Pages

Saturday, November 10, 2012

ഒരു കുരുവി പറഞ്ഞ കാര്യം



ഒന്നും പ്രതീക്ഷിക്കാതെ ഒന്നും ചോദിക്കാതെ
തൊടിയിലൊരു ചില്ലയിലിരുന്ന കുരുവി അകലേക്ക് പറന്നു..
അടുത്തിരുന്നപ്പോള്‍ ഒപ്പമെന്നും-
വലിപ്പത്തില്‍ ചെറുതെന്നും കരുതി...
പറന്നകന്നപ്പോ-
 ഉയരങ്ങളിലെ അറിവില്ലായ്മയിലായിരുന്നു എന്റെ ചിന്ത...
വലുതാകുന്തോറും ചെറുതാകുന്ന മനുഷ്യരും-
ഉയരങ്ങളിലുയരുമ്പോഴറിഞ്ഞ നിസ്സാരതയും
നഷ്ടപ്പെട്ട കുട്ടിത്തത്തിന്റെ സുഖവും-
തിരിച്ചെത്താനാകാത്ത ലോകത്തിന്റെ വാതില്‍ തുറന്നു.
മേഘങ്ങളൊടൊപ്പം പാറി കുരുവി എന്നോട് പറഞ്ഞു-
പ്രതീക്ഷകളാണ് ജീവിതത്തിന്റെ കെട്ടെന്ന്...!
ഇരുളടഞ്ഞ ബോധത്തില്‍ ചെറുപ്രകാശം പരന്നപ്പോള്‍ -
കെട്ട് പൊട്ടിയ പട്ടത്തേപ്പോലെ ഞാനും എവിടേക്കോ പറന്നു

Friday, October 26, 2012

What says Shadow Of Death ?



മരണത്തിന്റെ നിഴല് വിരിച്ച് കാലം...
ആദ്യം അറിയാതെ ഭയപ്പെട്ടു !
പിന്നെ അറിഞ്ഞ് ഇഷ്ടപ്പെട്ടു !
ഓരോ ദിവസവും നമ്മെ മരണത്തിലേക്ക് അടുപ്പിക്കുന്നു...
ഉപേക്ഷിക്കാനറിയാത്ത സ്വാര്ത്ഥതക്ക്
മരണം പേടിപ്പെടുത്തുന്നൊരു പ്രതിഭാസം...
ഇന്നിന്റെ ഏറ്റവും വലിയ ശാപത്തെ-
മരണത്തിന്റെ ഓര്മ്മപ്പെടുത്തലിലൂടെ മറികടക്കാം..

നടന്നുതീര്ന്ന വഴികളില് തിരിഞ്ഞുനോക്കാനാവാതെ-
കുറെ പേര് എവിടേക്കോ നടക്കുന്നു....
എന്നാണ് അവനവനില്ലാത്ത ഒരു ലോകമുണ്ടാവുക?
എത്ര നിസ്സാരനാണ് മനുഷ്യരെന്ന നമ്മള്...!
എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ
എന്തൊക്കെയോ മറവിയിലൂടെ വീണ്ടും കാട്ടികൂട്ടുന്നു...
സ്നേഹത്തെ വിട്ട് ഒറ്റയ്ക്കൊരു യാത്രയുടെ-
തുടക്കത്തിലെ ആധി മരണത്തിന്റെ തിരിച്ചറിവിലുമുണ്ടാവും.
സത്യത്തില് മരണത്തിന്റെ മറ്റൊരു മുഖമല്ലേ ഉറക്കം...
എല്ലാം മറന്ന് എല്ലാം ഉപേക്ഷിച്ച് എവിടേക്കോ ഒരു യാത്ര...
ഇന്നുറങ്ങും മുമ്പ് സ്നേഹിച്ചവരുടെ മുഖമെല്ലാം ഓര്ത്തെടുത്തപ്പോള്
മനസ്സിനുള്ളില് നേര്ത്ത വിങ്ങലുകള്.......
തിരിച്ച് നല്കാനാവാത്ത സ്നേഹത്തിന്റെ പട്ടികയിലെത്രയോ മുഖങ്ങള്...
ഉത്തരമില്ലാത്ത ചോദ്യങ്ങളിലെ ആശ്വാസത്തെ ദൈവമെന്ന് വിളിക്കാം..
മരണത്തിന് മുമ്പുള്ള ദിനങ്ങളില് ഇനി-
നമുക്കെല്ലാവരെയും സ്നേഹിക്കാം..
ജാതിയില്ലാതെ മതങ്ങളില്ലാതെ, ദേശമില്ലാതെ കാലമില്ലാതെ-
പ്രായമില്ലാതെ പരിഭവങ്ങളില്ലാതെ-
ഒന്നിനുമല്ലാതെ നമുക്കെല്ലാവരെയും സ്നേഹിക്കാം...
ഓര്ക്കുക മരണത്തിലേക്ക് ഇനി ദൂരമധികമില്ല....!

