Pages

Monday, September 6, 2010

കഥ - വെറുതെ ഒന്നുമില്ല...!

ഇന്ന് വൈശാഖ മാസത്തിലെ ബുദ്ധപൂര്‍ണ്ണിമ.… ബുദ്ധന്‍ ജനിച്ചതും ബോധോദയം പ്രാപിച്ചതും സമാധി ആയതും ഇതേ നാളില്‍ … മഴക്കാറുകളാല്‍ മൂടിക്കെട്ടി ആകാശം സന്ധ്യയുടെ മുഖം കറുപ്പിച്ചിരുന്നു….ചെറുകാറ്റ് മഴത്തുള്ളികളുമായ് എത്തിയപ്പോള്‍ തൊട്ടറിയാത്ത കാമത്തിന്‍റെ കനല്‍ നീറി ….


നിറം മങ്ങിയ സന്ധ്യയുടെ യാമത്തില്‍ അങ്ങകലെ പട്ടണച്ചുഴിയിലെ ചേച്ചിയെ ഓര്‍ത്തു... ഉണ്ണിക്ക് എന്തിഷ്ടമായിരുന്നു ചേച്ചിയെ... ഒരു കാലത്ത് ആരാധന ആയിരുന്നു.. പിന്നെ ഇഷ്ടമായി.. ആരോടും പറയാതെ, ആരും അറിയാതെ ഉള്ളില്‍ ഒളിപ്പിച്ച സ്നേഹം….. തിരക്കുള്ള ലോകത്തെ തെരക്കൊഴിഞ്ഞ മുറിയിലെ ഒറ്റപ്പെടലിന് കനം കൂടിയപ്പോള്‍ ആ ശബ്ദം! അതായിരുന്നു അവന്‍റെ മനസ്സില്‍ …. മൊബൈല്‍ ഫോണിലെ അഡ്രസ്സ് ബുക്കില്‍ മൂന്നക്ഷരങ്ങളില്‍ ഒളിപ്പിച്ചിരുന്നത് നിസ്സഹായതയെ ആയിരുന്നു. തിരിച്ചെത്താന്‍ ആവാത്ത ലോകത്ത് സുഖമറിഞ്ഞ ഓര്‍മ്മകളുടെ ജീവിക്കുന്ന സാക്ഷ്യപ്പെടുത്തല്‍ … ഇടയ്ക്കെപ്പോഴോ ഓര്‍മ്മകളെ തഴുകിയപ്പോള്‍ മറുതലക്കല്‍ ഫോണ്‍ റിംഗ് ചെയ്തു…. മറുപടിയില്ലാതെ ഫോണ് കട്ടാകുമ്പോള്‍ ഗതകാല സ്മരണകള്‍ ഇളകി മറിഞ്ഞു ……

അവധിക്കാലത്ത് ചേച്ചിക്ക് ഒപ്പമുള്ള ദിവസങ്ങള് ഉണ്ണിക്ക് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങള് ആയിരുന്നു. നീണ്ട മരച്ചാര്‍ത്തുകള്‍ക്ക് അപ്പുറത്തെ മണല്‍പ്പരപ്പില് രണ്ട് ആത്മാക്കള് അന്ന് എന്തൊക്കെയോ സംസാരിച്ചു … വെള്ളാരം കല്ലുകളുടെ തെളിമയില് പുഴ ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ ഒഴുകി…. സുഖമുള്ള സന്ധ്യകളില് പെണ്ണിന്‍റെ ശരീരം തൊട്ടറിഞ്ഞപ്പോള് അവന് മനസ്സിനെ പഠിപ്പിച്ചു ഇതെന്‍റെ ചേച്ചിയാണ്........!

ഋതുകകള് മാറുന്നത് എത്ര വേഗം ആണ്…വലിയൊരു നോട്ടത്തില് ഒരേ ആവര്‍ത്തനം.…പക്ഷെ ഇടയിലെ മാറ്റങ്ങളില് ചെറിയ മനുഷ്യന് വലുതായി മാറുന്നു….ആന്തരികവും ബാഹ്യവും ആയ മാറ്റം….

വിദ്യയുടെ വഴികളില് ഉണ്ണി ബിരുദവും ബിരുദാനന്തര ബിരുദവും പിന്നിടുമ്പോള്‍ കാലചക്രത്തിന് കഥകള്‍ ഏറെ പറയാന്‍ ഉണ്ടായിരുന്നു. കാമക്രോധ ലോഭ മോഹാദികളെ ഒതുക്കാനുള്ള ആത്മതത്വങ്ങളെ മെരുക്കാനുള്ള തത്രപ്പാടില്‍ ആയിരുന്നു അക്കാലങ്ങളില്‍ ….. എല്ലാം ചില വിശ്വാസങ്ങള്‍ … വിദ്യാര്‍ത്ഥി അനുഷ്ടിക്കേണ്ട വിശിഷ്ട ഗുണങ്ങള്‍ .മൂലാധാരത്തില്‍ നിന്ന് സഹസ്രാര പത്മത്തില്‍ തെളിയുന്ന ധ്യാനത്തിന്‍റെ വിവേകം...


