Pages

Thursday, March 21, 2013

പ്രകൃതിയും പുരുഷനും പ്രണയവും


പൊട്ടിച്ചിരികളില്‍ ഞാനൊളിപ്പിച്ചത്  എന്‍റെ മൗനത്തേയാണ്.
അവളുടെ പ്രണയം അക്കരപ്പച്ച പോലെ..
ഉണ്ടെന്ന് തോന്നിപ്പിച്ച് ഇല്ലാതാകുന്ന  മരീചിക..
മനസ് തുറന്നിട്ടും കണ്ണടച്ച് മറ്റെന്തോ തിരഞ്ഞ്-
അകലങ്ങളില്‍ കണ്ണുനട്ട് സ്വപ്നലോകത്ത് അവള്‍ അലഞ്ഞു.
നഷ്ടമാകുന്ന നിമിഷങ്ങളുടെ വിലയറിയിച്ച് ഒരു ദിനം കൂടി ഇരുണ്ടു.
ഇനിയും പെയ്യാതെ മാനത്ത് കുറെ കാര്‍മേഘങ്ങള്‍ അനക്കമറ്റ് കിടന്നു.
മഴയുടെ ഭാരം പേറി വീര്‍പ്പുമുട്ടി ആകാശം പരന്നു.
ഒരിലയനക്കത്തില്‍ കാറ്റ് പലരോടായ് സ്വകാര്യം പറഞ്ഞു.
വടവൃക്ഷത്തില്‍ കൂടുകൂട്ടിയ കിളികള്‍ ഉറക്കമുണര്‍ന്ന് ചിലച്ചകന്നു.
പുഴയൊഴുകിയ പാടുകള്‍ ഭൂമിയില്‍ വരകള്‍ തീര്‍ത്തു.
അന്നുമയാള്‍ ആരെയോ കാത്ത് അങ്ങേപ്പുറത്തുണ്ടായിരുന്നു.
ഇടിമുഴക്കത്തില്‍ ആകാശപ്പാത്രം കമിഴ്ന്ന് ഭൂമിയോട് ചേര്‍ന്നു..
വാക്കുകള്‍ സപ്തസ്വരങ്ങളുടെ ശ്രുതിക്കൂട്ടില്‍ ഒതുങ്ങി..
പ്രകൃതിയില്‍ സംഗീതത്തിന്‍റെ പുതുമഴ പെയ്തു.
അന്ന് യയാതി മകനോട് ഇരക്കാതെ വാര്‍ദ്ധക്യംവിട്ടു.
ചുടുമണ്ണിന്‍റെ തീവ്രഗന്ധത്തില്‍ രണ്ട് പാമ്പുകള്‍ ഇണചേര്‍ന്നു.
നനവാര്‍ന്ന മണ്ണ് കിഴിച്ച് ആദ്യമായി ഒരിളംതലപ്പ് സൂര്യനെ നോക്കി.
കാലമെന്ന കലാകാരന്‍  പിന്നെയും വലിയൊരു ചക്രം തിരിച്ചുതുടങ്ങി.
കരച്ചിലോടെ ഒരു ജനനം, ചിരികളില്‍ ഒരു ബാല്യം-
നിറസ്വപ്നങ്ങളില്‍ ഒരു യൗവനം, വികാരക്കൂട്ടുകളില്‍ ഒരു സംഗമം-
ഒടുവില്‍ നേര്‍ത്ത ഗദ്ഗദങ്ങള്‍  വെള്ളപ്പുകക്കീറായ് മേഘപ്പാളികളില്‍ ഉറഞ്ഞു......!

No comments:

Post a Comment