Friday, October 12, 2012

നിലാവും നിഴലും !


പ്രണയത്തിനിപ്പുറം ഞാനൊരു പൂര്‍ണേന്ദുവെ കണ്ടു...!
ചുറ്റുമിരുട്ടിലാ വെട്ടത്തിന്‍റെ നിറം കണ്ടു.
അരികിലെത്തുവാനായ് അനങ്ങാതിരുന്നു.
നിഴലുവിരിച്ചവര്‍ നിലാവില്‍ നീന്തി...
നിറമില്ലാത്ത നിഴലിലൂടെ രാത്രി പിന്നെയും മാഞ്ഞു !

Saturday, September 29, 2012

കാഴ്ചക്ക് ഒരു കുറിപ്പ്


ലോകത്തെ ഏറ്റവും വലിയ ചിത്രകാരന്‍ തീർക്കുന്ന ചിത്രങ്ങള്‍
അതിലൂടെ ഒഴുകിയെത്തുന്ന സംഗീതം....!
ഇതൊക്കെ കണ്ട് കേട്ട് മനസെന്ന സുന്ദര-
ബോധത്തിലുണരുന്ന മനോഹര വികാരങ്ങള്‍...!
ഒന്നോർത്താൽ എത്ര അത്ഭുതമാണ് ഈ ലോകം... !
സ്നേഹവും പ്രണയവും പോലുള്ള വികാരങ്ങള്‍ ഉള്ളിലും
പുറത്ത് ഓരോ നിമിഷവും മാറുന്ന സംഗീതവും ദൃശ്യങ്ങളും
വിചിത്രതകള്‍ നിറച്ച ഒരു വലിയ കലയാണ്  പ്രകൃതി ...
ഒന്നിനും പിടികൊടുക്കാതെ ഒന്നിനും കാത്തുനില്‍ക്കാതെ-
എല്ലാം മിഴിചിമ്മുന്ന സമയത്തില്‍ കാട്ടിത്തന്ന്
പുതുഭാവപ്പകർച്ചകളാടുന്ന വിചിത്രമായ അത്ഭുതം... !
തിരക്കുകള്‍ക്കിടയില്‍ സുന്ദരമായ കാഴ്ചകളും ശബ്ദങ്ങളും ഒന്നു കേട്ടുനോക്കാം.!

ആത്മാവിന്‍റെ മണം ഒരുപുലർകാല തെളിമ പോലെ ഞാനറിയുന്നു...
എന്നെ അറിയുന്ന എനിക്കുമാത്രമായി ഒന്നും കരുതാത്ത പ്രകൃതിയെ ഞാൻ പ്രണയിക്കുന്നു...
കണ്ണിലൂടയെും കാതിലൂടെയും എന്നില്‍ നിറയുന്ന പ്രകൃതിയെ ഞാന്‍ പ്രണയിക്കുന്നു..
കൃത്രിമത്വമില്ലാതെ ഉള്ളില്‍ തൊട്ടുണർത്തുന്ന-
നിറച്ചാർത്തുകള്‍ പകരുന്ന ദൈവമേ...
പഞ്ചഭൂതങ്ങളുടെ കൂട്ടുകളിലൂടെ ഇതൊക്കെ തീർക്കാന്‍ എത്രനാളെടുത്തു..
ഏഴ് നിറങ്ങളും ഏഴ് സ്വരങ്ങളും തീർത്ത
സുകൃതികളെ തിരിച്ചറിയിച്ച പഞ്ചഭൂതങ്ങളെ എല്ലാറ്റിനും നന്ദി...!
സത്യം ഞാന്‍ പ്രണയിക്കുകയാണ്, എല്ലാം ഉള്‍ക്കൊള്ളുന്ന ഈ പ്രകൃതിയെ....!

