ആകാശത്ത് നില്‍ക്കുന്ന താരങ്ങളായി അഭിനേതാക്കളും മുഖ്യധാരാ സിനിമാപ്രവര്‍ത്തകരും മാറ്റിനിര്‍ത്തപ്പെടുന്ന കാലത്ത് വിധിനിര്‍ണയങ്ങളും പരിഗണനാ ക്രമങ്ങളും മാറേണ്ടതുണ്ട്. ചിലര്‍ സൃഷ്ടിച്ച വട്ടങ്ങള്‍ക്കപ്പുറത്തേക്ക് ഈ കലാരൂപം കടന്നുചെല്ലേണ്ടതുമുണ്ട്.
പുരസ്കാരങ്ങളെയും അംഗീകാരങ്ങളെയും വിലയിരുത്തുന്നവര്‍ പരമ്പരാഗത ചിന്താരീതികളില്‍ നിന്ന് മാറേണ്ടതുണ്ടെന്ന് തോന്നുന്നു. ഉത്തരവാദിത്ത ബോധമില്ലാതെ വിധികര്‍ത്താക്കള്‍ക്കെതിരെ തിരിയുന്നവര്‍ കാണാതെ പോകുന്ന കുറെ കാര്യങ്ങളുണ്ട്.
ജനമനസ്സുകളെ ഏറ്റവും വേഗം കീഴടക്കുന്നതിലും അതുവഴി അവരുടെ സംസ്കാരം തന്നെ രൂപപ്പെടുത്തുന്നതിലും സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല. അബോധതലത്തില്‍ പ്രവര്‍ത്തിക്കുന്ന താര ആരാധന ഒരാള്‍ ഇടുന്ന വസ്ത്രം മുതല്‍ കഴിക്കുന്ന ആഹാരത്തില്‍ വരെ സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ സിനിമ ഒരു സാംസ്കാരിക ഇടപെടല്‍ കൂടിയാണ്.
അപ്രാപ്യമായ തലങ്ങളിലേക്ക് എഴുത്തും പാട്ടും സിനിമയും എല്ലാം മാറ്റപ്പെടുമ്പോള്‍ കാഴ്ചക്കാരാവാനും വിമര്‍ശകരാവാനും പ്രതിലോമ ശക്തികളാവാനും ആണ് നമ്മളില്‍ ഭൂരിപക്ഷവും ശ്രമിക്കുന്നത്. മനസ്സിനെ ഉദാത്തമായ തലങ്ങിലേക്ക് ഉയര്‍ത്തി ഭാവനാ സമ്പന്നമായ സര്‍ഗ്ഗാത്മകതയിലേക്ക് എത്തിക്കാനും സ്വപ്നം കാണിക്കാനും കഴിയുന്നിടത്താണ് വിവിധ കലകളുടെ സമ്മേളനമായ സിനിമയുടെ പ്രസക്തി. ക്രിയാത്മകമായ മാനസിക വ്യാപാരങ്ങള്‍ സമാധാനപരവും സന്തോഷപൂര്‍ണവുമായ സമൂഹ നിര്‍മ്മാണത്തിന് അനിവാര്യമാണ്.
എനിക്കും അത് സാധിക്കുമെന്നുള്ള തോന്നല്‍ ഉളവാക്കുന്നിടത്താണ് പുതിയ ശ്രമങ്ങള്‍ തുടങ്ങുന്നതിന്‍റെ വേരുകള്‍. അങ്ങനെ നോക്കിയാല്‍ ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ഉള്ള ഒന്നാണെന്ന് പറയേണ്ടിവരും. അതില്‍ ജൂറി അദ്ധ്യക്ഷനായ ജോണ്‍ പോളിനെ അനുമോദിക്കുകയാണ് വേണ്ടത്. അത് മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരെ അവഗണിക്കുകയാണ് നല്ലത്. ദൗര്‍ഭാഗ്യവശാല്‍ ഈ ഉദ്ദേശത്തെ മനസ്സിലാക്കുന്ന വിവേകശാലികള്‍ നമ്മുടെ അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ കുറഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങളുടെ ഒച്ചപ്പാടിനിടയില്‍ നിന്ന് നിലവാരം കുറഞ്ഞ കോമാളിവേഷം കെട്ടുകയാണ് അവരില്‍ കൂടുതല്‍ പേരും.
അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ കണ്ടെത്തലുകള്‍ |
കള്ളപ്പണക്കാര്‍ക്കും കോടികളുടെ കണക്കുപറയുന്ന കച്ചവടക്കാര്‍ക്കും മള്‍ട്ടിപ്ലക്സുകളും ആയിരക്കണക്കിന് തീയറ്ററുകളും ഇവിടെയുണ്ടല്ലോ. അവിടെ അത് കണ്ട് കണ്ണുതള്ളി ബഡായി പറഞ്ഞുനടക്കുന്നവര്‍ ഈ എഴുത്ത് ഉള്‍ക്കൊള്ളേണ്ടതില്ല. കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടത്തിനും, വിധ്വംസക, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറയാക്കപ്പെടുന്ന സിനിമയെന്ന മായിക ലോകത്തെ നമുക്ക് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. വഴിതെറ്റാനും തെറ്റിപ്പിക്കപ്പെടാനും സാധ്യതയുള്ള യുവത്വത്തെ പുതിയ മാതൃകകള്‍ കാട്ടിക്കൊടുക്കേണ്ടതുണ്ട്. ഇത്തവണത്തെ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ ഒരുപക്ഷെ രാഷ്ട്രീയമുണ്ടെങ്കില്‍, ആ രാഷ്ട്രീയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു....!
No comments:
Post a Comment