കുഴിബോംബ് സ്ഫോടനത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ടിട്ടും ബ്ലേഡ് റണ്ണറായി വിജയങ്ങള്‍ കൊയ്യുന്ന മദ്രാസ് എഞ്ചിനീയറിംഗ് റജിമെന്‍റിലെ ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരനെ പരിചയപ്പെടാം
പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തലയെടുപ്പോടെ നേരിട്ട് മുന്നേറുന്നതാണ് ധീരന്മാരുടെ ലക്ഷണം. തിരിച്ചടികളെ സധൈര്യം സ്വീകരിച്ച് അവര്‍ ലക്ഷ്യത്തിലെത്തും. ഏറെ പേരും തളര്‍ന്ന് വീഴുന്നിടങ്ങളില്‍ കത്തിനില്‍ക്കുന്ന സൂര്യനെപ്പോലെ അവര്‍ ഊര്‍ജ്ജസ്വലരായിരിക്കും. ജീവിതം അവര്‍ക്കായി വിജയപാതകള്‍ വെട്ടിത്തെളിക്കും.
പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തലയെടുപ്പോടെ നേരിട്ട് മുന്നേറുന്നതാണ് ധീരന്മാരുടെ ലക്ഷണം. തിരിച്ചടികളെ സധൈര്യം സ്വീകരിച്ച് അവര്‍ ലക്ഷ്യത്തിലെത്തും. ഏറെ പേരും തളര്‍ന്ന് വീഴുന്നിടങ്ങളില്‍ കത്തിനില്‍ക്കുന്ന സൂര്യനെപ്പോലെ അവര്‍ ഊര്‍ജ്ജസ്വലരായിരിക്കും. ജീവിതം അവര്‍ക്കായി വിജയപാതകള്‍ വെട്ടിത്തെളിക്കും.

![]() |
ദക്ഷിണ കൊറിയയില്‍ അനന്തന് കിട്ടിയ സ്വര്‍ണ മെഡല്‍ |
![]() |
സ്വര്‍ണ മെഡലുമായി ദക്ഷിണ കൊറിയയില്‍ |
ലോകം കീഴടക്കാന്‍ പോകുന്നത്ര ചൂടുമായി ഉള്ളിലെവിടെയോ ഒരഗ്നി എരിഞ്ഞ് തുടങ്ങി. ഉറക്കം പോലും നഷ്ടപ്പെടുത്തിയ അത് അവന്‍റെ കൈകകളിലേക്കും കാലുകളിലേക്കും പ്രവഹിച്ചു. മുറിഞ്ഞുപോയ ഇടതുകാലിന്‍റെ ഭാഗത്ത് കൃത്രിമക്കാല്‍ വച്ചുചേര്‍ത്ത് അനന്തന്‍ ട്രാക്കിലിറങ്ങി. ശരീരത്തോട് ഇനിയും ചേരാത്ത നിര്‍ജീവ അവയവം മുട്ടിലെ മുറിപ്പാടില്‍ ഉരയുമ്പോള്‍ സിരകളിലും ഞരമ്പുകളിലും വേദന മിന്നല്‍പോലെ പടര്‍ന്നു. ആരോടും പറയാതെ ആ വേദനകള്‍ കടിച്ചമര്‍ത്താന്‍ അന്ന് സഹായമായത് സ്വപ്‌നങ്ങളുടെ നിറുകയില്‍ പറന്ന അവന്‍റെ മനസ്സായിരുന്നു. അതെല്ലാം അധികമാരും അറിയാത്ത അനന്തന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ കഴിഞ്ഞ നാളുകള്‍. വര്‍ത്തമാനം പറയുന്നത് വിശ്വവിജയിലേക്കുള്ള ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരന്‍റെ വീരഗാഥകള്‍. കായികലോകം ഇനിയും കാണാനിരിക്കുന്ന അത്ഭുത കാഴ്ചകള്‍.