Saturday, May 12, 2012

ഭൂതകാലത്തേക്ക് ഒരു വേര്


ഭൂതകാലത്തിലേക്ക് നീളുന്നു വലിയൊരു വേര്....!
ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഇരുണ്ട ഓർമ്മകള്‍..
ഇനിയും ആരും അറിയാത്ത സത്യങ്ങള്‍....
ആത്മാക്കളുടെ കൂട്ടം അലഞ്ഞ് തിരിയുന്ന നാട്....
ഒരിറ്റു വെള്ളം കിട്ടാതെ ജീവനറ്റവര്‍....
തത്വശാസ്ത്രങ്ങളെഴുതിയ പുസ്തക കൂമ്പാരങ്ങള്‍....
കണ്ണടച്ച് പ്രസംഗിക്കുന്ന നവോത്ഥാന നായകന്മാര്‍....
ആർക്കു വേണ്ടിയോ ആര്‍ത്തലയ്ക്കുന്ന ചിന്തകര്‍..
തെളിയാത്ത ബിംബങ്ങൾകൂട്ടിവെയ്ക്കുന്ന സംവിധായകര്‍....
സൗഹൃദങ്ങളെ ഒറ്റുകൊടുക്കുന്ന സഖാക്കന്മാര്‍...
വെളുത്ത കുപ്പായമിട്ട കാട്ടാളന്മാര്‍...
ആത്മീയതയെ മറയാക്കുന്ന കാമ കച്ചവടക്കാര്‍....
സ്വാര്‍ത്ഥത കേന്ദ്രമാക്കുന്ന ബുദ്ധിജീവികള്‍..
കഷ്ടപ്പെടുത്തുന്ന വിദ്യകളുടെ ആലയം...
സ്നേഹം ഇല്ലാത്ത യന്ത്രങ്ങളുടെ ലോകം...
പുറത്ത് പൊങ്ങിനില്‍ക്കുന്ന പുഞ്ചിരികള്‍.....
കാശിന്റെ കനം നോക്കുന്ന രക്തബന്ധങ്ങള്‍...
മനുഷ്യന്റെ മണമറിയാത്ത സുഗന്ധലേപനങ്ങള്‍....
വിയര്‍പ്പിന്റെ ഉപ്പറിയാത്ത രസമുകുളങ്ങള്‍.....
ഭാവിയത്ര നന്നല്ലെന്ന് വര്‍ത്തമാനം...


ഭൂതകാലത്തിലേക്ക് നീളുന്നു വലിയൊരു വേര്....!

Monday, May 7, 2012

ഉറക്കമൊഴിച്ച് നാലാം തൂണില്‍ ഒരൊച്ച്...!