വെളിയിലെ ലോകത്ത് കൂടെ നടന്നവര് കുറെ ദൂരം താണ്ടിയിരുന്നു. സുഖമുള്ള ഓര്‍മ്മകളെ പിന്തുടര്‍ന്ന് കൗമാര ലോകത്ത് തിരിച്ചെത്തുന്പോള് ചേച്ചി വിവാഹിത ആയിരുന്നു. കൈപിടിച്ച് നടക്കാന്, കൂടെ ഇരിക്കാന്, തൊട്ടുരുമ്മി ചെറുവിശേഷങ്ങള് പങ്കു വെയ്ക്കാന് ചേച്ചി വീണ്ടും എത്തി… കാലത്തെ നോക്കി ഉണ്ണി ചിരിച്ചു… ഇവിടെ മാറ്റം ഇല്ലാതെ ചിലതുണ്ടെന്ന് കാട്ടിക്കൊടുക്കും പോലെ…..


ഇടവപ്പാതിയിലെ ഈറനണിഞ്ഞ സന്ധ്യയ്ക്ക് മഴയേറ്റ് മരച്ചോട്ടില് ഓടിക്കയറുന്പോള് മിന്നലുകള് ഇരുട്ടിനെ കീറിമുറിയ്ക്കുന്നുണ്ടായിരുന്നു…… സമയം നീങ്ങുന്നത് എത്ര വേഗം ആണ്…കുഗ്രാമത്തിന്‍റെ ഏതോ കോണില് സഞ്ചാര സുഖം അറിയാത്ത നാട്ടു വഴികളില്, പഴംകഥകള് ഏറെ പറയാനുള്ള വടവൃക്ഷച്ചുവട്ടില് ചേച്ചിയോടൊപ്പം ചേര്‍ന്നു നില്ക്കുന്പോള് ഉണ്ണി സ്വപ്നങ്ങളുടെ ലോകത്തായിരുന്നു . അവര്‍ അവരെ മറന്ന ഒരു നിമിഷം മേഘക്കീറുകള് ഭൂമിയെ നോക്കി അലറി….. ഞെട്ടലോടെ മൃദുലതയില് നിന്ന് കൈവലിക്കുന്പോള് അവന് അറിഞ്ഞത് കാലത്തിന്‍റെ മാറ്റം ആണ്.... ഇത് തെറ്റല്ല പ്രകൃതി നിയമം ആണെന്ന് ചേച്ചി ആശ്വസിപ്പിച്ചപ്പോള് ഉണ്ണി ഓര്‍ത്തു പോയത് നീതിസാരത്തിലെ വാക്യമാണ്…. ‘പ്രായത്തില് മുതിര്‍ന്ന സത്രീയുമായ്…..‘ ബൈബിളിലെ വാചകം ആണ് ‘മറ്റൊരുവന്റെ ഭാര്യയെ…..’


താന് വെറുമൊരു പുരുഷനും ചേച്ചി വെറുമൊരു സത്രീയും ആയി മാറിയെന്ന് ഉണ്ണി തിരിച്ചറിഞ്ഞ കാലം…. മുന്പെ നടന്നവര്, കണ്ടറിഞ്ഞവര് പറഞ്ഞു പോയ നീതിസാരങ്ങള്…. ലൈംഗീകോര്‍ജ്ജത്തെ ആത്മീയ ഊര്‍ജ്ജമാക്കി മാറ്റുന്ന തത്വശാസ്ത്രങ്ങള്… വികാരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മഹത്തായ ലക്ഷ്യങ്ങളിലേക്ക് കയറിപ്പോകണം എന്ന ദൃഢനിശ്ചയം… എല്ലാം ഒന്നിനു പിറകെ ഒന്നായി ന്യായങ്ങള്‍ നിരത്തി…. ഒരിക്കല് ആരാധിച്ച ചേച്ചിയെ നിഷേധിക്കാന്… പ്രകൃതി നിയമങ്ങളെ കണ്ടില്ലെന്നു നടിക്കാന് ഉണ്ണിക്ക് വിശ്വാസങ്ങള്‍ ഏറെ ഉണ്ടായിരുന്നു……


വര്‍ഷങ്ങള്ക്കിപ്പുറം പകരാത്ത കാമാഗ്നി ഉള്ളില് നിറഞ്ഞ മറ്റൊരു സന്ധ്യയില് കാലം ഉണ്ണിയോട് പറഞ്ഞു…. വാക്കിനും പ്രവൃത്തിക്കും ഇടയിലെ അന്തരം ആണ് മഹത്വത്തെ നിര്‍ണ്ണയിക്കുന്നതെന്ന്... ഇന്ന് ബുദ്ധപൂര്‍ണ്ണിമ... പക്ഷെ ചേച്ചിയും ഒത്തുള്ള നിമിഷങ്ങള് ഉണ്ണി ഇപ്പോഴും മറന്നിരുന്നില്ല….. മുറിഞ്ഞ ഫോണിന്‍റെ ലോകത്ത് ചേച്ചി ഇപ്പോള് എന്താവും ചെയ്യുക……

തത്വശാസ്ത്രങ്ങളെ വിട…! ശരിതെറ്റുകളെ വിട….! സ്വര്‍ഗ്ഗ നരകങ്ങളെ വിട… ! നന്മ തിന്മകളെ വിട…! ഉണ്ണി അവന്‍റെ മനസ്സിനെ തുറന്നു വിട്ടു..... നാട്ടിലേക്ക്… നഗരങ്ങളിലേക്ക്…. ഓര്‍മ്മകളിലേക്ക്… സ്വപ്നങ്ങളിലേക്ക്….

No comments:

Post a Comment