Pages

Wednesday, April 7, 2010

ഒടുവില്‍ മോഹന്‍സിത്താരയ്ക്ക് അംഗീകാരം




തൃശ്ശൂര്‍: വചനത്തിലെ 'നീള്‍മിഴിപ്പീലി...'യിലൂടെ മലയാളി മനസ്സിനെ ഈറനണിയിച്ചിട്ടുണ്ട് മോഹന്‍ സിതാര. 'രാരീ രാരീരം രാരോ...' എന്ന താരാട്ട് മൂളാത്ത വരുണ്ടോ? 'അണ്ണാറക്കണ്ണാ... വാ' എന്നതിനെക്കാള്‍ മലയാളിത്തമുള്ള അധികം ഈണങ്ങളൊന്നും മലയാള സിനിമ കൊച്ചുകൂട്ടുകാര്‍ക്ക് മുളി നടക്കാന്‍ സൃഷ്ടിച്ചിട്ടില്ല. എങ്കിലും അവാര്‍ഡുകള്‍ 'ഇഷ്ട'ത്തിലെ ആ ഹിറ്റുഗാനം പോലെ 'കണ്ടു, കണ്ടു, കണ്ടില്ല...' എന്ന മട്ടില്‍ കടന്നുപോയി. ഒടുവില്‍ 'സൂഫി പറഞ്ഞ കഥ'യിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് മോഹന്‍സിത്താരയ്ക്ക് ലഭിച്ചിരിക്കുന്നു.

പ്രിയനന്ദനന്റെ 'സൂഫി പറഞ്ഞ കഥയിലെ' 'തെക്കി നിക്കോലായില്‍...' എന്ന ഗാനമാണ് മോഹന്‍ സിതാരക്ക് ആദ്യമായി അവാര്‍ഡ് നേടിക്കൊടുത്തിരിക്കുന്നത്. 'ആലിലക്കണ്ണാ'... (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും), 'കണ്ടു കണ്ടു കണ്ടില്ലാ...' (ഇഷ്ടം), 'ഇതളൂര്‍ന്നു വീണ...' (തന്മാത്ര), 'ഇലകൊഴിയും ശിശിരത്തില്‍...' (വര്‍ഷങ്ങള്‍ പോയതറിയാതെ), 'മഴയില്‍ രാത്രി മഴയില്‍...' (കറുത്ത പക്ഷികള്‍), 'ശിവദം ശിവനാദം...' (മഴവില്ല്), 'അമ്മമനസ്സ് തങ്കമനസ്സ്...' (രാപ്പകല്‍), 'കുട്ടനാടന്‍ കായലിലെ ...' (കാഴ്ച), എന്തു സുഖമാണീ നിലാവ്, രാക്ഷസീ... (നമ്മള്‍), 'എനിക്കും ഒരു നാവുണ്ടെങ്കില്‍...' (ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍), മോഹന്‍ സിതാരയുടെ ഹിറ്റുകളുടെ പട്ടികയ്ക്ക് നീളമേറെ.

മുന്നൂറോളം ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയെങ്കിലും കന്നി അവാര്‍ഡിനെ മറക്കാനാവാത്തതായി അദ്ദേഹം എണ്ണുന്നു. ''മനസ്സാകെ സന്തോഷം കൊണ്ട് ഇളകി നില്‍ക്കുകയാണ്. തെക്കിനി കോലായില്‍... എന്നു തുടങ്ങുന്ന ഗാനത്തിന്റെ കമ്പോസിങ് സമയത്തുതന്നെ പ്രിയനന്ദനനോട് തമാശയായി ഞാന്‍ അവാര്‍ഡിന്റെ കാര്യം പറഞ്ഞിരുന്നു. അത് സത്യമാക്കി തീര്‍ത്തതിന്

ദൈവത്തോടും ഗുരുനാഥന്‍മാരോടും ചിത്രത്തിന്റെ സംവിധായകനോടും നിര്‍മ്മാതാവിനോടും പിന്നെ എന്റെ സംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാവരോടും എനിക്ക് ഒരുപാട് നന്ദിയുണ്ട്.'' മോഹന്‍സിത്താര ആഹ്ലാദത്തോടെ പറഞ്ഞു.

ഇതിനു മുന്‍പ് സംസ്ഥാന അവാര്‍ഡ് ലഭിക്കാതിരുന്നതിനെക്കുറിച്ച് 'എന്‍േറത് മോശം പാട്ടായതുകൊണ്ടാവാം' എന്നു പറഞ്ഞൊഴിയുന്നു അദ്ദേഹം. പെരുവല്ലൂരില്‍ ജനിച്ച് കുരിയച്ചിറയില്‍ താമസിക്കുന്ന ഈ പ്രതിഭ, നിരാശനാകാതെ സന്തോഷം കണ്ടെത്തുന്നു.

പുതിയ ഗായകര്‍ക്ക് അവസരം നല്‍കാന്‍ മടികാണിക്കാത്ത മോഹന്‍സിതാര വിധു പ്രതാപ്, ജ്യോത്സ്‌ന, രാജേഷ്, അഫ്‌സല്‍, ഫ്രാങ്കോ, മഞ്ജരി തുടങ്ങിയ പുതുതലമുറക്കും ഹിറ്റു ഗാനങ്ങള്‍ സമ്മാനിച്ചു. മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടിയ റഫീഖ് അഹമ്മദിനും ഇത് രണ്ടാമൂഴമാണ്. ''അവാര്‍ഡ് നേടാനായതിന് പ്രിയനന്ദനോട് ഒരു പാട് കടപ്പാടുണ്ട്. രണ്ടു വ്യത്യസ്ത സംസ്‌കാരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിനുവേണ്ടി വരികളെഴുതിയത് വ്യത്യസ്തവും മറക്കാനാവാത്തതുമായ അനുഭവമായിരുന്നു. അവാര്‍ഡ് കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. ''റഫീഖ് അഹമ്മദ് പ്രതികരിച്ചു. 'പ്രണയകാല'ത്തിലെ 'ഏതോ വിദൂരമാം...' എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാര്‍ഡു ലഭിച്ചത്.

'സൂഫി പറഞ്ഞ കഥ'യിലൂടെ ഛായാഗ്രഹണത്തിന് അവാര്‍ഡ് നേടിയ കെ.ജി. ജയനും തൃശ്ശൂരുകാരനാണ്- ആലപ്പാട്ട് സ്വദേശി. മൂന്നു മുഖ്യ അവാര്‍ഡുകള്‍ നേടിയെങ്കിലും സിനിമയേ്ക്കാ സംവിധായകനോ പുരസ്‌കാരമില്ലാത്തതില്‍ പ്രിയനന്ദനന് പരിഭവമില്ല. ''അവാര്‍ഡ് കമ്മിറ്റിയിലെ ഏഴു പേരുടെ വിലയിരുത്തലാണ് പുരസ്‌കാരം. അവാര്‍ഡിന് പരിഗണിക്കപ്പെട്ട മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടില്ല. 'ഞാന്‍ മികച്ചതാണ്' എന്നു പറയുന്നതില്‍ കാര്യമില്ല'' -അദ്ദേഹം പറഞ്ഞു.

No comments:

Post a Comment