ബുദ്ധിയും വാക്കും നേരിലൂടെ യാത്രക്ക് മടിക്കുന്നു...
ആരെ വിശ്വസിക്കും ആരെ അവിശ്വസിക്കും...
കാലം ഒരുപാട് മാറി. ഞാനും....
നേരിട്ട് കണ്ട കാഴ്ചകളെ നേര്‍രേഖയില്‍ വിശ്വസിക്കാനാവുന്നില്ല...
ഇന്നലെ രാത്രിയിലെ ഒരു മരണം...
ഇന്ന് ആ മരണത്തിന് ജീവന്‍ വച്ചു....
ഇനി വരുന്നു ഒരു തെരഞ്ഞെടുപ്പ്...
അവിടെ പരേതനാവും ഏറ്റവും ജീവനുണ്ടാവുക...
ഇതൊക്കെ ആര്‍ക്ക് വേണ്ടി....?
മനുഷ്യന്‍ മനുഷ്യന് വേണ്ടി മനുഷ്യനാല്‍ ഇല്ലാതാവുന്ന കാലം....
വൃത്തികെട്ട് നാറുന്ന ബോധം...
എല്ലാം ആരൊക്കെയോ വിദഗ്ദമായി തീര്‍ക്കുന്ന തിരക്കഥ....
ഉറക്കമില്ലാത്ത രാത്രിയില്‍ ഞാനെല്ലാം കണ്ടും കേട്ടുമിരുന്നു...
കൃത്യമായി കൂട്ടുകള്‍ ചേര്‍ത്ത് കാഴ്ചക്കാര്‍ക്ക് വിളമ്പി....
ഏറ്റവും ആദ്യം എല്ലാം കൃത്യമായി ഏറെ വൈകിയും കൊടുത്തു...
ഒടുവില്‍ ആദ്യം ഓടിയെത്തിയതിന് പരസ്പരം അഭിനന്ദിച്ചു....
പിന്നെ ഉണര്‍ന്നിരുന്ന് ഉറക്കത്തെ ഓടിച്ചു വിട്ടു...
പ്രഭാതക്കാഴ്ചകള്‍ക്ക് നിറക്കൂട്ടൊരുക്കി വാര്‍ത്താ പാത്രം വെടിപ്പാക്കി...
കുരുതിക്കളത്തിലെ ചോരപ്പാടില്‍ ഞാനൊരു പിടയുന്ന ജീവനെ സങ്കല്‍പ്പിച്ചു...
നഗരങ്ങളെ നിശ്ചലമാക്കാന്‍ ആഹ്വാനങ്ങളെത്തി
എല്ലാം മുകളിലൂടെ കണ്ട് ഞാന്‍ പാര്‍ട്ടിയെ പഴിച്ചു....
മഴത്തുള്ളികള്‍ നനച്ച് വെട്ടം പരന്നു....
വീണ്ടും വാര്‍ത്തകളുടെ ഒരു ദിനം കൂടി...
ഞങ്ങള്‍ വീണ്ടും ഓട്ടം തുടങ്ങി...
അടുത്ത ആളുകളിലേക്ക് ബാറ്റണ്‍ കൈമാറി ഞാനുറങ്ങാന്‍ പോയി...
ഉറക്കക്കുളത്തില്‍ മുങ്ങിക്കയറിയപ്പോള്‍-
മരവിച്ച ചിന്തകള്‍ ഉരുകി തുടങ്ങി...
കഴിഞ്ഞ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു...
തുടര്‍ച്ചകള്‍ കൊടുത്ത് കുറെ ചിന്തിച്ചു....
കൃത്യമായി ദൃശ്യങ്ങള്‍ മനസ്സിലൂടെ മിന്നിമാഞ്ഞു...
അവയെ ചേര്‍ത്ത് ഞാന്‍ പുതിയൊരു ബോധത്തിലെത്തി...
ഇവിടെ ഒരു പാര്‍ട്ടിയെ മാത്രം പഴിച്ചിട്ട് കാര്യമില്ല...
അക്ഷരങ്ങളുടെ ലോകത്ത് ചന്ദ്രശേഖരന്‍ ഒരു രക്തസാക്ഷി....
ഇതൊക്കെ കണ്ട് നാലാംതൂണിലൂടെ ഒരൊച്ചിഴഞ്ഞു...
അകലങ്ങളിലേക്ക് അകന്ന ഒച്ചയില്‍ ഒരു ചോദ്യമുയര്‍ന്നു...
ഈ കാലന് ഉറക്കമില്ലേ.....!

Wednesday, April 11, 2012

ഇരുളും വെളിച്ചവും !


ഒരു ദിവസം സൂര്യന് ഉറക്കമുണര്ന്നില്ല...!
ഇരുട്ടില് എല്ലാവരും പതിവോട്ടം തുടങ്ങി.
ചിലരത് കണ്ടില്ലെന്ന് നടിച്ചു..
എന്നാലും സൂര്യനിത് ചെയ്തല്ലോയെന്ന് ചിലര് പരിഭവിച്ചു !
വൈദ്യുതി കണ്ടുപിടിച്ച ബുദ്ധിജീവികള് മേനി നടിച്ചു.
പിന്നെയും കറങ്ങിയ ഭൂമി ആശ്വാസം പറഞ്ഞു.
അങ്ങനെ ഇരുട്ടൊരു ശീലമായി !
ആളുകള് വെട്ടത്തെ മറന്നു തുടങ്ങി !
അവര് ശരീരത്തെ മറന്നു, ശബ്ദങ്ങളെ അറിഞ്ഞു...
കള്ളമില്ലാതായി, ചതികളില്ലാതായി-
വലിപ്പചെറുപ്പമില്ലാതായി, അധികാരമോഹങ്ങളില്ലാതായി !
അമേരിക്കയും ഇറാനും ഒന്നായി !!
ഇന്ത്യയും പാക്കിസ്ഥാനും ഒന്നായി !!!
അവിടെയും ഇവിടെയും ഇല്ലാതായി !
നാണം മറഞ്ഞു ബോധം തെളിഞ്ഞു !
ഇനി പറയ് വെട്ടം ആര് തെളിയിക്കും !

