടിവേലു ഒരുബാറില്‍ കയറി വൈകിട്ടത്തേക്ക് ഒരു ഫുള്ളുവാങ്ങിച്ചു. ഞാനവനോട് ഒന്നുംപറഞ്ഞില്ല. ഓഫീസിലെത്തി, എല്ലാവരും എന്തുപറയുമെന്നറിയാതെ വിഷമിച്ചുനില്‍ക്കുന്നു. നാളെ രാവിലെ തന്നെ പുറപ്പെടാന്‍ ടിക്കറ്റ് കൈയ്യില്‍ തന്ന് പ്രശാന്തുചേട്ടന്‍ പറഞ്ഞു. ഗസ്റ്റ്ഹൗസിലെത്തിച്ച് പുലര്‍ച്ചെ അഞ്ചിന് എയര്‍പോര്‍ട്ടിലെത്തിക്കാന്‍ സെബിക്ക് നിര്‍ദ്ദേശവും നല്‍കി. എന്‍റെ ആദ്യദില്ലിയാത്ര പൂര്‍ത്തിയാക്കാനാവാതെ തിരികെ നാട്ടിലേക്ക് പോകുന്നു. ആ രാത്രിയില്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. വിവരം കൂട്ടുകാരെ ഞാന്‍ തന്നെ വിളിച്ചറിയിച്ചു.
രണ്ടര മൂന്നുമണിയോടെ മാത്രമാണ് എനിക്കുറങ്ങാന്‍ കഴിഞ്ഞത്. രാവിലെ കൊച്ചിയില്‍ വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സുരേഷ് ചേട്ടന്‍(,(പി.ജി.സുരേഷ് കുമാര്‍),) മെസ്സേജ് ചെയ്തിരുന്നു. ചിലസംഭവങ്ങള്‍ ഇങ്ങനെയാണ്. നമ്മള്‍ നിനച്ചിരിക്കാതെ അത് ജീവിതത്തിലേക്ക് കടന്നുവരും. യാത്രക്കായി കാത്തിരിക്കുന്ന നിമിഷങ്ങളില്‍ എന്‍റെ മനസ്സിലൂടെ ഓടിയെത്തിയത് അവസാനം ഞാന്‍ പപ്പായ്ക്ക് കൊടുത്ത വാക്കാണ്. വീടിന്‍റെ ബാക്കിയുള്ള പണികള്‍ ഞാന്‍ ദില്ലിയില്‍ നിന്ന് മടങ്ങിയെത്തിയിട്ട് ചെയ്യാം... പപ്പായ്ക്ക് വീടുപണിയും മോടിപിടിപ്പിക്കലും ആയിരുന്നു എപ്പോഴും വലിയകാര്യം. 'കൈയ്യിലുള്ള കാശെല്ലാം തീര്‍ന്നിരിക്കുന്നു നീ എപ്പോ എത്തും. പണി ബാക്കിയാണ്'. അവസാനമായി പപ്പാ എന്നോട് പറഞ്ഞത് ഇതായിരുന്നു. എല്ലാം ശരിയാക്കാമെന്ന എന്‍റുറപ്പ് സാധിക്കുന്നതിന് മുമ്പുതന്നെ ഉണരാത്ത ഉറക്കത്തിനായി ഞങ്ങളുടെ വീട്ടിലും ആദ്യമായി ഒരാള്‍ കിടന്നു. ആ സത്യം അങ്ങനെ ഞാനും അടുത്തറിഞ്ഞു. എന്‍റെ ആദ്യ ദില്ലി യാത്രയ്ക്ക് അപ്രതീക്ഷിത ക്ലൈമാക്സെഴുതിയ വിധിയെ സ്വീകരിച്ച് തണുത്ത രാത്രിയില്‍ ഗുഡ്ഗാവിലെ ഗസ്റ്റ്ഹൗസ് മുറിയില്‍ ഞാന്‍ തിരിഞ്ഞുംമറിഞ്ഞും കിടന്നു. നേരംവെളുക്കുമ്പോള്‍ വീട്ടിലേക്ക് പുറപ്പെടാനുള്ള കാത്തിരിപ്പിന് കനം കൂടുതലായിരുന്നു. ഐസ് ക്യൂബുകള്‍ക്ക് മുകളില്‍ കിടക്കുന്ന എന്‍റെ അച്ഛന്‍റെ ശരീരത്തെപ്പറ്റി ഇടയിലെപ്പോഴോ ഞാന്‍ സ്വപ്നം കണ്ടു. ചിരിയും വഴക്കുമായി എപ്പോഴും കൂടെ ഉണ്ടായിരുന്ന ഒരാള്‍ ജീവിതചിത്രം പൂര്‍ത്തിയാക്കി മടങ്ങിയിരിക്കുന്നു. ഓര്‍മ്മയില്‍ മരിക്കാത്ത ഒരുയാത്ര അടുത്ത ദിവസം ദില്ലി എയര്‍പോര്‍ട്ടില്‍ നിന്ന് ഞാന്‍ വീണ്ടും തുടങ്ങി....