2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ ബ്ലേഡ് കാലുകളില്‍ പറക്കുന്ന ഓസ്‌കാര്‍ പിസ്റ്റോറിയസ് എന്ന ദക്ഷിണാഫ്രിക്കന്‍ സ്പ്രിന്‍ററിന്‍റെ സ്ഥാനത്തേക്ക് 2016 ബ്രസീല്‍ റിയോ ഡി ജനീറോയില്‍ അനന്തന്‍ ഗുണശേഖരനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു ഇന്ത്യയും ഏഷ്യന്‍ വന്‍കരയും. അത് നടക്കാത്ത മോഹമല്ലെന്ന് അനന്തന്‍ പിന്നിട്ട വഴികള്‍ നോക്കിയാല്‍ മനസ്സിലാകും.
തമിഴ്‌നാട് കുംബകോണം സ്വദേശിയായ അനന്തന്‍ ഗുണശേഖരന്‍ 2005 സെപ്തംബറിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ എം.ഇ.ജിയിലെ 10 എഞ്ചിനീയറിംഗ് റജിമെന്‍റില്‍ പോസ്റ്റിംഗായി. 2008 ജൂണ്‍ നാലിനാണ് പാകിസ്ഥാന്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. കൃത്രിമ കാല്‍ സ്ഥാപിക്കുന്ന പൂനെയിലെ എ.എല്‍.സി ആശുപത്രിയില്‍ തൊട്ടടുത്തമാസം ഇടതുകാല്‍ മുറിച്ച് മാറ്റി. മികച്ച കായിക ക്ഷമതയുണ്ടായിരുന്ന അനന്തനെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് ബ്ലേഡ് റണ്ണിംഗിനായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള തീരുമാനമെടുത്തതാണ് വഴിത്തിരിവായത്.
![]() |
ബ്ലേഡ് റണ്ണര്‍ അനന്തന്‍ ഗുണശേഖരന് മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സ്വീകരണം നല്‍കിയപ്പോള്‍ |
അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ മെഡലുകള്‍ ഈ കായികതാരം ഇതിനോടകം വാരിക്കൂട്ടി. ടുണീഷ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.സി. അത്‌ലറ്റിക് ഗ്രാന്റ് പ്രീയില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടി. അതേവര്‍ഷം ചൈനയിലെ ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലും മികച്ച പ്രകടനം നടത്തി. 2015 സെപ്തംബറില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സൈനിക പാരാ ഗെയിംസിലും 200 മീറ്ററില്‍ 100 മീറ്ററിലും ഒന്നാമതെത്തി.
![]() |
എം.ഇ.ജിയിലെ സുഹൃത്തുക്കള്‍ അനന്തനെ എതിരേറ്റ് കൊണ്ടുപോകുന്നു |
![]() |
എം.ഇ.ജിയിലെ സഹപ്രവര്‍ത്തകരോടൊപ്പം ലാന്‍സ് നായിക് അനന്തന്‍ |
ബെംഗളൂരുവില്‍ അള്‍സൂര്‍ തടാകത്തിന്റെ അടുത്ത് താമസിക്കുന്ന അനന്തന്‍ ഗുണശേഖരന്‍ കണ്ഡീരവ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. എല്ലാ ദിവസവും ആറ് മണിക്കൂറോളമാണ് പരിശീലനം. ജീവിതത്തിലുണ്ടായ ദുരന്തമാണ് ഈ നേട്ടത്തിനെല്ലാം കാരണമെന്ന് അനന്തന്‍ പറയുന്നു. എല്ലാ ദിവസവും വെല്ലുവിളികളുടേതാണ്. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലെല്ലാം വിജയത്തില്‍ കുറച്ച് ഒന്നും സ്വപ്‌നം കാണാറില്ല.
പാരാലിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ഈ പട്ടാളക്കാരന്‍ പറയുമ്പോള്‍ വിശ്വസിക്കാതെ തരമില്ലെന്ന് പറയേണ്ടിവരും. ചിലരങ്ങനെയാണ് വാക്കിലും പ്രവര്‍ത്തിയിലും വിടവ് വരുത്താറില്ല. അനന്തന്‍ ഗുണശേഖരന്‍ ഓടുന്നത് വിധിയേയും തോല്‍പ്പിച്ചാണ്. അയാള്‍ക്ക് മുന്നില്‍ വഴിമാറാനുള്ള കാത്തിരിപ്പിലാണ് കായിക ചരിത്രവും !
മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക
No comments:
Post a Comment