Sunday, March 4, 2012

അവസാന രാത്രി



സമയം സന്ധ്യയോട് അടുക്കുന്നു... ഒരു മോര്‍ച്ചറിയ്ക്ക് പുറത്ത് കുറെ ആളുകള്‍ കൂടിനില്‍ക്കുന്നു. (അല്‍പം മുമ്പ് മരിച്ച ഒരാളുടെ മൃതശരീരവുമായി വന്ന ബന്ധുക്കളും ആശുപത്രി ജീവനക്കാരുമാണ്). അവിടെ എല്ലാം കണ്ട് നിര്‍വികാരനായി നില്‍ക്കുന്ന മോര്‍ച്ചറി വാച്ച്മാന്‍. കുറെ കാലമായി അയാള്‍ ഈ പണി തുടങ്ങിയിട്ട്. നൂറുകണക്കിന് മൃതശരീരങ്ങള്‍ക്ക് കാവല്‍ നിന്ന ആളാണ്. അധികം താമസിയാതെ തന്നെ എല്ലാവരും മോര്‍ച്ചറി പരിസരത്തു നിന്ന് അപ്രത്യക്ഷമാവുന്നു. (ഗ്രില്ലുകള്‍ വലിഞ്ഞടയുന്ന ശബ്ദം)......
തുടക്കമാണ്.... എല്ലാദിവസത്തേയും പോലെ വാച്മാന്‍ ഇന്നും കാവലിലാണ്... പക്ഷെ അയാള്‍ ഇന്നെന്തോ വളരെ അധികം പരിഭ്രാന്തിയിലാണ്. അരണ്ട വെളിച്ചത്തില്‍ വിയര്‍പ്പു തുള്ളികള്‍ പൊടിച്ച അയാളുടെ മുഖത്ത് ഭയാനക ഭാവം...ഇരിപ്പിടത്തില്‍ നിന്ന് ചുറ്റുപാടും കണ്ണോടിക്കുമ്പോള് എന്തിനെയോ അയാള്‍ തിരയുന്നുണ്ടായിരുന്നു....
രാത്രി കനക്കുമ്പോള്‍ (വാവലുകളുടെ ചിറകടിയും, ചീവീടുകളുടെ നിര്‍ത്താതുള്ള ശബ്ദവും അടുത്തു വരുന്നു) ആരുടെയോ നിലവിളി അവിടെ ഉയര്‍ന്നു കേള്‍ക്കുന്നു. ഒറ്റയ്ക്കിരിക്കുന്ന വാച്മാന്‍ ടോര്‍ച്ചെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് അടിച്ചു നോക്കുന്നു....അവിടെ ചില നിഴലാട്ടങ്ങള്‍ മാത്രം കാണുമ്പോള്‍ എന്തോ ഉറപ്പു വരുത്താനായി അയാള്‍ മോര്‍ച്ചറിയുടെ വാതിലുകള്‍ തുറന്ന് അകത്തേക്ക് കടക്കുന്നു....
ഷട്ടറുകള്‍ തുറന്ന് ഗ്രില്ലുകള്‍ വലിച്ചു നീക്കുമ്പോള്‍ തണുത്തു മരവിച്ച നിശ്ശബ്ദമായ ഉള്‍ഭാഗം ദൃശ്യമാകുന്നു.... ആ മോര്‍ച്ചറിയ്ക്കുള്ളില്‍ കുറെ ശവശരീരങ്ങള്‍ ടേബിളുകളില്‍ നിരന്ന് കിടക്കുന്നു.... വിറയ്ക്കുന്ന പാദങ്ങളോടെ വാച്മാന്‍ ഓരോ ടേബിളുകളിലെയും ശവങ്ങള്‍ പുതപ്പ് മാറ്റി നോക്കുന്നു...അയാള്‍ക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട്...ഇടയ്ക്ക് ചുറ്റുപാടുകളിലും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തുന്നു.....(പുറത്ത് വാച്മാനിരുന്ന കസേര ഒഴിഞ്ഞുകിടക്കുന്നത് ഇടയില്‍ കാണുന്നുണ്ട്)