രണ്ടര മൂന്നുമണിയോടെ മാത്രമാണ് എനിക്കുറങ്ങാന്‍ കഴിഞ്ഞത്. രാവിലെ കൊച്ചിയില്‍ വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സുരേഷ് ചേട്ടന്‍(,(പി.ജി.സുരേഷ് കുമാര്‍),) മെസ്സേജ് ചെയ്തിരുന്നു. ചിലസംഭവങ്ങള്‍ ഇങ്ങനെയാണ്. നമ്മള്‍ നിനച്ചിരിക്കാതെ അത് ജീവിതത്തിലേക്ക് കടന്നുവരും. യാത്രക്കായി കാത്തിരിക്കുന്ന നിമിഷങ്ങളില്‍ എന്‍റെ മനസ്സിലൂടെ ഓടിയെത്തിയത് അവസാനം ഞാന്‍ പപ്പായ്ക്ക് കൊടുത്ത വാക്കാണ്. വീടിന്‍റെ ബാക്കിയുള്ള പണികള്‍ ഞാന്‍ ദില്ലിയില്‍ നിന്ന് മടങ്ങിയെത്തിയിട്ട് ചെയ്യാം... പപ്പായ്ക്ക് വീടുപണിയും മോടിപിടിപ്പിക്കലും ആയിരുന്നു എപ്പോഴും വലിയകാര്യം. 'കൈയ്യിലുള്ള കാശെല്ലാം തീര്‍ന്നിരിക്കുന്നു നീ എപ്പോ എത്തും. പണി ബാക്കിയാണ്'. അവസാനമായി പപ്പാ എന്നോട് പറഞ്ഞത് ഇതായിരുന്നു. എല്ലാം ശരിയാക്കാമെന്ന എന്‍റുറപ്പ് സാധിക്കുന്നതിന് മുമ്പുതന്നെ ഉണരാത്ത ഉറക്കത്തിനായി ഞങ്ങളുടെ വീട്ടിലും ആദ്യമായി ഒരാള്‍ കിടന്നു. ആ സത്യം അങ്ങനെ ഞാനും അടുത്തറിഞ്ഞു. എന്‍റെ ആദ്യ ദില്ലി യാത്രയ്ക്ക് അപ്രതീക്ഷിത ക്ലൈമാക്സെഴുതിയ വിധിയെ സ്വീകരിച്ച് തണുത്ത രാത്രിയില്‍ ഗുഡ്ഗാവിലെ ഗസ്റ്റ്ഹൗസ് മുറിയില്‍ ഞാന്‍ തിരിഞ്ഞുംമറിഞ്ഞും കിടന്നു. നേരംവെളുക്കുമ്പോള്‍ വീട്ടിലേക്ക് പുറപ്പെടാനുള്ള കാത്തിരിപ്പിന് കനം കൂടുതലായിരുന്നു. ഐസ് ക്യൂബുകള്‍ക്ക് മുകളില്‍ കിടക്കുന്ന എന്‍റെ അച്ഛന്‍റെ ശരീരത്തെപ്പറ്റി ഇടയിലെപ്പോഴോ ഞാന്‍ സ്വപ്നം കണ്ടു. ചിരിയും വഴക്കുമായി എപ്പോഴും കൂടെ ഉണ്ടായിരുന്ന ഒരാള്‍ ജീവിതചിത്രം പൂര്‍ത്തിയാക്കി മടങ്ങിയിരിക്കുന്നു. ഓര്‍മ്മയില്‍ മരിക്കാത്ത ഒരുയാത്ര അടുത്ത ദിവസം ദില്ലി എയര്‍പോര്‍ട്ടില്‍ നിന്ന് ഞാന്‍ വീണ്ടും തുടങ്ങി....