മോര്‍ച്ചറിയക്കുള്ളിലെ മഞ്ഞിന്റെ വെള്ളപ്പുകയിലൂടെ വാച്മാന്‍ തന്റെ അന്വേഷണം തുടരുകയാണ്...അയാളുടെ മുഖത്ത് വന്യമായ ഭയാനക ഭാവം... എന്തോ ശബ്ദം പുറത്ത് ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ വാച്മാന്‍ ഞെട്ടിത്തരിച്ച് നില്ക്കുന്നു...(പുറത്ത് വാച്മാന്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ ഒരാള്‍ ഇരിക്കുന്നുണ്ട്..അയാളുടെ വലത് കാല്‍പ്പാദത്തിലെ പെരുവിരല്‍ മുറിഞ്ഞുതൂങ്ങിക്കിടക്കുന്നു...അതില്‍ നിന്ന് രക്തം ഇറ്റുവീഴുന്നുണ്ട്. അയാളുടെ വെള്ള തുണിയില്‍ രക്തം പറ്റിപ്പിടിച്ചിട്ടുണ്ട്...)
കുറെ സമയം എന്തിനോ ചെവിയോര്‍ത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തി വാച്മാന്‍ ടേബിളുകളിലെ മൃതശരീരങ്ങളില്‍ പരിശോധന തുടരുന്നു. ഒരു ടേബിളില്‍ ഒഴിഞ്ഞു കിടക്കുന്ന പുതപ്പ് മാത്രം കാണുമ്പോള്‍ അയാള്‍ അവിടേക്ക് എത്തുന്നു.. ആ ടേബിളില്‍ നിന്ന് രക്തം ഇറ്റുവീഴുന്നുണ്ട്. പുതപ്പില്‍ അധികസമയം ആകാത്ത രക്തക്കറകളും.. കാല്‍പാദങ്ങളില്‍ തണുത്ത എന്തോ സ്പര്‍ശിക്കുമ്പോള്‍  വാച്മാന്‍ തന്റെ കൈകൊണ്ട് കാല്‍പാദങ്ങള്‍ തൊട്ടുനോക്കുന്നു.... നേര്‍ത്ത മഞ്ഞവെളിച്ചത്തില്‍ ചുടുരക്തത്തിന്റെ വഴുവഴുപ്പില്‍ അയാള്‍ ഭയചകിതനായി നിലവിളിക്കുന്നു....( വാച്മാന്റെ നിലവിളിയിലൂടെ മറ്റൊരു ദൃശ്യം വ്യക്തമാവുന്നു...ഒരിടത്ത് രണ്ടു പേര്‍ തമ്മില് ജീവന്മരണ പോരാട്ടം. രൂപങ്ങള്‍ വ്യക്തമല്ല.. അവിടെ ഒരാള്‍ കൊല്ലപ്പെടുന്നു.. മരിക്കാത്ത ആള്‍ കൊല്ലപ്പെട്ട ആളിനെ വലിച്ചു കൊണ്ടു പോകുന്നു...)
ഇപ്പോള്‍ ഭയത്തോടെ ശവമില്ലാത്ത ടേബിളിന്റെ അടുക്കല്‍ നിന്നും മോര്‍ച്ചറി വാച്മാന്‍ ഓടുകയാണ്...അയാള്‍ ഓടുന്ന ഇടങ്ങളില്‍ വെള്ളവെളിച്ചം പരക്കുന്നു....ഒരു മനുഷ്യന്റെ അലര്‍ച്ചയുടെ സ്വരത്തില്‍ വെള്ളവെളിച്ചം ഇരുട്ടില്‍ അലിയുന്നു.......!
അടുത്ത ദിവസം പകല്‍ ...രാത്രിയിലെ അതേ മോര്‍ച്ചറി...മോര്‍ച്ചറിക്ക് പുറത്ത് കുറെ ആളുകള്‍..അവര്‍ ഒരു ശവശരീരം ഏറ്റുവാങ്ങാനായി നില്‍ക്കുകയാണ്...ആദ്യ ദൃശ്യങ്ങളില്‍ കണ്ട ആളുകള്‍ തന്നെയാണ്.... സ്ട്രെച്ചറില്‍ ശവശരീരം പുറത്തേക്ക് കൊണ്ടു വരുന്നു.....
ഒരു ശവമഞ്ചലില്‍ വാച്മാന്റെ മൃതശരീരവുമായി കുറേ പേര്‍ നടന്നു നീങ്ങുന്നു...( പശ്ചാത്തലത്തില്‍ സമയമായി രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ഗാനം കേള്‍ക്കാം). മഞ്ചലില്‍ ഇന്നു ഞാന്‍ നാളെ നീ എന്നെഴുതിയിരിക്കുന്നു(ക്ലോസ് അപ്..).
പഴയ മോര്‍ച്ചറിക്ക് പുറത്ത് ആളൊഴിഞ്ഞ ഒരു കസേര കിടക്കുന്നു...അതിന്റെ അധികം ദൂരെയല്ലാതെ ഒരു ചെറു ടോര്‍ച്ചും.....!